
തിരുവനന്തപുരം: ലൈഫ്മിഷന് പദ്ധതി തടസപ്പെടുത്തുന്നുവെന്ന ജെയിംസ് മാത്യുവിന്റെ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ വിശദീകരണം ചോര്‍ന്നതില്‍ നിയമസഭാ സമിതിക്ക് അതൃപ്തി. ഇ.ഡിയുടെ വിശദീകരണം പരിശോധിക്കാനായി നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി നാളെ യോഗം ചേരും. സമിതിക്കു മുമ്പാകെയുള്ള മറ്റുചില പരാതികളും പരിശോധിക്കും. അതിനിടെ, സി.എ.ജിയുടെ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് ഇന്നലെ മന്ത്രി തോമസ് ഐസക്കിനെതിരേ വി.ഡി. സതീശന് അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതു സമിതിയുടെ പരിഗണനയില്‍ വരുമോയെന്നു വ്യക്തമല്ല.
സമിതിയുടെ നോട്ടീസില്‍ ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ നല്കിയ വിശദീകരണം മാധ്യമങ്ങള്‍ക്കു ചോര്‍ന്നതില്‍ എ. പ്രദീപ്കുമാര്‍ അധ്യക്ഷനായ നിയമസഭാസമിതി അതൃപ്തി അറിയിച്ചിട്ടുണ്ട്. നിയമസഭയുടെയോ അതിന്റെ സമിതികളുടേയോ പരിഗണനയ്ക്കു വരേണ്ട വിഷയങ്ങള്‍ ചോരുന്നത് സഭയോടുള്ള അവഹേളനമാണെന്നാണ് അധ്യക്ഷനുള്പ്പെടെയുള്ളവരുടെ നിലപാട്. ഇത് അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. അതുകൊണ്ടുതന്നെ നാളത്തെ യോഗം നിര്‍ണായകമാകും.
കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തുനിന്നുതന്നെ മറുപടി ചോര്‍ന്നെന്നാണു നിഗമനം. എന്നാല്‍, മുന്‍വിധിയോടെയല്ല സമിതി ഇക്കാര്യത്തെ സമീപിക്കുന്നത്. സമിതി അധ്യക്ഷനെന്ന നിലയില്‍, ഇ.ഡിയുടെ മറുപടി ഇതുവരെ കണ്ടിട്ടില്ലെന്നാണ് എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ പറയുന്നത്. നിയമസഭാ സെക്രട്ടേറിയറ്റില്‍ ഇ-മെയിലില്‍ ലഭിച്ച വിശദീകരണക്കുറിപ്പ് കഴിഞ്ഞദിവസം സമിതിയുടെ അനുവാദത്തോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുറന്നു നോക്കിയത്. അതിനു തലേദിവസംതന്നെ മാധ്യമങ്ങളില്‍ അതിലെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ് സഭയോടുള്ള അനാദരവായി വിലയിരുത്തുന്നത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അവകാശമുണ്ടെന്നാണ് ഇ.ഡി നല്കിയ വിശദീകരണത്തിന്റെ അന്തസത്ത. ഇ.ഡിയുടെ മറുപടി സഭാസമിതി തള്ളാനാണു തീരുമാനിക്കുന്നതെങ്കില്‍, ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്കെത്തും. അതേസമയം, ഇക്കാര്യത്തിലും മുന്‍വിധിയോടെയുള്ള സമീപനമല്ല സഭാസമിതിയുടെ ഭാഗത്തുനിന്നുണ്ടാവുക എന്നാണ് സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അനേ്വഷണത്തെ തടസപ്പെടുത്തലല്ല, മറിച്ച് സഭയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമുണ്ടോയെന്നു പരിശോധിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
** ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും
കൊച്ചി: ലൈഫ് മിഷനിലെ കോഴ നല്കാന് ബാങ്കില്‍നിന്ന് ഡോളര്‍ വാങ്ങിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊച്ചി വൈറ്റിലയിലെ സ്വകാര്യ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യംചെയ്യും.
യുണിടാക്ക് എം.ഡി. സന്തോഷ് ഈപ്പനാണ് ബാങ്കില്‍നിന്ന് ഡോളര്‍ വാങ്ങിയത്. യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായ ഖാലിദിനു നല്‍കാനാണു ഡോളര്‍ വാങ്ങിയതെന്ന സന്തോഷ് ഈപ്പന്റെ മൊഴിയിയിലാണ് അന്വേഷണം.






