
കുമളി: സെന്‍സസ് ജോലിക്കിടെ കണ്ടുമുട്ടിയ അംഗപരിമിതയ്‌ക്കു വീല്‍ചെയര്‍ വാങ്ങിനല്‍കി മാതൃകയായി അധ്യാപികമാര്‍. മുരുക്കടി എം.എ.ഐ.എച്ച്.എസ് യു.പി വിഭാഗം ഹിന്ദി അധ്യാപിക സ്‌മിത ആര്‍. നായര്‍, സഹപ്രവര്‍ത്തകയായ മേനക ടീച്ചര്‍ എന്നിവരുടെ കാരുണ്യസ്‌പര്‍ശമാണ് വീട്ടമ്മയായ ബിന്ദു രാഘവനു തുണയായത്. കുമളി പഞ്ചായത്തിലെ കാര്‍ഷിക മേഖലയായ പത്തുമുറി വെളളാരംകുന്ന് പ്രദേശത്തെ സെന്‍സസ് കണക്കെടുപ്പിനിടെസ്‌മിത ടീച്ചര്‍ നിസ്സഹായയായ വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു.
കണക്കെടുപ്പിനു വീടിന്റെ ഉമ്മറത്തെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ 'ഇതാ വരുന്നു'വെന്ന് ഉള്ളില്‍നിന്ന് പ്രതികരണമുണ്ടായെങ്കിലും ഏറെനേരം കഴിഞ്ഞ് അമ്പത് വയസുള്ള ഒരു സ്‌ത്രീ പുറത്തേക്കു വരുന്നതാണു ടീച്ചര്‍ കണ്ടത്. കൊരണ്ടിയില്‍ ഇരുന്നുകൊണ്ടുതന്നെയാണ് ചാരിയിട്ടിരുന്ന കതക് അവര്‍ തുറന്നുകൊടുത്തത്. പിന്നീട് വീടിനകത്തു കടന്ന ടീച്ചര്‍ സെന്‍സസ് കണക്കെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ബിന്ദു രാഘവന്‍ എന്നായിരുന്നു വീട്ടമ്മയുടെ പേര്. വയസ് 50. സഹോദരി ശ്രീകുമാരിയും ഭര്‍ത്താവുമാണ് വീട്ടിലെ മറ്റംഗങ്ങള്‍. ഇരുവരും രാവിലെ കാര്‍ഷികമേഖലയില്‍ കൂലിപ്പണിക്കു പോകും. ഇവര്‍ മടങ്ങിവരുന്നതുവരെ ബിന്ദു വീട്ടില്‍ തനിച്ചാണ്. വര്‍ഷങ്ങളായി ബിന്ദു വീടിനുള്ളില്‍ സഞ്ചരിക്കുന്നത് കൊരണ്ടി വണ്ടിയിലാണ്. മുമ്പ് ഒരു വില്‍ച്ചെയര്‍ എവിടെനിന്നോ ലഭ്യമായിരുന്നു. അതിലെ ഇരിപ്പിടം പാകമല്ലാത്തതിനാല്‍ ബിന്ദു ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. അത് മറ്റൊരു അംഗപരിമിതനു നല്‍കി.ബിന്ദുവിന്റെ കഥകേട്ട് പുറത്തിറങ്ങിയ സ്‌മിത ടീച്ചറുടെ മനസില്‍ ആ കാഴ്‌ച മായാതെ നിന്നു. പിന്നീട് സഹപ്രവര്‍ത്തകയായ മേനക ടീച്ചറുമായി ഇക്കാര്യം പങ്കുവച്ചു. തുടര്‍ന്ന് ബിന്ദുവിനു സഹായഹസ്‌തമാകണമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ബിന്ദുവിന്റ ശരീരഘടനയ്‌ക്കു പാകമാകുന്നതും സ്വയം നിയന്ത്രിച്ച് കൊണ്ടുപോകാവുന്നതുമായ ഇലക്‌ട്രിക് വീല്‍ചെയര്‍ തന്നെ വാങ്ങിനല്‍കാന്‍ ഇവരുറച്ചു. വില അന്വേഷിച്ചപ്പോള്‍ 65,000 രുപ വേണ്ടിവരുമെന്ന് മനസിലായി. ഈ തുക ബജറ്റില്‍ നില്‍ക്കാതെ വന്നപ്പോള്‍ തൊടുപുഴയിലെ മെഡി കാസില്‍ സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായി വിവരം പങ്കുവച്ചു. സഹായഹസ്‌തവുമായി അവരുമെത്തി. പിന്നെ വൈകിയില്ല, മെഡി കാസില്‍ സര്‍ജിക്കല്‍ ഷോപ്പ് ഉടമയായ ഷിഹാബ് ഷംസുദ്ദീന്‍ വീല്‍ച്ചെയര്‍ എത്തിച്ചുനല്‍കി ബിന്ദുവിനു കൈമാറി. റോഡ് നന്നായാല്‍ ബിന്ദുവിന് ഇനി വീടിന് പുറത്തേക്കും വീല്‍ച്ചെയറില്‍ സഞ്ചരിക്കാനാകും.
ജോയി ഇരുമേട






Comments