
തിരുവനന്തപുരം; അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും സൂപ്പര്‍താരം ലയണല്‍ മെസ്സിയേയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് നടന്നതു വന്‍കള്ളക്കളി. കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം കായികവകുപ്പ് മുന്‍മന്ത്രി വി. അബ്‌ദുറഹ്‌മാനും പ്രതിക്കൂട്ടിലേക്ക്.
കത്തിടപാടുകളെല്ലാം നടത്തിയത് അബ്‌ദുറഹ്‌മാന്‍ നേരിട്ടാണെന്നും ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും വിശദാന്വേഷണം ശിപാര്‍ശ ചെയ്‌തുള്ള റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. മുന്‍മന്ത്രിയുടെ യാത്രകളും ഇ-മെയിലുകളും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നാണ് ശിപാര്‍ശ. റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറി. സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയെ തെരഞ്ഞെടുത്തതില്‍ മുന്‍സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ല. സ്‌പോണ്‍സര്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തു. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സുതാര്യതയില്ലായിരുന്നു. അര്‍ജന്റീന ടീം വരുമെന്ന സ്‌പോണ്‍സറുടെ വാഗ്‌ദാനം ആധികാരികരേഖകള്‍ ഒന്നുമില്ലാതെയായിരുന്നെന്നും സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ചട്ടങ്ങള്‍ മറികടന്നുള്ള അതിവേഗനീക്കങ്ങളാണ് സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ നടന്നത്. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കണമെങ്കില്‍ ഫിഫയുടെ അംഗീകാരം നിര്‍ബന്ധമാണ്. എന്നാല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിപോലുമില്ലാതെയാണ് റിപ്പോര്‍ട്ടര്‍ കമ്പനിയും സര്‍ക്കാരും മെസ്സി വരുമെന്നു പ്രഖ്യാപിച്ചത്. ചട്ടങ്ങള്‍ മറികടന്നാണ് സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ കമ്പനിയെ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.






Comments