
തൃശൂര്‍: മാര്‍ക്‌സിസ്‌റ്റ് സൈദ്ധാന്തികനും ശാസ്‌ത്രപ്രചാരകനുമായ എം.പി. പരമേശ്വരന്‍ (91) അന്തരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വികസനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ വ്യത്യസ്‌തമായ പദ്ധതികള്‍ അവതരിപ്പിച്ച് തലമുറകളെ സ്വാധീനിച്ച വ്യക്‌തിത്വമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്‌ക്ക് ഒരുമണിക്ക് തൃശൂര്‍ ശാന്തിഘട്ടില്‍.
ആണവ ശാസ്ര്‌തജ്‌ഞനായി ഔദ്യോഗിക ജീവിതമാരംഭിച്ച എം.പി. പരമേശ്വരന്‍ വൈജ്‌ഞാനിക-സാഹിത്യമേഖലകളിലും കേരള ശാസ്ര്‌തസാഹിത്യ പരിഷത്തിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സി.പി.എം അംഗമായിരുന്ന അദ്ദേഹത്തെ സൈദ്ധാന്തിക വിയോജിപ്പുകളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ശാസ്ര്‌തത്തെ സാങ്കേതിക അറിവായി മാത്രം കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്നതായിരുന്നു എം.പി. പരമേശ്വരന്റെ നിലപാട്. കേരളത്തില്‍ ജനകീയ ശാസ്ര്‌തപ്രസ്‌ഥാനം വളര്‍ത്തുന്നതിലും ശാസ്ര്‌തീയ മനോഭാവം പ്രചരിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. പരിസ്‌ഥിതി വിഷയങ്ങളും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയപഠനങ്ങളും കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്‌തു. 1975-ല്‍ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ സയന്റിസ്‌റ്റ് ജോലി ഉപേക്ഷിച്ചാണ് എം.പി. പരമേശ്വരന്‍ ശാസ്ര്‌തസാഹിത്യ പരിഷത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായത്. ഗ്രാമശാസ്ര്‌തം, വികേന്ദ്രീകരണം, നാടിനു ചേര്‍ന്ന ഇന്റര്‍മീഡിയറ്റ് സാങ്കേതികവിദ്യ തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടുവച്ചു. ഇതിന്റെ ഭാഗമായാണ് പുകയില്ലാത്ത അടുപ്പ് അദ്ദേഹം രൂപകല്‍പ്പന ചെയ്‌തത്. ഭാര്യ: ഭവാനി. മക്കള്‍: അരുണ്‍ (യു.എസ്), ബിപിന്‍ (ദുബായ്).






Comments