
"രാഷ്ട്രീയം സാധ്യതകളുടെ കലയാണ്" -ജര്‍മനിയുടെ ഉരുക്കുമനുഷ്യന് ഓട്ടോ വോണ്‍ ബിസ്മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍. ഒരുപക്ഷേ, ഇന്നിപ്പോള്‍ ഈ വാക്കുകള്‍ ഏറ്റവും കൂടുതല്‍ ഇണങ്ങുക ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനാവും.! നീണ്ട പതിനാലു വര്‍ഷം ബിഹാറിന്റെ മുഖ്യമന്ത്രി പദത്തില്‍. ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിങ്(1946-1961) കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നയാളാണു ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍. കൃത്യമായി പറഞ്ഞാല്‍ 14 വര്‍ഷവും രണ്ടു മാസവും നിതീഷ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു. ഇനി ഏഴാമൂഴം.
തുടക്കം വൈദ്യുതിബോര്‍ഡ് എന്‍ജിനീയറായി. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ആ ജോലി മതിയാക്കി. തുടര്‍ന്നാണു രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. കൈയിലുള്ള സര്‍ക്കാര്‍ ജോലി കളഞ്ഞുകുളിക്കുന്ന കാര്യം ബിഹാറിലാരും ചിന്തിക്കാത്ത കാലത്തായിരുന്നു അത്.
ലാലു പ്രസാദ് യാദവും റാം വിലാസ് പാസ്വാനുമൊക്കെ അന്ന് ജെ.പിയുടെ പ്രസ്ഥാനത്തില്‍ സജീവം. പക്ഷേ, അവരെപ്പോലെയായിരുന്നില്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിന്റെ ജാതകം. തുടക്കത്തില്‍ വിജയം നിതീഷില്‍നിന്ന് അകന്നുനിന്നു.
മൂന്നു പരാജയങ്ങള്‍ക്കൊടുവില്‍ വിജയദേവത കനിഞ്ഞു. 1985-ല്‍ ലോക്ദള്‍ സ്ഥാനാര്‍ഥിയായി ഹര്ണൗട്ടില്നിന്ന് നിയമസഭയിലേക്ക്. ഇന്ദിരാഗാന്ധിയുടെ മരണം ഉണ്ടാക്കിയ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരിയ തെരഞ്ഞെടുപ്പായിരുന്നു അത്. നാലു വര്‍ഷത്തിനുശേഷം ബാര്‍ഹ മണ്ഡലത്തില്‍നിന്നു ലോക്സഭയിലേക്ക്. സരണില്‍ എം.പിയായിരുന്ന ലാലു പ്രസാദ് ബിഹാര്‍ രാഷ്ട്രീയത്തിലേക്കു മാറുന്ന സമയത്തായിരുന്നു അത്. പിന്നീട് ലാലു ബിഹാറിന്റെ രാഷ്ട്രീയചിത്രം മാറ്റിമറിച്ചത് മറ്റൊരു ചരിത്രം. മുഖ്യമന്ത്രി സ്ഥാനാര്ഥിത്വതതിനായി ലാലു പൊരുതിയപ്പോള്‍ ജനതാദളിലെ ശക്തനായ നിതീഷ് കൂടെനിന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു അഴിക്കുള്ളിലായപ്പോള്‍ നിതീഷ് മെല്ലെ അകന്നു. ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമത പാര്‍ട്ടിക്ക് അടിത്തറയിട്ടു. സമത പിന്നീട് ബി.ജെ.പിയുമായി കൈകോര്‍ത്തു. പാര്‍ലമെന്റില്‍ മികവ് തെളിയിച്ച നിതീഷ്, അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ ഏറ്റവും കരുത്തരായ മന്ത്രിമാരിലൊരാളായി. സമത പാര്‍ട്ടി പിന്നീട് ശരദ് യാദവിന്റെ ജനതാദളില്‍ ലയിച്ചു. ജനതാദള്‍ (യു) പിറവി അങ്ങനെയാണ്. ബി.ജെ.പി. സഖ്യത്തില്‍ തുടര്‍ന്നുകൊണ്ടായിരുന്നു ഇത്.
2004-ല്‍ എന്‍.ഡി.എ. തോറ്റപ്പോള്‍ ബിഹാറില്‍ ആര്.ജെ.ഡി.- കോണ്‍ഗ്രസിന്റെ തേരോട്ടമായിരുന്നു. പിന്നീട് സംസ്ഥാനത്തെ കുതിരക്കച്ചവടം ചൂണ്ടിക്കാട്ടി 2005 ഫെബ്രുവരിയില്‍ ഗവര്‍ണര്‍ ഭൂട്ടാ സിങ് നിയമസഭ പിരിച്ചുവിട്ടതാണു നിതീഷിന് ഭാഗ്യമായത്. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എടുത്തുകാട്ടി ഒമ്പതു മാസം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പ് ജെ.ഡി.യു- ബി.ജെ.പി. സഖ്യം തൂത്തുവാരി. അതോടെ ലാലുവിന്റെ ഭരണകാലത്തിനു പര്യവസാനം.ബിഹാറില്‍ കളം അറിഞ്ഞു കളിച്ചതാണു പിന്നീടങ്ങോട്ടുള്ള നിതീഷിന്റെ വിജയങ്ങള്‍ക്കൊക്കെ നിമിത്തം.
ലാലുവിനെ പോലെ ശക്തമായൊരു ജാതി, സാമുദായിക പിന്തുണ തനിക്കില്ലെന്നു തിരിച്ചറിഞ്ഞ നിതീഷ്, ഒ.ബി.സി, ദളിതര്‍, മഹാദളിത് എന്നിവര്‍ക്കിടയില്‍ ചെറു പോക്കറ്റുകള്‍ സൃഷ്ടിച്ചു. യാദവരുടെയും ദുസാധ് (പാസ്വാന്) ദളിത് വിഭാഗത്തിന്റെയും വെറുപ്പ് നേരിട്ട ഈ പിന്നാക്ക വിഭാഗങ്ങളെ കൂട്ടുപിടിച്ചാണു നിതീഷ് ബിഹാര്‍ രാഷ്ട്രീയത്തില്‍ അതികായനായി മാറുന്നത്. സൈക്കിളും സ്കൂള്‍ പെണ്‍കുട്ടികള്‍ക്ക് യൂണിഫോമുമൊക്കെ സൗജന്യമായി നല്കി നിതീഷ് അടിസ്ഥാനവിഭാഗങ്ങളെ കൈയിലെടുത്തു. 2010-ല്‍ വീണ്ടും അധികാരത്തിലേക്ക്. വാജ്പേയി- അദ്വാനി യുഗം കഴിഞ്ഞ സമയം. ഗുജറാത്ത് കലാപങ്ങളുടെ പേരില്‍ നരേന്ദ്ര മോഡിയുമായി നിതീഷ് ബദ്ധശത്രുതയിലുമായി. മതേരത്വം മുറുകെപ്പിടിച്ച്, 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തൊട്ടടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലുമൊക്കെ മോഡി പ്രചാരണത്തിന് എത്തുന്നതിനും നിതീഷ് തടയിട്ടു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി ബി.ജെ.പി. പ്രചാരണ കമ്മിറ്റി തലവനായതോടെ നിതീഷും ജെ.ഡി.യുവും ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞു. പിന്നീട് വിശ്വാസവോട്ടിനെ നേരിട്ടത് കോണ്‍ഗ്രസ് പിന്തുണയോടെ. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ജെ.ഡി.യുവും കോണ്‍ഗ്രസും ആര്.ജെ.ഡിയും ചേര്‍ന്ന മഹാസഖ്യത്തിന്റെ പിറവി. 2017 തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തില്‍. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മഹാസഖ്യത്തില്‍നിന്നു നിതീഷ് തെറ്റിപ്പിരിയുന്നു.
കള്ളപ്പണക്കേസില്‍ പേരുദോഷം കേള്‍പ്പിച്ചതിന്റെ പേരില്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മാറിനില്‍ക്കണമെന്ന ആവശ്യമാണ് അതിനു നിമിത്തമായത്. ആര്.ജെ.ഡി വഴങ്ങാതെ വന്നപ്പോള്‍ മുഖ്യമന്ത്രിപദത്തില്‍നിന്നു നിതീഷിന്റെ രാജി.
24 മണിക്കൂര്‍ എടുത്തില്ല. ബി.ജെ.പി. പിന്തുണയോടെ വീണ്ടും നിതീഷ് അധികാരക്കസേരയില്‍. ഇപ്പോഴിതാ, പഴയ ബദ്ധശത്രു മോഡി പ്രചാരണം കൊഴുപ്പിച്ച തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സഖ്യത്തില്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍. അതും സഖ്യകക്ഷിയായ ബി.ജെ.പിയെക്കാള്‍ സീറ്റെണ്ണത്തില്‍ ബഹുദൂരം പിന്നിലായിട്ടും സര്‍ക്കാരിന്റെ അമരം നിതീഷിന്റെ പക്കല്‍ ഭദ്രം. ഓട്ടോ വോണ്‍ ബിസ്മാര്‍ക്ക് പറഞ്ഞത് അക്ഷരംപ്രതി ശരി. രാഷ്ട്രീയം സാധ്യതകളുടെ കലതന്നെ...
ബിനോയ് തോമസ്





