ആധുനിക ഭൗതികശാസ്‌ത്രത്തിന്റെ പിതാവും നൊബേല്‍ പുരസ്‌കാര ജേതാവുമായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ 1955-ല്‍ മരണസമയത്ത് ഏറ്റവും ദുഃഖിതനായിരുന്നത് മനുഷ്യപുരോഗതിക്കായി താന്‍ വികസിപ്പിച്ചെടുത്ത അണുശക്‌തിയെ ബോംബുനിര്‍മാണത്തിനായി ഉപയോഗിച്ചു എന്നതിനാലാണ്. ആണവശാസ്‌ത്രഞ്‌ജരില്‍ ബഹുഭൂരിപക്ഷവും ഗവേഷണം നടത്തിയത് അണുശക്‌തി മനുഷ്യപുരോഗതിക്കും വികസനത്തിനും ഗുണപ്രദമാക്കുന്നതിനു വേണ്ടിയായിരുന്നു. വൈദ്യുതി ഉത്‌പാദനത്തിനും കൃഷി മെച്ചപ്പെടുത്തുന്നതിനും ക്യാന്‍സര്‍ പോലെയുള്ള മഹാരോഗങ്ങളുടെ ചികിത്സയ്‌ക്കും ഒരുപാട് വികസനസാധ്യതകളാണ് ശാസ്‌ത്രലോകത്ത് ഈ കണ്ടുപിടിത്തങ്ങളിലുടെ സാധ്യമായത്. എന്നാല്‍ ഒരു ന്യൂനപക്ഷം അണുശക്‌തിയെ ആയുധമാക്കി മനുഷ്യന്റെ വിനാശത്തിന് ഉപയോഗിക്കുകയായിരുന്നു.
1933-ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരത്തില്‍ വരുകയും അണുശക്‌തിയെ അണുബോംബ് എന്ന വിനാശകരമായ ആയുധമാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തതോടെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ ജര്‍മന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നു. എന്നാല്‍ ഹിറ്റ്‌ലറെ നേരിടാനെന്ന നിലയില്‍ അമേരിക്കന്‍ ആണവ ശാസ്‌ത്രഞ്‌ജര്‍ വികസിപ്പിച്ചെടുത്ത 'ലിറ്റില്‍ ബോയ്' എന്ന അണുബോംബ് ജപ്പാന്‍ ജനതയ്‌ക്കുമേല്‍ തീമഴയായി പെയ്‌തിറങ്ങുന്നത് പിന്നീട് കണ്ടു. 1945 ഓഗസ്‌റ്റ് ആറിന് ഹിരോഷിമയില്‍ അണുവിസ്‌ഫോടനത്തിന് ഉത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാനും 2025 ജനുവരി 21 ന് നാല്‍പത്തിയേഴാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപും നിരപരാധികളും നിസ്സഹായരുമായ കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും കൊന്നൊടുക്കി മരണത്തിന്റെ വ്യാപാരികളായ ഭരണാധികാരികളായി മാറിയത് ലോകം എക്കാലത്തും സാക്ഷ്യപ്പെടുത്തുന്നു.
ദുരന്തസ്‌മരണകള്‍ ഇരമ്പുന്ന ഹിരോഷിമ ദിനമായ ഓഗസ്‌റ്റ് ആറിന് പുലര്‍ച്ചെ 8.15 നാണ് ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായി ആണുബോബ് സ്‌ഫോടനം നടത്തി സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് ഹിരോഷിമയില്‍ അരങ്ങേറിയത്. അണുസ്‌ഫോടനം നടത്തി നിമിഷങ്ങള്‍ക്കകം ഒരുലക്ഷത്തി നാല്‍പ്പതിനായിരത്തിലധികം മനുഷ്യര്‍ കത്തിക്കരിഞ്ഞു. മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയിലെ സകല ജീവജാലങ്ങളുംവെന്തുവെണ്ണീറായി. തലമുറകളെ ദുരന്തത്തിലാഴ്‌ത്തിയ ഈ കൊടുംക്രൂരതയ്‌ക്കു ശേഷം വിജയഭേരി മുഴക്കി മൂന്നാംദിവസം ഓഗസ്‌റ്റ് ഒന്‍പതിന് രാവിലെ 10.55 ന് ജപ്പാനിലെ മറ്റൊരു നഗരമായ നാഗസാക്കിയില്‍ അമേരിക്ക വീണ്ടും അണുസ്‌ഫോടനം നടത്തി. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അണുബോംബിന്റെ പാര്‍ശ്വഫലങ്ങളായി ലുക്കീമിയ പോലുള്ള ക്യാന്‍സറും മറ്റു മാരകരോഗങ്ങളും ശേഷിച്ച ജപ്പാന്‍ ജനതയെ ഇന്നും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു.
ശാസ്‌ത്രസാങ്കേതിക രംഗങ്ങളില്‍ അത്‌ഭുതാവഹമായ വളര്‍ച്ചയും നേട്ടങ്ങളുമാണ് ഇന്ന് ശാസ്‌ത്രലോകം കൈവരിച്ചിട്ടുള്ളത്. ഹിരോഷിമയില്‍ വര്‍ഷിച്ച 'ലിറ്റില്‍ ബോയ്' എന്ന അണുബോംബിനേക്കാള്‍ എത്രയോ ആയിരം മടങ്ങ് പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബുകളും അണുസംയോജന ബോംബുകളും ലോകത്തിലെ പല രാജ്യങ്ങളുടെയും കൈവശമുണ്ട്. ആയുധക്കച്ചവടമാണ് ലോകത്തിലെ പ്രധാന സാമ്രാജ്യത്വ രാഷ്‌ട്രങ്ങളുടെ ഇന്നത്തെ വരുമാനസ്രോതസ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്പദ്‌ഘടനയുടെ അടിത്തറ ആയുധ ഉത്‌പാദനവും വിറ്റഴിക്കലുമാണ്. ലോകരാഷ്‌ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കുട്ടി തങ്ങളുടെ സൈനികശക്‌തി വര്‍ധിപ്പിക്കാന്‍ രാജ്യങ്ങള്‍ പരസ്‌പരം മത്സരിക്കുന്ന സാഹചര്യം ഉടലെടുക്കും. യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും നിരപരാധികളായ മനുഷ്യര്‍ കൊലചെയ്യപ്പെടുമ്പോഴും അതില്‍ സന്തോഷിക്കുകയും ലാഭം കൊയ്യുകയും ചെയ്യുന്ന സാമ്രാജ്യത്വ രാജ്യങ്ങളെ തിരിച്ചറിയാന്‍ കഴിയണം. ലോകത്ത് ദരിദ്രരാഷ്‌ട്രങ്ങള്‍പോലും അവരുടെ പ്രതിരോധ ബജറ്റില്‍ വന്‍തുകയാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യ ആയുധ ഇറക്കുമതിയില്‍ ലോകത്തെ പല സമ്പന്ന രാഷ്‌ട്രങ്ങളേക്കാള്‍ മുന്‍പിലാണെന്ന് നാം മറന്നുകൂടാ. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുംചെലവാക്കുന്നതിനേക്കാള്‍ അധികം തുക പ്രതിരോധമേഖലയ്‌ക്കു നീക്കിവച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം വിശദീകരിച്ച് ഏറ്റവും അവസാനം 2025 ജൂണ്‍ 24 ന് പ്രതിരോധ മന്ത്രാലയം നല്‍കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കാന്‍ രണ്ടായിരം കോടി രൂപയുടെ പുതിയ 13 കരാറുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ബജറ്റില്‍ നീക്കിവയ്‌ക്കപ്പെട്ട വന്‍തുകയ്‌ക്കു മേലാണ് ഇപ്രകാരമുള്ള തീരുമാനങ്ങള്‍. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളിലെല്ലാം വന്‍ ആയുധ ഇറക്കുമതി കരാറുകളിലാണ് ഇന്ത്യ ഒപ്പിട്ടിട്ടുള്ളത്. ലോക സമാധാനത്തിനും ചേരിചേരായ്‌മയിലും പ്രസിദ്ധമായ ഇന്ത്യ ഇന്ന് ആയുധക്കച്ചവടക്കാരുടെ കൂട്ടാളികളും സഖ്യകക്ഷികളുമായി മാറിക്കഴിഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളും അന്യായമായ യുദ്ധങ്ങളും കൊലപാതകങ്ങളും അരുതെന്നു പറയാന്‍ ഇന്ന് ഇന്ത്യക്കു കഴിയുന്നില്ല. വര്‍ഷങ്ങളായി തുടരുന്ന റഷ്യ-യുൈക്രന്‍ യുദ്ധവും പശ്‌ചിമേഷ്യന്‍ സംഘര്‍ഷങ്ങളും എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളുമായി ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വ രാഷ്‌ട്രങ്ങള്‍ നടത്തിവരുന്ന അതിക്രമങ്ങളും കടന്നുകയറ്റവുമെല്ലാം ലോകത്തെ വീണ്ടുമൊരു ലോകമഹായുദ്ധത്തിന്റെ ആശങ്കയില്‍ എത്തിച്ചിരിക്കുകയാണ്.
യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനപരമായ ഒരു ലോകക്രമം രൂപപ്പെടുത്തുന്നതിനായി രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയെ (യു.എന്‍.ഒ) അപ്രസക്‌തമാക്കി ഇന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ 'ബോര്‍ഡ് ഓഫ് പീസ്' എന്ന പുതിയ രാജ്യാന്തരസംഘടന രൂപീകരിച്ച് മുന്നോട്ടുപോകുന്നു. പലസ്‌തീന്‍ ജനതയ്‌ക്കുനേരേ ഇസ്രയേലിന്റെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും ബെഞ്ചമിന്‍ നെതന്യാഹുവിന് എല്ലാ പിന്തുണയും നല്‍കി കൂടെനില്‍ക്കുന്നവരായി ബോര്‍ഡ് ഓഫ് പീസിലെ രാഷ്‌ട്രങ്ങള്‍ നിലപാടെടുക്കുന്നു.
ഐക്യരാഷ്‌ട്രസഭയുടെ വിലക്കുകള്‍ ലംഘിച്ചാണ് സ്വതന്ത്ര പരമാധികാര രാഷ്‌ട്രങ്ങളില്‍ അതിക്രമിച്ചുകയറി എല്ലാവിധ അന്തരാഷ്‌ട്ര നിയമങ്ങളും ലംഘിച്ച് കൊടുംക്രൂരതകള്‍ അമേരിക്ക നടത്തിയത്. 2026 ജനുവരിയില്‍ വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും കിടപ്പുമുറിയില്‍നിന്നു പിടികൂടി നാടുകടത്തി അമേരിക്കന്‍ തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്നു. 2026 ഫെബ്രുവരി 28 ന് ഇറാന്‍ പരമോന്നത നേതാവ് 86 വയസുള്ള ആയത്തുള്ള അലി ഖമനേയിയെ മിസൈല്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചു. ക്യൂബയ്‌ക്കെതിരേ കടുത്ത സാമ്പത്തിക ഇന്ധന ഉപരോധങ്ങള്‍ തുടരുന്നതിനോടൊപ്പം ക്യൂബയുടെ മുന്‍ പ്രസിഡന്റ് തൊണ്ണൂറ്റിനാലുകാരനായ റൗള്‍ കാസ്‌ട്രോയ്‌ക്കെതിരേ അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍, 1996 ഫെബ്രുവരിയിലെ സംഭവം ചൂണ്ടിക്കാണിച്ച് തികച്ചും വസ്‌തുതാവിരുദ്ധമായ ആരോപണത്തിന്റെ അടിസ്‌ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ക്യൂബക്കെതിരേ ആക്രമണത്തിനു തയ്യാറെടുക്കുന്നു.
ഏറ്റവും ഉഗ്രശേഷിയുള്ള അണുബോംബുകള്‍ ഇന്നു കൈവശമുള്ള അമേരിക്കയും ഇസ്രയേലുമടങ്ങിയ സാമ്രാജ്യത്വ രാജ്യങ്ങള്‍ നടത്തിവരുന്ന അതിക്രമങ്ങളും കടന്നുകയറ്റവും ലോകത്തെ വീണ്ടുമൊരു ഹിരോഷിമദുരന്തം ഓര്‍മിപ്പിക്കുകയാണ്.
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലും ഇസ്രയേലിലും അവരുടെ ഭരണാധികാരികളുടെ യുദ്ധവെറിക്കും അതിക്രമങ്ങള്‍ക്കുമെതിരേ ഉയര്‍ന്നുവരുന്ന വലിയ റാലികളില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളും യുവാക്കളും തെരുവില്‍ വരുന്നുവെന്നത് സമാധാനം ആഗ്രഹിക്കുന്ന സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യതലസ്‌ഥാനത്തുണ്ടായ ജെന്‍സി സമരവിജയം നല്ലൊരു നാളെയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.
അഡ്വ. വി.ബി. ബിനു
(അഖിലേന്ത്യാ സമാധാന
ഐക്യദാര്‍ഢ്യസമിതി(ഐപ്‌സോ)
ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)





Comments