
സര്‍വനാശത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി ഇന്ന് ഹിരോഷിമ ദിനം വീണ്ടും. മൂന്ന് നാള്‍ കഴിഞ്ഞാല്‍ നാഗസാക്കി ദിനം വരും. വര്‍ത്തമാനകാലമാകട്ടെ ആഗോളതലത്തില്‍ യുദ്ധവിരുദ്ധപ്രസ്‌ഥാനങ്ങള്‍ അങ്ങേയറ്റം ദുര്‍ബലമാകുന്ന കാലം കൂടിയാണ്. ശീതയുദ്ധകാലത്ത് ലോകം രണ്ട് ശാക്‌തികചേരികളിലായി പിളര്‍ന്ന് നിന്നിരുന്നത് യുദ്ധഭീഷണിക്ക് കാരണമായിരുന്നുവെന്ന് കരുതുന്ന നിരവധിപേരുണ്ട്. എന്നാല്‍, സോവിയറ്റ് യൂണിയന്‍ തകരുകയും ലോകം മുതലാളിത്തത്തിന്റെ കീഴില്‍ ഏകധ്രുവലോകം നിര്‍മിക്കുകയും ചെയ്‌തിട്ടും യുദ്ധഭീതി ഒഴിയുന്നില്ല. യുദ്ധം മുതലാളിത്ത ലോകക്രമത്തിന്റെ സൃഷ്‌ടിയാണെന്നത് ഇപ്പോള്‍ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഹിരോഷിമയില്‍ ലിറ്റില്‍ ബോയ്, നാഗസാക്കിയില്‍ ഫാറ്റ്‌മാന്‍ എന്നിങ്ങനെയായിരുന്നു ബോംബുകളുടെ പേരുകള്‍. മരണത്തിന്റെ നിറമുള്ള ഫലിതം ഈ പേരുകളില്‍നിന്ന് വായിച്ചെടുക്കാം. 1945 അവസാനമായപ്പോള്‍ അണുബോംബ് മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടരലക്ഷത്തിന് മുകളിലായെന്ന് കണക്കുകള്‍ പറയുന്നു. രണ്ടാം ലോകയുദ്ധം നാഗസാക്കിയില്‍ അവസാനിക്കുമ്പോള്‍ ആകെ 7.2 കോടി പേരുടെ ജീവനെടുത്തിരുന്നു. ഏഴുപതിലേറെ രാജ്യങ്ങള്‍ അതില്‍ പങ്കെടുത്തു. മരണം മാത്രമല്ല യുദ്ധത്തിന്റെ പ്രത്യാഘാതമെന്നും നമുക്കറിയാം. പട്ടിണി, രോഗം, പരിസ്‌ഥിതിനാശം, വിഭവനാശം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകുന്നു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ പിന്നീടുള്ള ജീവിതം ഒട്ടും സന്തോഷകരമേല്ലല്ലാ? അതിജീവിച്ചവരേയും യുദ്ധം എക്കാലത്തും സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.എന്നിട്ടും യുദ്ധം ഇന്നും തുടരുന്നു. 2025ല്‍ മാത്രം 2,45,000 മനുഷ്യജീവനുകള്‍ വിവിധയുദ്ധങ്ങളില്‍ പൊലിഞ്ഞു. യുദ്ധം ഭരണകൂടങ്ങള്‍ തമ്മില്‍ മാത്രമല്ല, ഭരണകൂടവും സിവിലിയന്‍ സംഘടനകളും തമ്മിലുമാവാം. ഇത്തരം അറുപത്തിയഞ്ച് ഏറ്റുമുട്ടലുകളെങ്കിലും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. റഷ്യയും യുൈക്രനും തമ്മില്‍, അമേരിക്കയും ഇറാനും തമ്മില്‍, ഇസ്രയേല്‍ ഗാസയുടെ മേല്‍... അങ്ങനെ പട്ടിക നീളും.
യുദ്ധങ്ങളും കലാപങ്ങളും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. പ്രതിവര്‍ഷം ഒരു ലക്ഷം കുട്ടികളെങ്കിലും ഇക്കാരണത്താല്‍ മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ശാരീരികവും മാനസികവുമായുണ്ടാകുന്ന വിഷമതകള്‍, മതിയായ ശുശ്രൂഷയുടെ ലഭ്യതക്കുറവ്, എന്നിവയൊക്കെ കുട്ടികളുടെ മരണകാരണമാകുന്നു.
യുദ്ധം തുടങ്ങുന്നത് അതിര്‍ത്തികളിലല്ല, മനുഷ്യമനസുകളിലാണെന്ന് യുനെസ്‌കോ ഭരണഘടനയുടെ ആമുഖത്തിലെ പ്രസിദ്ധമായ വാക്യമാണ്. അതുകൊണ്ട് യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങളും അവിടെത്തന്നെ ആരംഭിക്കേണ്ടതുണ്ട്. കുട്ടികളിലും കളിപ്പാട്ടങ്ങളിലും മുതല്‍ യുദ്ധമോഹം ആരംഭിക്കുന്നു എന്നു പറയാം. അതുകൊണ്ട് കളിപ്പാട്ടങ്ങളുടെ മേഖലയില്‍ നിരായുധീകരണത്തിന്റെ സന്ദേശം സാദ്ധ്യമാകുമോ എന്ന അന്വേഷണമാണ് ഈ കുറിപ്പ്.
കുട്ടികളുടെ വ്യക്‌തിത്വവും ലോകവീക്ഷണവും രൂപപ്പെടുത്തുന്നതില്‍ കളിപ്പാട്ടങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ന് ലോകത്തെ കളിപ്പാട്ടവിപണി 11.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഒരു വ്യവസായമാണ്. അതില്‍ യുദ്ധപ്രമേയത്തിലുള്ള കളിപ്പാട്ടങ്ങളുടെ പ്രത്യേകം കണക്ക് ലഭ്യമല്ലെങ്കിലും, സൈനിക കളിപ്പാവകള്‍, പടയാളിരൂപങ്ങള്‍, കളിത്തോക്കുകള്‍, യുദ്ധവാഹനങ്ങളുടെ മാതൃകകള്‍ എന്നിവയൊക്കെ ലോകവ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ഇവ കൂടാതെ യുദ്ധപ്രമേയമുള്ള കഥാപാത്രങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം കളിപ്പാട്ടങ്ങള്‍ വൈരുദ്ധ്യങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരു മാര്‍ഗമായി ഏറ്റുമു ട്ടലുകളെയും അക്രമങ്ങളേയും അംഗീകരിക്കുന്നതിലേക്ക് അതിന്റെ ഉപഭോക്‌താക്കളെ നയിക്കുമെന്ന വിമര്‍ശന മുയരുന്നുണ്ട്. ഇത് മറ്റുള്ളവരോടും മൃഗങ്ങളോടും ആക്രമണാത്‌മകമായി പെരുമാറാനും ശത്രു എന്ന് മുദ്രകുത്തപ്പെട്ട ദേശീയതയില്‍ നിന്നോ വംശത്തില്‍ നിന്നോ മതത്തില്‍ നിന്നോ വരുന്ന എല്ലാവരേയും എതിരാളികളായി അടയാളപ്പെടുത്താനും സൈനികജീവിതം, പോരാട്ടം, യുദ്ധം എന്നിവയെ ആദര്‍ശാത്‌മകമായിക്കാണുന്നതിനും വഴിവയ്‌ക്കുന്നു. കേരളത്തിലടക്കം ആണ്‍കുട്ടികള്‍ക്ക് കാറും തോക്കും പെണ്‍കുട്ടികള്‍ക്ക് പാവയും കളിപ്പാട്ടങ്ങളായി സമ്മാനിക്കുന്നത് അവരുടെ ജീവിതലക്ഷ്യങ്ങളെ വാര്‍പ്പ് മാതൃകകളിലേക്ക് ചുരുക്കിയെടുക്കുന്നത് നാം കാണാറുണ്ടേല്ലാ?
കളിത്തോക്ക് കൈയില്‍ കിട്ടിയതുകൊണ്ട് മാത്രം കുട്ടി ഹിംസയെ പ്രണയിക്കുമെന്ന വാദം ശരിയാവണമെന്നില്ല.എന്നാല്‍, ഹിംസയെ വിനോദമാക്കുകയും യുദ്ധത്തെ വീരകൃത്യമായി അവതരിപ്പിക്കുകയും ചെയ്യുന്ന സംസ്‌കാരം കുട്ടികളുടെ സങ്കല്‍പലോകത്തെ സ്വാധീനിക്കുമെന്ന ആശങ്ക പല വിദ്യാഭ്യാസപ്രവര്‍ത്തകരും പങ്കുവയ്‌ക്കുന്നു. അതുകൊണ്ടാണ് ലെഗോ പോലുള്ള പ്രശസ്‌തമായ കളിപ്പാട്ട നിര്‍മാതാക്കള്‍ ആധുനിക സൈനിക ടാങ്കുകള്‍, എ.കെ. 47 പോലുള്ള തോക്കുകള്‍,എഫ് 16, എഫ് 35 തുടങ്ങിയ യുദ്ധവിമാനങ്ങള്‍ എന്നിവയെ ആസ്‌പദമാക്കിയ കളിപ്പാട്ടങ്ങളുടെ നിര്‍മാണം പൊതുവേ ഒഴിവാക്കുന്നത്. താരയുദ്ധങ്ങള്‍ പോലുള്ള സാങ്കല്‍പിക യുദ്ധലോകങ്ങളെയും ചരിത്രത്തിലെ കോട്ടകള്‍, കടല്‍ക്കൊള്ളക്കാര്‍, മധ്യകാലയോദ്ധാക്കള്‍ തുടങ്ങിയവയെയും ആസ്‌പദമാക്കിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുമ്പോഴും ലോകയുദ്ധങ്ങളില്‍ ഉപയോഗിച്ച ടാങ്കുകളേയും ആധുനിക സൈന്യരൂപങ്ങളെയും അവര്‍ ഒഴിവാക്കുന്നു.
രണ്ടാം ലോകയുദ്ധത്തിനുശേഷം സമാധാന വിദ്യാഭ്യാസം ശക്‌തിപ്പെടുത്തണമെന്ന് യുനെസ്‌കോയും വിദ്യാഭ്യാസപ്രവര്‍ത്തകരും ആവശ്യമുയര്‍ത്തിയിരുന്നു. ബര്‍ട്രാന്‍ഡ് റസ്സലിന്റെ നേതൃത്വത്തില്‍ നടന്ന ആണവ നിരായുധീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളും 1955ലെ റസ്സല്‍-ഐന്‍സ്‌റ്റീന്‍ മാനിഫെസ്‌റ്റോയുമൊക്കെ സമാധാനത്തിനായുള്ള നിരവധി കാമ്പയിനുകള്‍ സൃഷ്‌ടിച്ചു. 1960കളില്‍ വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ അമേരിക്കയിലും യൂറോപ്പിലും യുദ്ധക്കളിപ്പാട്ടങ്ങള്‍ സമാധാനമുണ്ടാക്കുന്നില്ല എന്ന മുദ്രാവാക്യമുയര്‍ന്നതും ഈ മേഖലയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച പ്രവര്‍ത്തനങ്ങളാണ്.
ഇന്ന് യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രസക്‌തിയുണ്ട്. അതുകൊണ്ട് യുദ്ധോപകരണമാതൃകയിലുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുകയെന്ന മുദ്രാവാക്യം ഉയരേണ്ടതുണ്ട്. അതൊരു സാംസ്‌കാരിക പ്രഖ്യാപനമാകണം. അതിനൊപ്പം ശാസ്‌ത്രത്തെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍, കലയും സംഗീതവും വളര്‍ത്തുന്ന ഉപകരണങ്ങള്‍, സഹകരണവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്ന കളികള്‍, പ്രകൃതിയെ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങള്‍ എന്നിവ നല്‍കുന്ന കളിപ്പാട്ടങ്ങള്‍ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും കഴിയണം.
വേദവ്യാസന്‍ മഹാഭാരതം എഴുതിയതെന്തിന് എന്ന ചോദ്യത്തിന് കുട്ടിക്കൃഷ്‌ണമാരാര്‍ പറഞ്ഞ ഉത്തരം 'അത് യുദ്ധത്തിന്റെ നിഷ്‌ഫലത തെളിയിക്കാനാണ'് എന്നായിരുന്നു. യുദ്ധം ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതാണ് വാസ്‌തവം. അതിന്റെ ഒടുവില്‍ ജയിച്ചവരും തോറ്റവരും എന്ന രണ്ട് വിഭാഗം ഉണ്ടാവില്ല, നശിച്ചവര്‍ മാത്രമേ ഉണ്ടാവൂ. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം കുരുക്ഷേത്രയുദ്ധം തന്നെയാണ്. അത് വെറുമൊരു പഴമ്പുരാണമേല്ല എന്ന ചോദ്യം മനസില്‍ വരുന്നുണ്ടെങ്കില്‍ രണ്ടാം ലോകയുദ്ധത്തെ പരിശോധിച്ചാലും ഇതേ നിഗമനത്തില്‍ തന്നെയാവും നാമെത്തുകയെന്നാണുത്തരം.
സമാധാനത്തിന്റെ ലോകം സമ്മേളനശാലകളില്‍ മാത്രമല്ല പിറക്കുന്നത്. അത് കളിസ്‌ഥലങ്ങളിലും, ചെറിയ കുട്ടികളാളെങ്കില്‍ കളിമുറികളിലും, കൂടിയാണ് പിറക്കുന്നത്. അതുകൊണ്ട് ലോകസമാധാനം മുന്‍നിര്‍ത്തിയുള്ള കളിപ്പാട്ടനയത്തിന് രൂപം കൊടുക്കേണ്ടതുണ്ട്. സര്‍ക്കാരുകളും സന്നദ്ധസംഘടനകളും കളിപ്പാട്ട നിര്‍മാതാക്കളുമൊക്കെ ഈ നയരൂപവത്‌ക്കരണത്തില്‍ പങ്കാളികളാകണം.
ജോജി കൂട്ടുമ്മേല്‍
(ലേഖകന്റെ ഫോണ്‍: 9496264186)




Comments