രാജ്യത്തെ പ്രധാന ദേശീയ പരീക്ഷ നടത്തിപ്പിനായി എന്‍.ടി.എ. എന്ന കേന്ദ്ര ഏജന്‍സി നിലവില്‍ വന്നത് 2017ലാണ്. അത് ഒരു സ്വയംഭരണ സ്‌ഥാപനം ആണെന്നാണ് സങ്കല്‍പം. എന്നാല്‍, അതാണ് അവിടെ തെല്ലുമില്ലാത്തതും.
അതിന്റെ ഘടന പരിശോധിച്ചാല്‍ കുഴപ്പങ്ങളിലൂടെയും അഴിമതിയിലൂടെയും ഉള്ള അപഥ സഞ്ചാരത്തില്‍ ചെന്നുപെട്ടതില്‍ അത്‌ഭുതം തോന്നുകയില്ല. ഈ കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനത്തില്‍ 221 ജോലിക്കാര്‍ ഉള്ളതില്‍ 27 പേരാണ് സ്‌ഥിരം ജീവനക്കാര്‍. അവരാകട്ടെ, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് താല്‍പര്യപ്പെട്ടവരെ പെറുക്കിയെടുത്ത് സര്‍ക്കാര്‍ തന്നെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നവരും. അവരുടെ മാതൃസ്‌ഥാപനം വേറെ ഏതോ ആണ്. സര്‍ക്കാര്‍ പ്രീതിയാണ് ഈ നിയമനത്തിന്റെ മാനദണ്ഡം. ബാക്കിയുള്ളവരെല്ലാം കരാര്‍ തൊഴിലാളികളാണ്. ദിവസ വേതനക്കാര്‍ വേറെ. ഇതിന്റെ പിന്നിലും കൃത്യമായ സര്‍ക്കാര്‍ താല്‍പര്യം തെളിഞ്ഞു കാണാം. 25 ലക്ഷം പേര്‍ എഴുതുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയും കോളജ് അധ്യാപക യോഗ്യതാ നിര്‍ണയം, ഗവേഷണ പ്രവേശന മാനദണ്ഡ നിര്‍ണയം പോലുള്ള പരീക്ഷകളും അതേ പ്രാധാന്യമുള്ള മറ്റ് വിവിധ ദേശീയ തലപരീക്ഷകളും നടത്താന്‍ ചുമതലപ്പെട്ട ഒരു സംവിധാനത്തിന്റെ സ്‌ഥിതിയാണ് മേല്‍പ്പറഞ്ഞത്.
അധിക ജോലികള്‍ വരുമ്പോള്‍ അതെല്ലാം ഉദാരമായി പുറം കരാര്‍ കൊടുക്കുകയും ചെയ്യുന്നു. പരീക്ഷകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതില്‍ ഏജന്‍സി പൂര്‍ണ പരാജയമാണെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അനവധിയാണ്. സ്വാധീനിക്കാന്‍ കഴിയുന്ന ശക്‌തികള്‍ക്ക് വേണ്ടി എങ്ങനെയും വളഞ്ഞു കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ ആണ് ഇതിന്റെ ഘടന. പ്രസ്‌തുത ഏജന്‍സിയിലേക്ക് എല്ലാ ദേശീയ പരീക്ഷകളും കേന്ദ്രീകരിക്കുകയും ചെയ്യുന്നു എന്ന് കാണുമ്പോള്‍ ഏജന്‍സിയെ നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്ദേശശുദ്ധിയില്‍ യുവതലമുറയ്‌ക്ക് തെല്ലും വിശ്വാസം വരാത്തതില്‍ അത്‌ഭുതപ്പെടേണ്ടതില്ല. പാറ്റ സമരം എന്നറിയപ്പെട്ട, ന്യുഡല്‍ഹിയെ നിശ്‌ചലമാക്കിയ 49 ദിവസത്തെ സി.ജെ.പിയുടെ ജന്തര്‍മന്ദര്‍ ഉപരോധ സമരത്തിനും സോനം വാങ്ങ്‌ചുക്കിന്റെ 21 ദിവസത്തെ നിരാഹാരത്തിനും ശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചതു ചരിത്രം.
നെറ്റ് പരീക്ഷാ ഫലം
ഏറ്റവും പുതുതായി എന്‍.ടി.എ. നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷാ ഫലം അനന്തമായി നീളുന്നതും പരീക്ഷാര്‍ത്ഥികളെ കടുത്ത ആശങ്കയില്‍ ആഴ്‌ത്തിയിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഉത്തരസൂചിക പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ജൂണ്‍ 30ന് സമാപിച്ച മാനവിക വിഷയങ്ങളുടെ പരീക്ഷയുടെ ഉത്തരസൂചിക ആഴ്‌ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടതാണ്. ഫലപ്രഖ്യാപനം ഒരു മാസത്തിനുള്ളിലും നടത്തേണ്ടതാണ്. ജൂലൈ 17, 18 തീയതികളില്‍ നടന്ന സയന്‍സ് പരീക്ഷയുടെ ഉത്തരസൂചികകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ചോദ്യക്കടലാസിനെ കുറിച്ചുള്ള അനവധി പരാതികളില്‍ ഏറ്റവും ഗുരുതരമായത് ഇംഗ്ലീഷ് പരീക്ഷയുടെതാണ്. 2024ലെ ചോദ്യക്കടലാസില്‍ ഉണ്ടായിരുന്ന 67 ചോദ്യങ്ങള്‍ 2026ല്‍ അതേപടി ആവര്‍ത്തിച്ചിരിക്കുന്നു. അക്ഷര തെറ്റുകള്‍ അനവധി. പുറമേ, സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ ധാരാളം.
ഗ്രന്‌ഥകര്‍ത്താക്കളുടെയും ശാസ്‌ത്ര സാഹിത്യ സാമൂഹിക വിഷയങ്ങളിലെ ആഗോള വ്യക്‌തികളുടെയും പേരുകള്‍ തെറ്റിയിരിക്കുന്നു. സോഷ്യോളജിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന ആരോപണം നിലനില്‍ക്കുന്നു. കൊമേഴ്‌സ്, മന:ശാസ്‌ത്രം, ഭൂവിജ്‌ഞാനം എന്നീ പരീക്ഷകളുടെ കാര്യത്തിലും ആരോപണം ഉയരുന്നുണ്ട് 'ഇതിനൊക്കെ എന്തുകൊണ്ടു് വിശദീകരണം നല്‍കുന്നില്ല?' എന്ന ചോദ്യം വേറെ. പരീക്ഷ റദ്ദാക്കപ്പെടുമോ എന്ന ആശങ്കയിലാണ് ആയിരക്കണക്കിന് പരീക്ഷാര്‍ത്ഥികള്‍.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നികുതി എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുടെയൊപ്പം "ഒരു രാജ്യം ഒരു പരീക്ഷ" എന്ന മുദ്രാവാക്യവും മുഴക്കിയാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി എന്‍.ടി.എ. എന്ന പരീക്ഷാ കേന്ദ്രത്തിലേക്ക് 240 ദേശീയപരീക്ഷകളെ കേന്ദ്രീകരിച്ചിരിക്കുന്നു. രാജ്യത്തെ ചെറുപ്പക്കാരുടെ നിരാശയാണ് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കേണ്ടത്. എന്നാല്‍ ശക്‌തമായ കോച്ചിങ് ലോബിയുടെ സ്വാധീനത്തില്‍നിന്ന് പുറത്തുവരാന്‍ കഴിയുമോ എന്നതാണ് മുഖ്യമായ ചോദ്യം. എന്‍ട്രന്‍സ് ലോബി വിവിധ കേന്ദ്രീകൃത പരീക്ഷകളുടെ പേരില്‍ പ്രതിവര്‍ഷം (2025-2026) സമാഹരിക്കുന്നത് 4.3 ലക്ഷം കോടി രൂപയാണെന്ന് ഒരു കണക്കെടുപ്പില്‍നിന്ന് വ്യക്‌തമാകുന്നു. അനുബന്ധ ചെലവുകള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ക്കുള്ള ചെലവുകള്‍ 58000 കോടിയിലേറെ രൂപ വേറെ.
2021ന് ശേഷമുള്ള നാലുവര്‍ഷങ്ങളില്‍ പരീക്ഷ കേന്ദ്രീകരണം കൊണ്ട് രണ്ടരമടങ്ങായിട്ടാണ് ഈ തുകയുടെ വര്‍ധന ഉണ്ടായിട്ടുള്ളത്. നാലു കോടി കുട്ടികളാണ് പ്രതിവര്‍ഷം വിവിധ പരീക്ഷകള്‍ എഴുതുന്നത്. പ്രതിവര്‍ഷം ഇന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കോച്ചിങ് സെന്ററുകളിലായി നഗരവാസി കുടുംബാംഗങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ 20 മുതല്‍ 40 ശതമാനം വരെയാണ് ചെലവിടുന്നത്.2023-24;ല്‍ കേന്ദ്ര സര്‍ക്കാരിന്, ജി.എസ്.ടി. ഇനത്തില്‍ തന്നെ പിരിഞ്ഞു കിട്ടിയിട്ടുള്ളത് 30653 കോടി രൂപയാണെന്നോര്‍ക്കണം. പിന്നീടുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല രണ്ടര ഇരട്ടി വര്‍ധന ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്.
മറുപുറം
എന്നാല്‍, ഇതിന് കൗതുകകരമായ ഒരു മറുപുറമുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 2026-27 ലെ കണക്ക് പ്രകാരം 83562 കോടി രൂപ മാത്രമാണ്. അതിനാല്‍ ഔപചാരിക വിദ്യാലയ 'ടീച്ചിങ്ങി'നേക്കാള്‍ അഞ്ച് ഇരട്ടി സ്വകാര്യ സാമ്പത്തികം ചെലവിടുന്ന മേഖലയായി 'കോച്ചിങ്' വ്യവസായം ദേശീയതലത്തില്‍ കളംപിടിച്ചിരിക്കുകയാണ്.
കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ സ്‌കൂളുകളുടെ നില പരുങ്ങലിലായിരിക്കുന്നു. സ്‌കൂള്‍ അധ്യാപകര്‍ അപ്രസക്‌തരുമായിരിക്കുന്നു. കോച്ചിങ് ലോബിയുടെ സ്വാധീനം വളരെ വര്‍ധിക്കുകയും അത് സര്‍ക്കാരിന് ജി.എസ്. ടി വിഷയത്തില്‍ ഒരു അധിക ധനാഗമ മാര്‍ഗമായി തീരുകയും ചെയ്‌തിരിക്കുന്നതിനാല്‍ കേന്ദ്രീകൃത പരീക്ഷാ രീതി തുടരാന്‍ സര്‍ക്കാര്‍ ഇഷ്‌ടപ്പെടും. ഈ സാഹചര്യം നിലനിന്നാല്‍ കേന്ദ്രീകൃത പരീക്ഷാ സംവിധാനത്തില്‍നിന്ന് അഴിമതിയും ക്രമക്കേടുകളും തുടച്ചു മാറ്റുക മനുഷ്യസാധ്യമല്ല എന്ന് കാണാം.
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ നിസ്സഹായ ഭൂരിപക്ഷം
ഭൂരിപക്ഷം നഗരവാസികളും ലക്ഷാധിപതികളും മാത്രം മാറ്റുരയ്‌ക്കുന്ന ഇടമായി മാറി കഴിഞ്ഞിരിക്കുന്നു.എന്‍ട്രന്‍സ് പരീക്ഷകള്‍. കനത്ത ഫീസ്‌മുടക്കി, ഒരു ഡസന്‍ തവണ ആവര്‍ത്തന പരീക്ഷ എഴുതാന്‍ അവര്‍ക്ക് കഴിയും. എന്‍ട്രന്‍സ് പരീക്ഷ ഇത്ര തവണ വരെ മാത്രമെ ആവര്‍ത്തിക്കാവൂ എന്ന് ഇതുവരെ നിയമനിബന്ധന ഏര്‍പ്പെടുത്തിയിട്ടുമില്ല നീറ്റ് മെഡിക്കല്‍ പരീക്ഷയിലാണ് ഏറ്റവും വലിയ ദേശീയ കിടമത്സരം നിലനില്‍ക്കുന്നത്. ഇവിടെയൊക്കെ വൈദ്യശാസ്‌ത്ര അഭിരുചിയല്ല പരീക്ഷണ വിധേയമാക്കുന്നത്. ധന വും രാഷ്‌ട്രീയസ്വാധീനവുമാണ് വൈദ്യശാസ്‌ത്രരംഗത്തെ റിക്രൂട്ട്‌മെന്റ് നിര്‍ണയിക്കുന്നത് എന്ന് വരുന്നു. ആരോഗ്യരംഗത്തിന്റെ കാതലായ രോഗാവസ്‌ഥയാണ് ഇത് തുറന്നുകാട്ടുന്നത്.
പ്രവേശനം നേടാന്‍ മാത്രമാണ് ഇപ്പറഞ്ഞ മത്സരം. പഠിച്ചിറങ്ങാന്‍ വേണ്ടത് വീണ്ടും ലക്ഷങ്ങളോ കോടികളോ ആണ്. ബിരുദാനന്തര ബിരുദ പ്രവേശനവും ബിരുദ സമ്പാദനവും വീണ്ടും പണം എറിഞ്ഞുള്ള അടുത്തഘട്ടത്തിലേക്കാണ് വഴി തുറക്കുന്നത് ജന്മസിദ്ധമായ അഭിരുചിയും, കഴിവും ബുദ്ധിശക്‌തിയും ആതുരസേവന സന്നദ്ധതയുമുള്ള ദരിദ്രരായ ഗ്രാമീണരുടെയും പാവപ്പെട്ടവരുടെയും ഇടയില്‍നിന്നുള്ള യഥാര്‍ത്ഥ പ്രതിഭകള്‍ക്ക് എന്‍ട്രന്‍സ് കടമ്പ കടക്കാനുള്ള പണമില്ലാത്തതിനാല്‍ പുറം തള്ളപ്പെടുന്നു എന്ന നില രാജ്യത്തിന്റെ ജനാധിപത്യ ഭാവിയ്‌ക്കു തന്നെ ഭീഷണിയാണ്.ആരോഗ്യപരിപാലന രംഗത്തെ വര്‍ധിച്ചുവരുന്ന രോഗാവസ്‌ഥയിലേക്കാണിതൊക്കെ വിരല്‍ ചൂണ്ടുന്നത്. തുടക്കം വിദ്യാര്‍ഥി തെരഞ്ഞെടുപ്പു ഘട്ടം മുതലാരംഭിക്കുന്നു എന്നു ചുരുക്കം.
ഡോ. ജോര്‍ജ് ജോസഫ് പരുവനാടി






Comments