
മലയാളിയുടെ ജീവിതശൈലിയുടെയും കേരളത്തിന്റെ വളര്‍ച്ചയുടെയും ചരിത്രത്തില്‍ കുടിയേറ്റത്തിനുള്ള സ്‌ഥാനം വളരെ വലുതാണ്. തനിക്കും കുടുംബത്തിനും നാടിനും വേണ്ടി അന്യനാടുകളില്‍ പോയി രക്‌തം വിയര്‍പ്പാക്കുന്ന മലയാളിയുടെ കഠിനാധ്വാനവും വിശ്വസ്‌തതയും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സെക്രട്ടറിയായിരുന്ന എം.ഒ. മത്തായി മുതല്‍ രാജീവ് ഗാന്ധിയുടെ വിശ്വസ്‌തനായ വി. ജോര്‍ജ് വരെയും, വിദേശത്തു വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത എം.എ. യൂസഫലി, രവി പിള്ള, ഗള്‍ഫാര്‍ മുഹമ്മദാലി തുടങ്ങിയ പ്രമുഖരും മലയാളിയുടെ ഈ കഴിവിനും വിശ്വസ്‌തതയ്‌ക്കും തെളിവാണ്.
കേരള മൈഗ്രേഷന്‍ സര്‍വേയുടെ (2023) കണക്കനുസരിച്ച് 22 ലക്ഷം മലയാളികളാണ് വിദേശങ്ങളില്‍ കഴിയുന്നത്. 2018ല്‍ ഇത് 21 ലക്ഷമായിരുന്നു. രാജ്യാന്തര കുടിയേറ്റത്തിലുണ്ടാകുന്ന ഈ സ്‌ഥിരത മലയാളിയുടെ ആഗോള സ്വീകാര്യതയാണ് കാണിക്കുന്നത്. ഇതില്‍ 11.3 ശതമാനവും പഠന ആവശ്യങ്ങള്‍ക്കായി പോകുന്ന വിദ്യാര്‍ഥികളാണ്. 17ാം വയസ്സില്‍ തന്നെ ഉന്നതവിദ്യാഭ്യാസവും തൊഴിലും ലക്ഷ്യമിട്ട് യുവതലമുറ വിദേശത്തേക്ക് കടക്കുന്നു. 2018ല്‍ 129,763 ആയിരുന്ന വിദ്യാര്‍ഥി കുടിയേറ്റം 2023ല്‍ 2,50,000 ആയി കുത്തനെ ഉയര്‍ന്നു. ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഇവരിലേറെയും പോകുന്നത്. കേരളത്തിലെ അഞ്ചില്‍ രണ്ടു വീടുകളിലും ഇന്ന് വിദേശ കുടിയേറ്റക്കാരുണ്ട്. വീടുകള്‍ പൂട്ടി കുടുംബത്തോടെ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയും വര്‍ധിച്ചുവരുന്നു. 2023ലെ റിപ്പോര്‍ട്ട് പ്രകാരം 4.2 ലക്ഷം കുടുംബങ്ങളാണ് ഇങ്ങനെ കേരളം വിട്ടത്. ഒരു കുടുംബത്തില്‍നിന്ന് മറ്റുള്ളവരെക്കൂടി കൊണ്ടുപോകുന്ന രീതി മലയാളികള്‍ക്കിടയില്‍ പൊതുവെ കാണാം.
ലോകമെമ്പാടുമുള്ള 50 ലക്ഷം വരുന്ന പ്രവാസി മലയാളി സമൂഹത്തില്‍ 30 ലക്ഷത്തോളം പേര്‍ ഇന്ത്യയ്‌ക്കകത്ത് മറ്റു സംസ്‌ഥാനങ്ങളില്‍ ജീവിക്കുന്നവരാണ്. കേരളത്തില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്;കുറവ് ഇടുക്കിയിലും. ഇടുക്കി, വയനാട് തുടങ്ങിയ കാര്‍ഷിക മേഖലകളില്‍നിന്നുള്ള കുടിയേറ്റം കുറവാണെന്നത്, അനുയോജ്യമായ തൊഴില്‍ ലഭിച്ചാല്‍ നാടുവിട്ടു പോകാന്‍ മലയാളി ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.
മതപരമായ കണക്കുകളില്‍ 41.9 ശതമാനം മുസ്ലിം വിഭാഗവും 35.2 ശതമാനം ഹൈന്ദവ വിഭാഗവും 22.3 ശതമാനം ൈക്രസ്‌തവ വിഭാഗവുമാണ് കുടിയേറ്റക്കാരായുള്ളത്. നഴ്‌സിങ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ൈക്രസ്‌തവ സാന്നിധ്യം കൂടുതലാണ്.
മുന്‍കാലങ്ങളില്‍ ജി.സി.സി (ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യു.എ.ഇയിലേക്ക് ആയിരുന്നെങ്കില്‍ ഇന്ന് കുടിയേറ്റത്തിന്റെ ദിശ മാറിയിട്ടുണ്ട്. ജി.സി.സി. ഇതര രാജ്യങ്ങളിലേക്കുള്ള യാത്ര 2018ല്‍ 15.8 ശതമായിരുന്നത് 2023ല്‍ 19.1 ശതമാനമായി ഉയര്‍ന്നു. യൂറോപ്പും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളുമാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവരില്‍ ഡിഗ്രിയുള്ള സ്‌ത്രീകളുടെ അനുപാതം 71.5 ശതമാനവും പുരുഷന്മാരുടേത് 34.7 ശതമാനവുമാണ്.
അതേസമയം, തിരികെ എത്തുന്ന പ്രവാസികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2018ല്‍ 12 ലക്ഷം ആയിരുന്നത് 2023ല്‍ 18 ലക്ഷമായി. ഗള്‍ഫില്‍നിന്ന് തിരികെ പോരുന്നവരുടെ എണ്ണം മാത്രം 36 ശതമാനമായി ഉയര്‍ന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി, ആരോഗ്യ പ്രശ്‌നങ്ങള്‍, കണിശമായ കുടിയേറ്റ നിയമങ്ങള്‍, അനുയോജ്യമായ ജോലിയുടെ അഭാവം എന്നിവയാണ് പ്രധാന കാരണങ്ങള്‍. തിരിച്ചെത്തുന്നവര്‍ക്ക് നാട്ടില്‍ മെച്ചപ്പെട്ട വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനാകാത്തതും വിദേശങ്ങളിലെ തൊഴില്‍ നിയമങ്ങളിലെ കടുത്ത വ്യവസ്‌ഥകളും ഇവര്‍ക്ക് വലിയ വെല്ലുവിളിയാണ്.
എങ്കിലും, പ്രവാസി മലയാളി നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കുടുംബങ്ങളിലേക്ക് അയക്കുന്ന തുക 2018ലെ 96,185 രൂപയില്‍നിന്ന് 2023ല്‍ 2,23,729 രൂപയായി വര്‍ധിച്ചു. ഇന്ത്യയിലെ ആകെ എന്‍.ആര്‍.ഐ. നിക്ഷേപത്തിന്റെ 21 ശതമാനവും മലയാളികളുടേതാണ്. സംസ്‌ഥാന റവന്യൂ വരുമാനത്തേക്കാള്‍ 1.7 ശതമാനം അധികമാണ് ഈ വിദേശ നിക്ഷേപം. സാമുദായികാടിസ്‌ഥാനത്തില്‍ നോക്കുമ്പോള്‍ ഇതില്‍ മുസ്ലിം വിഭാഗം 40.1 ശതമാനവും ഹിന്ദു വിഭാഗം 39.1 ശതമാനവും ക്രിസ്‌ത്യന്‍ വിഭാഗം 20.8 ശതമാനവും പങ്കുവഹിക്കുന്നു. ഇതില്‍ കൊല്ലം ജില്ലയാണ് എന്‍.ആര്‍.ഐ. നിക്ഷേപത്തില്‍ മലപ്പുറത്തെ മറികടന്ന് മുന്നിലെത്തിയത്. പ്രവാസി നിക്ഷേപത്തിന്റെ 73.3 ശതമാനവും ദിനംപ്രതിയുള്ള കുടുംബ ചെലവുകള്‍ക്കും, 15.8 ശതമാനം വീടും കടകളും നവീകരിക്കുന്നതിനും, 14 ശതമാനം കടബാധ്യതകള്‍ തീര്‍ക്കുന്നതിനും, 10 ശതമാനം വിദ്യാഭ്യാസത്തിനുമാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയ്‌ക്കകത്ത് കുടിയേറിയ മലയാളികളും ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 'രണ്ടു മലയാളി കൂടിയാല്‍ രണ്ട് അസോസിയേഷന്‍' എന്ന തമാശ നിലനില്‍ക്കുമ്പോഴും, ഇത്തരം കൂട്ടായ്‌മകളാണ് നാട്ടിലും മറുനാട്ടിലും കഴിയുന്ന മലയാളിക്ക് പലപ്പോഴും വലിയ ആശ്വാസമാകുന്നത്.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പുതിയ ദിശാബോധം നല്‍കാന്‍ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പഠിച്ച് അവരുടെ നിക്ഷേപങ്ങള്‍ നാടിന്റെ വികസനത്തിനായി കൃത്യമായി വിനിയോഗിക്കാനുള്ള അനുയോജ്യമായ രാഷ്‌ട്രീയസാമൂഹിക അന്തരീക്ഷം ഒരുക്കുകയാണ് പുതിയ ഭരണാധികാരികള്‍ ഇനി ചെയ്യേണ്ടത്.
(വിവരങ്ങള്‍ തിരുവനന്തപുരം സി.ഡി.എസില്‍
നിന്നും നോര്‍ക്കയില്‍നിന്നുമാണ്
ശേഖരിച്ചിട്ടുള്ളത്.)




Comments