
പാറ്റ്ന: ബീഹാറില്‍ വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ബന്ധുക്കള്‍ ഇരയുടെ സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണം. പ്രധാന പ്രതിയുടെ അമ്മാവന് സ്കൂളിലോ ട്യൂഷനോ പോകുമ്പോള്‍ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കിയതായി പറഞ്ഞിരിക്കുന്നത് ഇരയുടെ ഇളയ സഹോദരിയാണ്. സംഭവത്തില്‍ പോലീസ് വലിയ രീതിയില്‍ നിഷ്ക്രിയത്വം കാട്ടിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിയും പട്ടാപ്പകല്‍ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. ഒക്ടോബര്‍ അവസാനം നടന്ന അക്രമത്തില്‍ നവംബര്‍ ആദ്യം മരണം സംഭവിക്കുകയും ചെയ്തു. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടികള്‍ എടുക്കാന്‍ കൂട്ടാക്കാതിരുന്ന പോലീസ് സമ്മര്‍ദ്ദം കൂടിയപ്പോള്‍ പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനപ്രതി സതീഷ് റായി അടക്കം മുന്ന് പേര് ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതും തടഞ്ഞപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതും. ബീഹാറിലെ വൈശാലി ജില്ലയിലെ ദേസാരി ബ്ളോക്കില്‍ റസല്‍പൂര്‍ ഹബീബ് ഗ്രാമത്തില്‍ പട്ടാപ്പകലായിരുന്നു എല്ലാം നടന്നത്്. മൂന്ന് മാസം കഴിയുമ്പോള്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍മീഡിയേറ്റിന് പഠിക്കുന്ന 20 കാരിയായിരുന്നു ഇര. പ്രതികളുടെ പേര് പെണ്‍കുട്ടി തന്നെ മരണമൊഴിയായി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വീട്ടിലെ ചപ്പുചവറുകള്‍ കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയോട് സതീഷ്കുമാര്‍ റായി, വിജയ് റായി, ചന്ദന്‍കുമാര്‍ എന്നിവര്‍ മോശമായി പെരുമാറുകയായിരുന്നു എന്ന് യുവതി പറഞ്ഞു. '' ശല്യം ചെയ്തപ്പോള്‍ അമ്മയോട് പറഞ്ഞു കൊടുക്കുമെന്ന പറഞ്ഞു. ഉടന്‍ സതീഷ് പോക്കറ്റില്‍ നിന്നും ഒരു മണ്ണെണ്ണക്കുപ്പി പുറത്തെടുക്കുകയും എന്റെ ശരീരത്തിലേക്ക് ഒഴിച്ചു. അതിന് ശേഷം തീപ്പെട്ടിയെടുത്ത് ഉരച്ചു തീ കൊളുത്തി. ഞാന്‍ അലറി വിളിക്കാന്‍ തുടങ്ങി. അവിടെ ഉണ്ടായിരുന്നവര്‍ ഉടന്‍ കൂട്ടംകൂടിയതോടെ പ്രതികള്‍ രക്ഷപ്പെട്ടു.'' യുവതിയുടെ മരണമൊഴി ഇങ്ങിനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ന്ന് യുവതിയെ ഉടന്‍ തന്നെ അടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പാറ്റ്ന മെഡിക്കല്‍ കോളേജിലേക്കു വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. നവംബര്‍ 1 നായിരുന്നു പെണ്‍കുട്ടി മരിച്ചത്. ഒക്ടോബര്‍ 30 ന് ഇര ദേസ്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും രണ്ടു ദിവസം കഴിഞ്ഞാണ് കേസെടുത്തത് തന്നെ. സംഭവം നടന്നു കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞിട്ടും കേസില്‍ അന്വേഷണം നടത്താതിരുന്ന ബീഹാര്‍ പോലീസ് ഇരയുടെ വീട്ടുകാര്‍ കേസെടുക്കാനും പ്രതിയെ പിടിക്കാനും ആവശ്യപ്പെട്ട് സ്റ്റേഷനില്‍ കയറിയിറങ്ങുമ്പോള്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ്് ചെയ്തില്ലെങ്കില്‍ തങ്ങള്‍ പിടിച്ചുകൊണ്ടുവരാം എന്നു പറഞ്ഞപ്പോള്‍ അങ്ങിനെ ചെയ്താല്‍ ഇരയുടെ കുടുംബത്തിനെതിരേ കേസെടുക്കുമെന്നായിരുന്നു പോലീസിന്റെ മറുപടി.
നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നിങ്ങള്‍ തന്നെ പ്രതികളെ പിടിച്ചുതരാന്‍ ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടിയുടെ ഇളയസഹോദരിയും പറഞ്ഞു. പ്രതികള്‍ സമയാസമയങ്ങളിലെല്ലാം സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസിനെ സമ്മര്‍ദ്ദപ്പെടുത്തുകയും ചെയ്തതായി കുടുംബം പറഞ്ഞു. ഞായറാഴ്ച രാത്രി യുവതി മരണമടഞ്ഞതിന് പിന്നാലെ കുടുംബം ട്വിറ്ററിലും ഫേസ്ബുക്കിലും ഉള്‍പ്പെടെ പോലീസിനെതിരേ പ്രചരണം ശക്തമാക്കിയ ശേഷമാണ് പോലീസ് നടപടിയെടുക്കാന്‍ കൂട്ടാക്കിയത്. ഇതോടെ വൈശാലി പോലീസ് പ്രതികളില്‍ ഒരാളായ ചന്ദന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. അതേസമയം പ്രതികളുടെ വീടുകളില്‍ നിരന്തരം റെയ്ഡ് നടത്തിയാണ് ചന്ദന്‍കുമാറിനെ പിടികൂടിയതെന്ന് പോലീസ് പറയുന്നു.
രണ്ടു വര്‍ഷം മുമ്പാണ് ഇരയുടെ പിതാവ് മരണമടഞ്ഞത്. പാറ്റ്നയില്‍ തയ്യക്കാരിയായ മാതാവാണ് കുടുംബം പോറ്റുന്നത്. ഇരയുടെ രണ്ടു സഹോദരന്മാരും മാതാവിനൊപ്പം ജോലി ചെയ്യുന്നു. ലോക്ഡൗണ്‍ തുടങ്ങിയതോടെ മാതാവ് തയ്യല്കടയില് പോകുന്നത് നിര്‍ത്തിയിരുന്നു. അതിന് ശേഷം ഇവര്‍ ഗ്രാമത്തിലേക്ക് മടങ്ങിവന്നു. കുറേ ദിവസം മുമ്പാണ് മാതാവ് വീണ്ടും ജോലി ആരംഭിച്ചത്. ഇതോടെ രാവിലെ പാറ്റ്നയിലേക്ക് പോകുന്ന ഇവര്‍ രാത്രിയാണ് തിരിച്ചെത്തുന്നത്. പഠിക്കാന്‍ മിടുക്കിയായ യുവതി വിവാഹശേഷവും പഠിപ്പ് തുടരാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ രണ്ടു മൂന്നു മാസമായി സതീഷ് പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു.
നിര്‍ബ്ബന്ധിച്ച് വിവാഹം കഴിക്കാനുള്ള നീക്കവും സതീഷ് റായി നടത്തിയെന്നാണ് ഇരയുടെ സഹോദരി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. സതീഷിനെതിരേ മാതാവിനോടും മറ്റ് കുടുംബാംഗങ്ങളോടും യുവതി പറയുകയും മാതാവ് സതീഷ് റായിയുടെ വീട്ടില്‍ ചെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സതീഷിന്റെ അമ്മാവന് ഇരയുടെ ഇളയ സഹോദരിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. സ്കൂളിലോ ട്യൂഷനോ ഒക്കൊ പോകുമ്പോള്‍ തട്ടിക്കൊണ്ടു പോകുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പ്രശ്നത്തിലായ ഇരയുടെ കുടുംബത്തെ സഹായിച്ചിരുന്നത് കിരണ്‍ യാദവ് എന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി ഒരു ബന്ധവുമില്ല.






