
കോവിഡ് നില തെറ്റിച്ചതിനെ തുടര്‍ന്ന് ഐസിസി കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. കോവിഡ് കളി തടസ്സപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പോയിന്റിന്റെ ശരാശരി എടുക്കാനുള്ള ഐസിസി ലോക ടെസ്റ്റ ചാംപ്യന്‍ഷിപ്പില്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക വീഴ്ത്തിയത്.
പോയിന്റില്‍ ഇതുവരെ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത് എന്നാല്‍ പുതിയ നിയമം അനുസരിച്ച് ഓസ്ട്രേലിയ ഒന്നാമതെത്തി. മൂന്ന് പരമ്പരകളില്‍ നിന്നും 296 പോയിന്റാണ് ഓസ്ട്രേലിയയ്ക്കുള്ളത്. ഇന്ത്യയ്ക്ക് നാലു പരമ്പരകളില്‍ നിന്നും 360 പോയിന്റും. എന്നാല്‍ പോയിന്റിന്റെ ശരാശരി നോക്കിയപ്പോള്‍ ഇന്ത്യ രണ്ടാമത് ആയി പോകുകയായിരുന്നു. ഇന്ത്യയ്ക്ക് ഓസ്ട്രേലിയയേക്കാള്‍ 64 പോയിന്റുകളും വിജയവും കൂടുതലുണ്ട്. എന്നാല്‍ കളിച്ച മത്സരം, തോറ്റ മത്സരം, സമനിലയിലായ മത്സരം എന്നിവയെല്ലം വേര്‍തിരിച്ചതോടെ ഓസ്ട്രേലിയയ്ക്ക് 0.822 ആയി പോയിന്റ് ശതമാനം. അവര്‍ ഒന്നാമത് എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് 0.750 ശതമാനമാണ് പോയിന്റു കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ഇംഗഌണ്ടിന് 0.608 ആണ് പോയിന്റിന്റെ ശരാശരി. 0.500 ശരാശരി വന്ന ന്യൂസിലന്റ് നാലാമതുമായി. 0.395 പോയിന്റുമായി പാകിസ്താനാണ് അഞ്ചാമത്. അനില്‍ കുംബ്ളേ അദ്ധ്യക്ഷനായ ഐസിസിയുടെ ക്രിക്കറ്റ് സമിതിയാണ് മാറ്റം നിര്‍ദേശിച്ചിട്ടുള്ളത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ പകുതിയോളം മത്സരങ്ങളാണ് ഉപേക്ഷിക്കേണ്ടി വന്നത്. അത് മത്സരജാലകത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ 85 ശതമാനമായിട്ട് ഉയര്‍ന്നിരിക്കുകയുമാണ്. പൂര്‍ത്തിയാകാത്ത മത്സരങ്ങളുടെ പോയിന്റ് പകുത്തു നല്‍കും. കളിച്ച മത്സരങ്ങള്‍ അടിസ്ഥഭാനപ്പെടുത്തിയായിരിക്കും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഡിസംബര്‍ 17 ന് അഡലെയ്ഡില്‍ തുടങ്ങുന്ന മത്സരത്തോടെ ഇന്ത്യാ - ഓസ്ട്രേലിയ നാലു ടെസ്റ്റ് മത്സരങ്ങളുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങും. ഈ ഫലമായിരിക്കും ടേബിളിലെ ഒന്നാമന്മാരെ നിശ്ചയിക്കുക.
നിലവിലെ പട്ടികയില്‍ ഓസ്ട്രേലിയ മൂന്ന് പരമ്പര കളിച്ചതില്‍ 10 മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ ജയിക്കുകയും ഒരു മത്സരം സമനിലയിലാകുകയും രണ്ടു കളി തോല്‍ക്കുകയും ചെയ്തു. ഇന്ത്യ നാലു പരമ്പര കളിച്ചതില്‍ 9 മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഏഴെണ്ണം ജയിച്ചപ്പോള്‍ രണ്ടെണ്ണം തോറ്റു. ഉപേക്ഷിക്കപ്പെട്ട മത്സരങ്ങളില്‍ ഇരു ടീമിനും പോയിന്റുകള്‍ നല്കിയാലും കളിച്ച മത്സരങ്ങളുടെ എണ്ണം വെ്ച്ചായിരിക്കും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക എന്നതാണ് ഐസിസി പറയുന്നത്.




