
ഉത്തരേന്ത്യയിലെ ''റിസോര്‍ട്ട്'' രാഷ്ട്രീയ മോഡല്‍ കണ്ണൂരിലെ തദ്ദേശതെരഞ്ഞെടുപ്പിലും! പാര്‍ട്ടി ഗ്രാമങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ധൈര്യം കാട്ടിയ എതിര് സ്ഥാനാര്‍ഥികളും പിന്താങ്ങിയവരുമാണു ''ഭവിഷ്യത്ത്'' ഭയന്ന് ഒളിവില്‍ കഴിയുന്നത്. പാര്‍ട്ടിക്കോട്ടകളില്‍ കഷ്ടപ്പെട്ട് സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുടെ തടികേടാകാതിരിക്കാന്‍ പ്രതിപക്ഷകക്ഷി നേതൃത്വങ്ങള്‍തന്നെ മുന്‍കൈയെടുത്ത് ചിലരെ അജ്ഞാതകേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.
''ഒറിജിനല്‍'' സ്ഥാനാര്‍ഥിയെത്തന്നെ കണ്ടെത്താന്‍ പ്രതിപക്ഷകക്ഷികള്‍ വിയര്‍ക്കുന്നതിനാല്‍ മിക്കയിടത്തും ഡമ്മി സ്ഥാനാര്ഥികളുണ്ടാകാറേയില്ല. കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനാണു പ്രധാനമായും ഈ ദുര്യോഗം. സി.പി.എം. കോട്ടകളിലെ സ്ഥാനാര്‍ഥികളെയാണു കോണ്‍ഗ്രസ് നേതൃത്വം ഇങ്ങനെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. വനിതാസ്ഥാനാര്ഥികളുടെ കാര്യത്തിലാണു കൂടുതല്‍ മുന്‍കരുതല്‍. പിന്താങ്ങിയവര്‍ പിന്‍വലിഞ്ഞാലും സ്ഥാനാര്‍ഥിക്ക് അയോഗ്യതയാകും. സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കാനും സാധ്യതയേറെ.
പഞ്ചായത്ത്, നഗരസഭകളില്‍ ഏതു വാര്‍ഡിലുള്ളവര്‍ക്കും എവിടെയും മത്സരിക്കാം. എന്നാല്‍, വാര്‍ഡിലെ ഒരു വോട്ടര്‍ പിന്താങ്ങണം. സ്ഥാനാര്‍ഥിയാകാന്‍ ആളെക്കിട്ടിയായലും 'പിന്താങ്ങി'കളെ കിട്ടാനാണു പാട്. പാര്‍ട്ടിക്കോട്ടകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് നേതൃത്വങ്ങള്‍ക്ക് അഭിമാനപ്രശ്മാണെന്നതും സ്ഥിതി വഷളാക്കുന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാനുള്ള ആദ്യസമ്മര്ദം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉപയോഗിച്ചാണ്. ഫലിച്ചില്ലെങ്കില്‍ ഭീഷണി.
83 വെട്ടേറ്റ് നുറുങ്ങിയ സ്ഥാനാര്‍ഥി
പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിരില്ലാത്ത വിജയം ആഘോഷിക്കുന്ന സൈബര്‍ സഖാക്കള്‍ക്കു കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ ജഗദീപന്റെ ചിത്രങ്ങളുമായി യു.ഡി.എഫിന്റെ മറുപടി. 83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മൊകേരി പഞ്ചായത്ത് 14-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജഗദീപന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. ബന്ധുക്കളും കോണ്‍ഗ്രസും പ്രവര്‍ത്തകരും ചേര്‍ന്ന് എടുത്താണ് മുകള്‍നിലയിലുള്ള പഞ്ചായത്ത് ഓഫീസില്‍ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയെ എത്തിച്ചത്.
2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൊകേരി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മത്സരിച്ച ജഗദീപന്‍ സി.പി.എമ്മിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാനൂര്‍ കൂരാറ ചക്യത്തുമുക്കില്‍ അദ്ദേഹത്തിനു നേരേ വധശ്രമമുണ്ടായി. തെരഞ്ഞെടുപ്പില്‍ തോറ്റ ജഗദീപന്റെ ശാരീരികാവസ്ഥയെ പരിഹസിച്ച് ആഹ്ലാദപ്രകടനവും അരങ്ങേറി. ഇതിനെതിരേ ജഗദീപന്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു.
എതിരില്ലാതെ ആന്തൂരും മലപ്പട്ടവും
ചുവപ്പുനാടയില്‍ കുരുങ്ങി പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനവ്യാപകമായി പ്രചാരണവിഷയമാക്കുമ്പോഴും ആന്തൂരില്‍ സ്ഥാനാര്ഥിയെക്കിട്ടാത്ത ദുര്യോഗത്തില് പ്രതിപക്ഷം. സംസ്ഥാനത്തു പ്രതിപക്ഷമില്ലാത്ത ഏകനഗരസഭയാണ് ആന്തൂര്‍. കഴിഞ്ഞതവണ എതിര്സ്ഥാനാര്ഥികളില്ലാത്തതിനാല് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പിനു മുമ്പേ ജയമുറപ്പിച്ചു. പിന്നീട് ഈ നഗരസഭ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്രദ്ധാകേന്ദ്രമായി.
അതിനാല്‍ ഇത്തവണ മുഴുവന്‍ വാര്‍ഡിലും സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ യു.ഡി.എഫ്. കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആന്തൂരില്‍ പത്രിക നല്കിയ ചിലരുടെ സ്ഥാനാര്‍ഥിത്വം തള്ളപ്പെടുമെന്നാണു സൂചന. പിന്താങ്ങികളില് ചിലര്‍ പിന്തുണ പിന്‍വലിച്ചതായി എഴുതിക്കൊടുത്തതിനെ തുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ വരണാധികാരിയാകും അന്തിമതീരുമാനമെടുക്കുക. എതിരില്ലാതെ ജയിക്കാന്‍ സ്വന്തം ഡമ്മി സ്ഥാനാര്‍ഥികളെയും പിന്‍വലിക്കേണ്ടതുണ്ട്.
സംസ്ഥാനത്തു സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ പാര്‍ട്ടി ഗ്രാമങ്ങളാണ് ആന്തൂര്‍ നഗരസഭാപരിധിയിലെ മുഴുവന്‍ പ്രദേശങ്ങളും. വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്.എസ്.എസ്. നേതാവ് വിശ്വനും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി. ദാസനും കൊല്ലപ്പെട്ടത് ഇവിടെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്തൂരില്‍ മത്സരിച്ചതിനു പിന്നാലെയാണു ദാസന് കൊല്ലപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലാണ് ഇക്കുറി എല്‍.ഡി.എഫിന് എതിര്സ്ഥാനാര്ഥികളില്ലാത്തത്. 2005-ല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും എല്‍.ഡി.എഫ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ദേശീയശ്രദ്ധ നേടിയ പഞ്ചായത്താണ് മലപ്പട്ടം.
നായ്ക്കുരണയും കരി ഓയിലും
നായ്ക്കുരണപ്പൊടി ആക്രമണം മുന്നില്‍ക്കണ്ട്, ചൊറിച്ചിലിന്റെ കാഠിന്യം കുറയ്ക്കാന്‍ അലര്‍ജി ഗുളിക കഴിച്ചാണു പല സ്ഥാനാര്‍ഥികളും കണ്ണൂരില്‍ പ്രചാരണത്തിനിറങ്ങുന്നത്. രണ്ടാംഘട്ടത്തില്‍ കരി ഓയില്‍ പ്രയോഗമാണ്. എതിരാളികളുടെ വീട്ടുകിണറുകളില്‍ മാലിന്യം തള്ളുന്നതും പതിവ്.






