
ബോളിവുഡ് താരം നീന ഗുപ്തയുടെ മകളും ഡിസൈനറും നടിയുമായ മസാബ ഗുപ്തയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നീന ഗുപ്തയ്ക്ക് മുന്‍കാമുകനും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരവുമായ വിവിയന്‍ റിച്ചാര്‍ഡ്സില്‍ ഉണ്ടായ മകളാണ് മസാബ. നിറത്തിന്റെ പേരില്‍ പല തരത്തിലുള്ള മാറ്റി നിര്‍ത്തലുകള്‍ താന്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് മസാബ തുറന്നു പറഞ്ഞിരിക്കുന്നത്.
സ്കൂള്‍ സമയത്ത് താന്‍ അനുഭവിച്ച അവഗണനയെ കുറിച്ചും മസാബ തുറന്നു പറഞ്ഞു. '' എന്തിനെക്കുറിച്ചു സംസാരിക്കുമ്പോഴും എന്റെ ഇരുണ്ട നിറത്തെക്കുറിച്ച് പറയുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. എന്ത് വസ്ത്രം ധരിക്കണമെന്നോ ഏതു വിഷയം പഠിക്കണമെന്നോ ഏതു കായിക വിനോദത്തില്‍ പങ്കെടുക്കണമെന്നോ ഒക്കെ ചോദിച്ചാല്‍ നിറത്തെക്കുറിച്ച് തുടങ്ങിയാവും സുഹൃത്തിന്റെ മറുപടി. ഇവയേക്കാളെല്ലാമുപരി അച്ഛന്റെയും അമ്മയുടെയും ബന്ധത്തെച്ചൊല്ലിയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
പ്രണയത്തിലായിരുന്ന എന്റെ മാതാപിതാക്കള്‍ വിവാഹിതരാകാതിരുന്നതും അതില്‍ പിറന്ന മകളായതിനാല്‍ അവരുടെ ബന്ധത്തെ ചോദ്യം ചെയ്തുമായിരുന്നു വിമര്‍ശനങ്ങള്‍. കുട്ടിക്കാലത്ത് അച്ഛനില്ലാത്തവള്‍ എന്ന പദം ധാരാളം കേട്ടിട്ടുണ്ട്. അന്നൊന്നും അവര്‍ പറയുന്നത് എന്താണെന്ന് മനസ്സിലായിരുന്നില്ല. അമ്മയോട് അതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു പുസ്തകത്തിലൂടെ അതേക്കുറിച്ചു പറഞ്ഞു തരികയും ഇനിയും ഇവ നേരിടാന്‍ തയ്യാറാകണമെന്നും പറഞ്ഞു.'' -മസാബ പറയുന്നു.






