
മലയാളസിനിമയിലെ വര്‍ഷങ്ങളായി നിറഞ്ഞു നില്ക്കുന്ന ഇതിഹാസ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരുടെ സിനിമകള്‍ ഒരേ സമയം തിയേറ്ററുകളിലെത്തുന്നത് ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അപ്പോള്‍പ്പിന്നെ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചൊരു സിനിമയിലെത്തിയാലുള്ള കാര്യം പിന്നെ പറയണോ. നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ‘പേട്രിയറ്റ്’. ഈ സിനിമയുടെ ഓരോ അപ്ഡേഷനുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ മോഹൻലാലുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തങ്ങൾക്കിടയിലെ സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കിയാണ് മമ്മൂട്ടി സംസാരിച്ചത്.
‘‘ആദ്യ ദിവസം എന്റെ കൂടെയുണ്ടായിരുന്നത് എന്റെ മാനേജറല്ല, ലാലിന്റെ മാനേജറായിരുന്നു. കാരണം എന്റെ മാനേജർ ശ്രീലങ്കയിൽ ലാലിന്റെ കാര്യങ്ങൾ നോക്കുകയായിരുന്നു. അങ്ങനെയൊക്കെയാണ് ഞങ്ങളുടെ രീതി...’’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ എന്തെങ്കിലും മാറ്റം തോന്നിയോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി ആദ്യം മറുപടി പറഞ്ഞത്. ‘‘ഷൂട്ടിംഗ് വളരെ സാധാരണമായിരുന്നു, പ്രത്യേകിച്ചൊന്നുമില്ല. ശ്രീലങ്കയിലായിരുന്നു ആദ്യ ഷോട്ട്. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ ആ ഒരു താളമുണ്ട്. ഞങ്ങളുടെ തോളിൽ ഒരിക്കലും സൂപ്പർതാര പദവി ഭാരമായി ഉണ്ടായിരുന്നില്ല. ഞങ്ങൾ സാധാരണ മനുഷ്യരാണ്, സുഹൃത്തുക്കളാണ്, ഒരുപക്ഷേ അതിനേക്കാൾ അടുത്ത ബന്ധമുള്ളവരാണ്. അവൻ വരുന്നു, ഞാൻ വരുന്നു, എനിക്ക് അത് വേണം, അവന് ഇത് വേണം എന്നിങ്ങനെയുള്ള വാശികളൊന്നും ഞങ്ങളുടെ ഇടയിലില്ല...
ലാൽ വളരെ സ്പോണ്ടേനിയസ് ആയ നടനാണ്. ആ നിമിഷത്തിൽ ജീവിക്കുന്ന നടൻ. അഭിനയം എന്നത് ബോധപൂർവ്വമായ ഒന്നാണ്. അഭിനയം അഭിനയമാണ്, അതൊരു ശാസ്ത്രമാണെന്ന് എനിക്ക് പറയാനാകില്ല. ഓരോ നടനും അവരുടേതായ രീതികളുണ്ട്. എനിക്ക് പ്രത്യേക മെത്തേഡുകൾ ഒന്നുമില്ല. എന്റെ സിനിമകളാണ് എന്റെ രീതി. ക്യാമറ ഓൺ ആകുമ്പോൾ ബിപി കൂടും, കട്ട് പറയുമ്പോൾ അത് താഴുകയും ചെയ്യും...’’ മമ്മൂട്ടി പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ ഒരു സ്പൈ ആക്ഷൻ ഡ്രാമയാണ്. സർവീസിൽ നിന്നും വിരമിച്ച ഒരു ജാഗ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഒരു ചാരക്കേസിൽ അന്യായമായി പ്രതി ചേർക്കപ്പെടുന്ന തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന രഹസ്യ നീക്കങ്ങളും അതിൽ മോഹൻലാലിന്റെ കഥാപാത്രം പങ്കുചേരുന്നതുമാണ് സിനിമയുടെ പ്രമേയം. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, രേവതി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സുഷിൻ ശ്യാം ആണ് സിനിമയുടെ സംഗീതം. ഏപ്രിൽ 23-നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ യുദ്ധത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ റിലീസ് ഇപ്പോൾ മെയ് 1- ലേക്ക് മാറ്റിയിരിക്കുകയാണ്.






