
കേരളം മുഴുവന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വോട്ടവകാശം രേഖപ്പെടുത്താന്‍ സെലിബ്രിറ്റികളെല്ലാം പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ തങ്ങളുടെ ഭാഗം കൃത്യമായി ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് തിരക്കുകളെല്ലാം മാറ്റി വച്ച് പലരും പോളിംഗ് ബൂത്തിലേക്ക് എത്തിയത്. മോഹന്‍ലാലും പൃഥ്വിരാജുമടക്കം നിരവധി താരങ്ങളാണ് അതിരാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയത്. താരജാഡകളൊന്നുമില്ലാതെ ക്യൂ നിന്നായിരുന്നു ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഇപ്പോഴിതാ വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ എത്തിയെന്ന് കുറിക്കുകയാണ് മോഹന്‍ലാല്‍. സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ കാര്‍ സെല്‍ഫി പങ്കിട്ടാണ് മോഹന്‍ലാല്‍ വോട്ടവകാശം രേഖപ്പെടുത്തിയെന്ന് ആരാധകരെ അറിയിച്ചത്.
‘‘എന്റെ കടമ ഞാന്‍ ചെയ്തു....ഇനി നിങ്ങളുടെ ഊഴം, കേരളമേ, വോട്ട് ചെയ്യൂ...’’ എന്നാണ് വോട്ട് ചെയ്ത ശേഷമുള്ള ചിത്രം പങ്കിട്ട് മോഹന്‍ലാല്‍ കുറിച്ചത്. പറഞ്ഞത് വോട്ടിനെക്കുറിച്ചാണെങ്കിലും ചര്‍ച്ചയായത് താരത്തിന്റെ ലുക്കും, വാച്ചുമൊക്കെയായിരുന്നു. തിരുവനന്തപുരം മുടവൻമുകള്‍ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് താരം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തില്‍ അര മണിക്കൂറോളം ക്യൂവില്‍ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാല്‍ വോട്ടു രേഖപ്പെടുത്തിയത്. സ്ഥാനാർത്ഥികളായ കെ.എസ്. ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു.
മുടവന്‍മുകളിലെ ബൂത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ പ്രതികരണം തേടിയവരോട് ദി ഈ്‌സ് ഇറ്റ് എന്ന് പറഞ്ഞ് വോട്ട് ചെയ്തതിന് കൈയ്യിലെ അടയാളം മോഹന്‍ലാല്‍ കാണിക്കുകയും ചെയ്തു. സീക്രട്ട് ബാലറ്റാണെന്നും പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ വീഡിയോ വൈറലായി മാറിയത്. എന്നാല്‍ ‘സീനിയര്‍ സിറ്റിസണല്ലേ, പിന്നെന്തിനാണ് അദ്ദേഹത്തെ ക്യൂവില്‍ നിര്‍ത്തിയത്. അദ്ദേഹത്തെയൊന്നും ക്യൂ നിര്‍ത്തേണ്ട കാര്യമില്ല....’ എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ചില പ്രതികരണങ്ങള്‍. .
‘എത്ര വലിയ ആളാണെങ്കിലും വോട്ട് ചെയ്യാന്‍ വന്നാല്‍ എല്ലാവരും ഒരുപോലെയാണ്. ക്യൂ നിന്നേ മതിയാവൂ. ജനാധിപത്യ മര്യാദ പാലിക്കാന്‍ അദ്ദേഹവും ബാധ്യസ്ഥനാണ്. സീനിയര്‍ സിറ്റിസണ്‍ എന്ന് പറഞ്ഞ് ആരും ക്യൂ നില്‍ക്കുന്നില്ലേ, അദ്ദേഹത്തിന് യാതൊരുവിധ കുഴപ്പവുമില്ലല്ലോ, പിന്നെ നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നത്...’ എന്ന് കുറിച്ചവരും കുറവല്ല.
‘ആ വിരലില്‍ പുരണ്ടിരിക്കുന്നത് യഥാര്‍ത്ഥ മഷിയാണെന്ന് വിശ്വസിച്ചോട്ടെ, രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാമായി അടുപ്പമുണ്ട് അദ്ദേഹത്തിന്. സ്വന്തം നിലപാട് അദ്ദേഹം പറയാതെ തന്നെ മനസിലാക്കിയതാണ് മറ്റുള്ളവര്‍...’ എന്ന് കുറിച്ചവരുമുണ്ട്.






