
മലയാളികള്‍ക്ക് പൊട്ടിച്ചിരികളുടെ പൊടിപൂരം വാരിക്കോരി നല്കിയ ചിത്രമായിരുന്നു ‘ഈ പറക്കും തളിക’. അന്നുമിന്നും മലയാളികൾക്ക് എത്രകണ്ടാലും മതിവരാത്ത ചിത്രമാണിത്. താഹയുടെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രത്തില്‍ ദിലീപും ഹരിശ്രീ അശോകനും സലിം കുമാറും കൊച്ചിൻ ഹനീഫയുമെല്ലാം തകർത്ത് അഭിനയിച്ചാണ് ചിരിയുടെ മാലപടക്കം ഒരുക്കിയത്.
ഈ സിനിമയിലെ താമരാക്ഷൻ പിള്ള ബസും ഉണ്ണിയും സുന്ദരനും കോശിയും വീരപ്പൻ കുറുപ്പുമെല്ലാം ഇന്നും സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സിനിമയിലെ കോമഡി രംഗങ്ങളും ഡയലോഗുകളും എല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും കാണാപാഠമാണ്.
ഇപ്പോഴിതാ താമരാക്ഷൻ പിള്ളയുടെ ബസ് റെസ്റ്റോറന്റാക്കി മാറ്റുന്ന ഒരു പുത്തന്‍ എഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. താമരാക്ഷൻപിള്ള ബസ് സഞ്ചരിക്കുന്ന ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്’ ആക്കാനാണ് ആഗ്രഹമെന്ന് ചിത്രത്തിൽ ഉണ്ണികൃഷ്ണൻ പറയുന്നുണ്ട്. ഇതിനായി ബാങ്കിൽ നിന്നു ലോണെടുക്കുന്നതും റെസ്റ്റോറന്റാക്കി മാറ്റാന്‍ ഉണ്ണിയും സുന്ദരനും അശ്രാന്ത പരിശ്രമം നടത്തുന്നതും ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ചാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആഗ്രഹം ഉണ്ണിയും സുന്ദരനും നിറവേറ്റിയിരിക്കുന്നതാണ് എഐ വീഡിയോയില്‍ കാണുന്നത്. താമരാക്ഷൻപിള്ള ബസ് റസ്റ്റോറന്റായി മാറിയിരിക്കുന്നതും ഉണ്ണിയും ബസന്തിയും അതിന്റെ മേല്‍നോട്ടം വഹിക്കുന്നതും വീഡിയോയില്‍ കാണാം. പാചകത്തിന്റെ മേല്‍നോട്ടം സുന്ദരനും ഷെഫായി കോശിയുമൊക്കെ വീഡിയോയിലുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ വീരപ്പന് കുറുപ്പ് റെസ്റ്റോറന്റില്‍ എത്തുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുന്ദരന്റെ എതിരാളിയായ എലിയെയും വീഡിയോയില്‍ കാണാം. ദിലീപിനെയും ഹരിശ്രീ അശോകനെയും നിത്യദാസിനെയും കൊച്ചിൻ ഹനീഫയും എല്ലാം വീഡിയോയിൽ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
‘കാണാ കഥകള്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷെയര്‍ ചെയ്ത ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ‘‘ഈ പറക്കുംതളിക 2.0... ഉണ്ണിയും സുന്ദരനും ബസന്തിയും വീണ്ടും ഒന്നിച്ച ആ മാന്ത്രിക നിമിഷം... കാലം മാറിയാലും താമരാക്ഷൻ പിള്ളയുടെ ഗമ മാറില്ല...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ഈ പറക്കും തളിക. 2001 ൽ റിലീസ് ചെയ്ത സിനിമ തമിഴ്, കന്നട അടക്കം നിരവധി ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. തന്റെ അച്ഛനായ താമരാക്ഷൻ പിള്ളയുടെ മരണത്തിൽ നഷ്ടപരിഹാരമായി ലഭിച്ച പഴയ ബസുമായുള്ള മകൻ ഉണ്ണികൃഷ്ണന്റെ യാത്രയായിരുന്നു ഈ ചിത്രത്തിന്റെ ഇതിവൃത്തം. നിത്യ ദാസ് ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഈ പറക്കും തളിക. ഗോവിന്ദ്, മഹേഷ് മിത്ര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് വി.ആര്. ഗോപാലകൃഷ്ണന് ആണ്.






