
കാസര്‍ഗോഡ്: സുപ്രീംകോടതി നിര്‍ദേശപ്രകാരം പെരിയ ഇരട്ടക്കൊലക്കേസിന്റ അന്വേഷണരേഖകള്‍ ക്രൈംബ്രാഞ്ച് സി.ബി.ഐക്കു െകെമാറി. കേസ് സി.ബി.ഐക്കു കൈമാറിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണു നടപടി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളുടെ ഹര്‍ജിയില്‍ സി.ബി.ഐ. അന്വേഷണത്തിനെതിരേ നിലപാടെടുത്ത സംസ്ഥാനസര്‍ക്കാരിനും സുപ്രീം കോടതി വിധി തിരിച്ചടിയായിരുന്നു.
ഡി.െവെ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘം ഉടന്‍ പെരിയയിലെത്തും. പോലീസ് അന്വേഷണത്തിലെ പഴുതുകളടച്ച് കുറ്റപത്രം തയാറാക്കാന്‍ സി.ബി.ഐക്കു കടമ്പകള്‍ ഏറെയുണ്ട്. സി.ബി.ഐ അന്വേഷണത്തിനെതിരേ പൊതുഖജനാവില്‍നിന്ന് ഒരുകോടിയോളം രൂപ ചെലവിട്ട് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തിയ വാദങ്ങളെല്ലാം തള്ളപ്പെട്ടിരുന്നു. ഹൈക്കോടതി സിംഗിള്‍ബെഞ്ചും ഡിവിഷന്‍ബെഞ്ചും ഉത്തരവിട്ടിട്ടും കേസ് ഡയറി സി.ബി.ഐക്കു െകെമാറാന്‍ പോലീസ് തയാറായിരുന്നില്ല.
കേസ് ഡയറി ആവശ്യപ്പെട്ട് ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാലുതവണയാണു സി.ബി.ഐ. കത്ത് നല്‍കിയത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ വാദം. െഹെക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കു പിന്നാലെതന്നെ കേസില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. അന്വേഷണത്തിനുള്ള തടസം സുപ്രീം കോടതി നീക്കിയതോടെ ആരോപണവിധേയരായ സി.പി.എം. നേതാക്കളെയടക്കം സി.ബി.ഐ. ചോദ്യംചെയ്യാന്‍ വിളിപ്പിക്കും. എന്നാല്‍, തെളിവുശേഖരണമാണു സി.ബി.ഐക്കു മുന്നിലെ പ്രധാന വെല്ലുവിളി.
2019 ഫെബ്രുവരി 17-നു രാത്രിയാണു കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സി.പി.എം. ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപ്, മണി എന്നിവരെ പ്രതികളാക്കി 1000 പേജുള്ള കുറ്റപത്രമാണു ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്. 229 സാക്ഷികളുടെയും 12 വാഹനങ്ങള്‍ ഉള്‍പ്പെടെ 125-ല്‍ ഏറെ തൊണ്ടിമുതലുകളുടെയും വിവരങ്ങള്‍, അമ്പതിലേറെ രേഖകള്‍ തുടങ്ങിയവവയും ഹാജരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പഴുത് നല്‍കുന്നതാണു കുറ്റപത്രമെന്നും ചൂണ്ടിക്കാട്ടിയാണു സി.ബി.ഐ. അന്വേഷണത്തിനായി കൊല്ലപ്പെട്ടവരുടെ കുടുംബം നിയമപോരാട്ടം നടത്തിയത്.
ഇരട്ടക്കൊലപാതകം നടന്ന് ഒരുവര്‍ഷവും 10 മാസവും കഴിഞ്ഞാണു സി.ബി.ഐ. രംഗത്തെത്തുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണു കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആരോപണം. സംശയിക്കുന്ന മുപ്പതിലധികം പേരുടെ ഫോണ്‍ നമ്പറുകള്‍ ഇരകളുടെ കുടുംബം സി.ബി.ഐക്കു കൈമാറിയിരുന്നു. എന്നാല്‍, ഫോണ്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിനു ശേഖരിക്കാനാകുന്ന സമയപരിധി പരമാവധി ഒരുവര്‍ഷമാണ്.
ഇത് അഞ്ചുവര്ഷമാക്കണമെന്ന് സി.ബി.ഐ. അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല. ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയ ഒട്ടേറെ സ്ഥലങ്ങള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഇത്രയും കാലത്തിനിടെ ഇവിടങ്ങളിലുണ്ടായ മാറ്റം സി.ബി.ഐ. തെളിവെടുപ്പിനെ ബാധിച്ചേക്കും. മുമ്പ് തെളിവെടുപ്പ് നടന്ന റോഡരികുകളുടെ വീതി കൂട്ടുകയും കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തു. ആദ്യം കണ്ടെത്തിയ കണക്കുകളുമായി ഇപ്പോഴത്തെ തെളിവെടുപ്പ് പൊരുത്തപ്പെടാത്ത അവസ്ഥ ഇതോടെയുണ്ടാകും. കൊലപാതകത്തിനുപയോഗിച്ച ആയുധം, മുറിവുകളുടെ ആഴം തുടങ്ങിയ കാര്യങ്ങളിലും പൊരുത്തക്കേടുകള്‍ നിലനില്ക്കുന്നു.






