
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ വിടണമെന്ന ആവശ്യം നിരാകരിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ കത്ത് അയച്ചു. ഐപിഎസ് കേഡര്‍ നിയമങ്ങളിലെ സെക്ഷന്‍ ആറ്(1) പാലിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി കത്തില്‍ പറയുന്നു.
എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. 1954 ലെ ഐപിഎസ് കേഡര്‍ നിയമപ്രകാരമുള്ള അടിയന്തര വ്യവസ്ഥയുടെ ദുരുപയെഗമാണിതെന്ന് മമത കുറ്റപ്പെടുത്തി.
' തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം ഫെഡറല്‍ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് തികച്ചും ഭരണഘടനവിരുദ്ധവും അസ്വീകാര്യവുമാണ്. സംസ്ഥാനത്തെ പകരക്കാരന് വഴി നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ അംഗീകരിക്കില്ലെന്നും ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും' മമത പറഞ്ഞു.
സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ കടന്നുകയാറാനുള്ള ശ്രമമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കമെന്നും പശ്ചിമ ബംഗാളില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കനുമാണ് ശ്രമിക്കുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു.
അഞ്ചു വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് ഐപിഎസ് ഉദ്യോഗസ്ഥരായ ഭോലനാഥ് പാണ്ഡെ, രാജീവ് മിശ്ര, പ്രവീണ്‍ ത്രിപാഠി എന്നിവരെയാണ് കേന്ദ്രം നിയമിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. ഭോലനാഥ് പാണ്ഡെയെ ബിപിആര്ടി എസ്പിയായും പ്രവീണ്‍ ത്രിപാഠിയെ എസ്എസ്ബി ഡിഐജി ആയും രാജീവ് മിശ്രയെ ഐടിബിപി ഐജിയമുമായണ് നിയമിച്ചിരിക്കുന്നത്.






