
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തി. സി.സി.ടി.വി. പരിശോധിക്കുന്നതിനാണ് എന്‍.ഐ.എ. സംഘം സെക്രട്ടറിയേറ്റില്‍ എത്തിയത്.
രാവിലെ 11 മണിയോടെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനുമടങ്ങുന്ന അന്വേഷണ സംഘമാണ് സെക്രട്ടറിയേറ്റില്‍ എത്തിയത്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് പരിശോധന. സി.സി.ടി.വി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെയും അന്വേഷണ സംഘം സെക്രട്ടറിയേറ്റില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടാക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യം നിഷേധിക്കുകയാണുണ്ടായത്.
2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ വേണമെന്ന്് നേരത്തെ എന്‍.ഐ.എ. പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം രേഖകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിനല്‍കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.






