
ന്യൂഡല്‍ഹി : കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചതു പുരുഷന്മാരെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനുവരി മുതല്‍ രാജ്യത്തു രോഗം ബാധിച്ച് മരിച്ച 1.47 ലക്ഷം പേരില്‍ 70 ശതമാനവും പുരുഷന്മാരാണെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.മരിച്ചവരില്‍ 45 ശതമാനവും അറുപതു വയസില്‍ താഴെയുള്ളവരാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
യുകെയില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദം ഇന്ത്യയിലെത്തിയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയം കോവിഡ് രോഗം കാരണം മരണമടയുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.ആകെ രോഗം ബാധിച്ചവരില്‍ 63 ശതമാനവും പുരുഷന്മാരാണ്. ഇതിൽ 52 ശതമാനം പേര് 18-44 വയസുള്ളവരും. ഈ വിഭാഗത്തില്‍ 11 ശതമാനം മരണം മാത്രമാണു റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജനിതകമാറ്റം സംഭവിച്ച വൈറസ് പഴയതിനെ അപേക്ഷിച്ച് 70 ശതമാനം അധികം വ്യാപനശേഷിയുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ദിവസവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 300ല്‍ താഴെയായി. 2.7 ലക്ഷം പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളതെന്നും മന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്ന് ഡിസംബര്‍ 9നും 22നും ഇടയില്‍ എത്തിയ കോവിഡ് രോഗികളുടെ ജീനോം സീക്വന്‍സിങ് നിര്‍ബന്ധമായി നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തുടക്കമായതിനാല്‍ പുതിയ വൈറസിനെ കണ്ടെത്താനും വ്യാപനം തടയാനും എളുപ്പമാണെന്നും അധികൃതര്‍ പറഞ്ഞു.






