
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാര്‍ഷകര്‍ക്ക് നഷ്പരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പക്ഷിപ്പനി 50,000 പക്ഷികളെ വരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും അദേഹം അറിയിച്ചു.
രോഗം വ്യാപിക്കാതിരിക്കാനായി പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഇതിനായി ആലപ്പുഴയിലെ നാലു പാഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാന്‍ തീരുമാനമെടുത്തു.
കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിലെ ഫാമിലെ 2700 തറാവിന് കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളര്‍ത്തു പക്ഷികളെയും ദ്രുതകര്‍മ സേന കൊന്ന് നശിപ്പിക്കാന്‍ തുടങ്ങി. ജില്ലാ കളക്ടര്‍ രൂപാകരിച്ച എട്ട് ദ്രുത കര്‍മ സേനകളാണ് പക്ഷികളെ കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറു സംഘങ്ങളെയും പുറത്ത് രണ്ട് സംഘങ്ങളെയും നിയോഗിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ നടക്കുന്നത്. ആലപ്പുഴയിലും പക്ഷികളെ കൊന്ന് നശിപ്പിക്കാന്‍ തുടങ്ങി.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മൃസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എം ദിലീപ് ആലപ്പുഴയില്‍ പറഞ്ഞു. കൂടാതെ നശിപ്പിക്കുന്ന വളര്‍ത്തു പക്ഷികള്‍ക്ക് ആനുപാതികമായി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു. അതേസമയം കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും തമിഴിനാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും കനത്ത ജാഗ്രതാ നിര്‍ദ്ദേശവും നല്കി.






