ബംഗളൂരു: കരഷകരില് നിന്ന് നേരിട്ട് നെല്ല് സംഭരിക്കാന്‍ കരാറിലേര്‍പ്പെട്ട് റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്. റായ്ചൂര് ജില്ലയിലെ കര്‍ഷകരില്‍നിന്ന് നെല്ല് നേരിട്ട് സംഭരിക്കനാണ് റിലയന്‍സ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. താങ്ങുവിലയേക്കാള്‍ കൂടുതല്‍ പണം നല്‍കിയാണ് നെല്ല് സംഭരിക്കുക. കാര്‍ഷിക നിയമം നടപ്പിലാക്കിയതിനു ശേഷം കോര്‍പ്പറേറ്റ് കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് വിളകള്‍ സംഭരിക്കുന്നതിനായി നേരിട്ട് ഏര്‍പ്പെടുന്ന രാജ്യത്തെ ആദ്യത്തെ കരാണിത്.
അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് മാര്‍ക്കറ്റ് കമ്മിറ്റി മുഖാന്തരം മാത്രമേ വിളകള്‍ കര്‍ഷകര്‍ക്ക് വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി കൊണ്ട് കഴിഞ്ഞമാസം കര്‍ണാടക സര്‍ക്കാര്‍ നിയമ ഭേദഗതി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റായ്ചൂര് ജില്ലയിലെ 1100 ഓളം പേരുള്ള കര്‍ഷക കൂട്ടായ്മയായ സ്വസ്ഥ്യ പ്രൊഡ്യൂസിംഗ് കമ്പനിയുമായി റിലയന്‍സ് കരാറിലേര്‍പ്പെട്ടത്.
ക്വിന്റലിന് 1868 രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന താങ്ങുവില. എന്നാല്‍ 82 രൂപ അധികം നല്കി 1000 ക്വിന്റല്‍ നെല്ല് സംഭരിക്കുമെന്നാണ് കരാര്‍. കര്‍ഷിക നിയമത്തിനെതിരെ സംസ്ഥാനത്ത് ഇപ്പോഴും കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടയിലാണ് ഈ കരാര്‍. ആദ്യം കോര്‍പ്പറേറ്റ് കമ്പനികള്‍ വിളകള്‍ ശേഖരിക്കുമെങ്കിലും പിന്നീട് കര്‍ഷകരെ അവര്‍ ചതിക്കുമെന്നാണ് സംയുക്ത കര്‍ഷക സംഘടനയായ കര്‍ണാടക രാജ്യ റെയ്ത്ത് സംഘം കരാറിനെക്കുറിച്ച് പറഞ്ഞത്.






