
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അൽപസമയത്തിനകം നിയമസഭയിൽ അവതരിപ്പിക്കും. വരും മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാലബജറ്റാണ് ഇന്ന് ഐസക് അവതരിപ്പിക്കുന്നത്.
എന്നാൽ അവസാനവർഷ ബജറ്റായതിനാൽ എന്തെങ്കിലും കാട്ടിക്കൂട്ടി ബജറ്റ് അവതരിപ്പിക്കില്ലെന്നും അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിൻ്റെ ഭാവി വികസനം മുൻനിർത്തി കൊണ്ടുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
നിലവിലുള്ള സമ്പദ് പാവങ്ങൾക്ക് പുനർവിതരണം ചെയ്യുക എന്നതാണ് ഇടത് രാഷ്ട്രീയമെന്നും അതിപ്പോൾ വിജയകരമായി കേരളത്തിൽ നടപ്പാക്കുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എന്നാൽ അടിസ്ഥാന സൗകര്യ വികസനം കൂടി ഒരുക്കുക എന്നത് പ്രധാനമാണ്.
ഇടതുപക്ഷം ലക്ഷ്യമിടുന്ന കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ ബജറ്റിൽ നിർവചിക്കും.
കിഫ്ബി ഈ നിലയിലുള്ള ആദ്യപടിയായിരുന്നു. ഇനി തൊഴിലിലായ്മ പരിഹരിക്കണം. അതിനായി ലേബർ മാർക്കറ്റിൻ്റെ കർക്കശ്യം കുറയണം എന്ന് ചിലർ പറയുന്നു. എന്നാൽ തൊഴിലാളികളുടെ ജനാധിപത്യ അവകാശം നിലനിർത്തി കൊണ്ടുള്ള തൊഴിൽ സാഹചര്യം ഒരുക്കുക എന്നതാണ് ഇടതുപക്ഷനയം.
തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.
അതിനാൽ ചില അടിയന്തര പ്രശ്നം പരിഹരിക്കാനുള്ള നിർദേശമുണ്ടാവും. പാവപ്പെട്ടവൻ്റെ വരുമാനം വർധിക്കുന്നതിനോടൊപ്പം ദീർഷകാലത്തേക്ക് കേരളത്തെ മാറ്റുന്നതിനുള്ള അടിസ്ഥാന പരമായ നിർദേശവും ബജറ്റിൽ മുന്നോട്ട് വയ്ക്കും.






