
എന്നും ഇരുട്ടു മാത്രമാവണമെന്നില്ല,
നേരം പുലരുകയും
സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും.
നമ്മൾ കൊറോണയ്ക്കെതിരെ പോരാടി
വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ
എത്തിക്കുകയും ചെയ്യും.’
കൊറോണയെ തുരത്താം എന്ന തലക്കെട്ടിൽ, കുഴൽമന്ദം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാംക്ലാസുകാരിയായ സ്നേഹ എഴുതിയ ഈ വരികളോടെയായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റവതരണത്തിനു തുടക്കം.
കോവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷര വർഷം പദ്ധതിയുടെ ഭാഗമായി എഴുതി നൽകിയതാണ് ഈ വരികൾ. ചെറുപ്പം മുതലേ കഥയിലും കവിതയിലുമെല്ലാം താൽപര്യം പ്രകടിപ്പിച്ചിരുന്ന സ്നേഹ എഴുത്തുമൽസരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കഥാ ശിൽപശാലകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നും സ്നേഹ പറയുന്നു.
മഴ പെയ്താൽ വീടിനകത്തു വെള്ളം വീഴാതിരിക്കാൻ ടാർപോളിൻ വലിച്ചു കെട്ടിയിട്ടുള്ള ഒരു കൊച്ചു കുടിലിലാണ് സ്നേഹയും അച്ഛൻ കണ്ണനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഡ്രൈവറാണ് അച്ഛൻ. അമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ചേച്ചി രുദ്ര കുഴൽമന്ദം സ്കൂളിൽത്തന്നെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.






