
കണ്ണൂര്‍: 40 വര്‍ഷത്തോളമായി യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലനിന്ന ഇരിക്കൂറില്‍ ഇക്കുറി പുതിയ മുഖം? കെ.സി. ജോസഫ് ഇരിക്കൂറിനെ കൈയൊഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുമെന്ന സൂചന കണ്ണൂര്‍ കോണ്‍ഗ്രസിലെ ഒരു ഡസന്‍ നേതാക്കളുടെ മനസിലാണ് പ്രതീക്ഷ പകര്‍ന്നിരിക്കുന്നത്.
1982 ലാണ് സ്വന്തം നാടായ കോട്ടയത്തുനിന്നു കെ.സി. ജോസഫ് ആദ്യമായി ഇരിക്കൂറിലെത്തുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായി എട്ട് തവണ ഇവിടെനിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം എതിര്‍പ്പുകള്‍ പലവട്ടം നേരിട്ടിട്ടുണ്ടെങ്കിലും അവസാന നിമിഷം കെ.സി. സീറ്റുറപ്പിക്കുന്നതായിരുന്നു പതിവ്. ഏറ്റവും രൂക്ഷമായ പ്രതിഷേധം നടന്ന കഴിഞ്ഞ തവണ 9647 വോട്ടുകള്‍ക്കാണ് ഇരിക്കൂര്‍ കെ.സിയെ നിയമസഭയിലേക്കയച്ചത്.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പഴയത് പോലെയല്ല. പാര്‍ട്ടിക്കുളളില്‍ മാത്രമല്ല സ്വന്തം ഗ്രൂപ്പിനുള്ളിലും കെ.സിക്കെതിരേ പടയൊരുക്കമുണ്ട്. അതുകൊണ്ട് തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ശക്തിതെളിയിച്ച നിന്ന ഇരിക്കൂറിനെ വിട്ട് കോട്ടയത്തേക്ക് മടങ്ങാന്‍ കെ.സി തയാറെടുക്കുന്നത്. അതേ സമയം മണ്ഡലം മാറിയാലും കെ.സി ജോസഫ് നിര്‍ദേശിക്കുന്ന ഒരാള്‍ക്ക് തന്നെയാവും ഇരിക്കൂറില്‍ സ്ഥാനാര്‍ഥി സാധ്യത. നിലവിലെ സാഹചര്യത്തില്‍ എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റിയന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്്.
കെ.സിയുടെ വിശ്വസ്തനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമാണ് സോണി സെബാസ്റ്റിയന്. യു.ഡി.എഫ്. ജില്ലാ ചെയര്മാന് പി.ടി മാത്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍, സജീവ് ജോസഫ് തുടങ്ങിയവരും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.
ഇരിക്കൂറില്‍ നിര്‍ണായകമായ മുസ്ലിം ലീഗിന്റെ കൂടി പിന്തുണയിലാണ് കഴിഞ്ഞ തവണ കെ.സി. ജോസഫ് സീറ്റ് നിലനിര്‍ത്തിയത്. അതേ സമയം, ഇക്കുറി പുതിയ മുഖംവേണമെന്ന നിലപാട് ലീഗിനുമുണ്ട്. സീറ്റ് യുവനേതാക്കള്‍ക്കു െകെമാറണമെന്ന ആവശ്യമുയര്‍ത്തി ഗ്രൂപ്പ് വ്യത്യാസം മറന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കെ.സിക്കെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. എപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയാലും ഉമ്മന്‍ ചാണ്ടി ഇരിക്കൂറില്‍ ആദ്യം പറയുന്ന പേര് കെ.സി.ജോസഫ് എന്നതായിരുന്നു കീഴ്വഴക്കം.
എ ഗ്രൂപ്പുകാരനാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ എ ഗ്രൂപ്പുകാര്‍ക്ക് അത്ര പ്രിയങ്കരനല്ല കെ.സി. ജോസഫ്. പി. രാമകൃഷ്ണനും കെ.പി. നൂറുദ്ദീനുമായിരുന്നു കെ.സി.യുടെ പ്രതാപ കാലത്ത് കണ്ണൂരിലെ എ ഗ്രൂപ്പിന്റെ പ്രധാന നേതാക്കള്‍. ഇരു നേതാക്കളും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതോടെ സതീശന് പാച്ചേനി നേതൃത്വമേറ്റെടുത്തു. എന്നാല്‍ അപ്രതീക്ഷിതമായി പാച്ചേനി മറുകണ്ടം ചാടിയതോടെ എ ഗ്രൂപ്പ് ശിഥിലമായി. ഇതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പഴയ എക്കാരായ ചില മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കളം പിടിക്കാന്‍ രംഗത്തുണ്ട്. ഹൈക്കമാന്‍ഡിലെ കണ്ണൂര്‍ സാന്നിധ്യമായ കെ.സി വേണുഗോപാലിന്റെ പിന്തുണയും ഇവര്‍ക്കുള്ളതായി പറയപ്പെടുന്നു.
തന്നെ പാര്‍ട്ടിയിലെ ചിലര്‍ വേട്ടയാടുകയാണെന്നാണ് കെ.സിയുടെ പരാതി. ലോക്ഡൗണില്‍ കോട്ടയത്തെ വീട്ടില്‍ ക്വാറെന്റെനില്‍ കഴിയേണ്ടി വന്നപ്പോള്‍ എം.എല്‍.എ. സ്ഥലത്തില്ലെന്ന് പറഞ്ഞ് നവ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരണമഴിച്ചുവിട്ടതിന് പിന്നില്‍ ഇവരാണെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തുന്നു.
അതേസമയം കെ.സി. ജോസഫ് ഇരിക്കൂര്‍ വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ മണ്ഡലം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ഇടതുമുന്നണി. ജോസ് വിഭാഗം ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇരിക്കൂരിലേ സമവാക്യങ്ങള്‍ മാറിമറിഞ്ഞേക്കും. കെ.സി. ജോസഫ് ഇത്തവണ സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസിനുള്ളിലും പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്‍കൂട്ടിക്കണ്ടാണ് ഇടത് നീക്കം. മലബാറില്‍ മൂന്ന് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെടുന്ന ജോസ് കെ. മാണിക്ക് കണ്ണൂരില്‍ ഇരിക്കൂര്‍ നല്കാന് സി.പി.എം. ആലോചിക്കുന്നുണ്ട്. സി.പി.ഐ. മത്സരിക്കുന്ന സീറ്റാണെങ്കിലും പകരം പേരാവൂര്‍ നല്കി അവരെ തൃപ്തിപ്പെടുത്താനാണ് നീക്കം.
മലയോര മേഖലയില്‍ ജോസ് കെ.മാണി വിഭാഗത്തിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂര്‍. ഇക്കുറിയും കെ.സി. ജോസഫ് തന്നെ ഇരിക്കുറില്‍ സ്ഥാനാര്‍ത്ഥിയായാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകും. ഭീഷണിയുയര്‍ത്തി സുധാകരവിഭാഗം നേതാക്കളും രംഗത്തുണ്ട്.






