
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്ത്. അര്‍ണബും ബാര്‍ക് സി.ഇ.ഒ. പാര്‍ഥ ദാസ്ഗുപ്തയും തമ്മലുള്ള വാട്ട്സാപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇതോടൊപ്പം ചാറ്റില്‍ പറയുന്ന വിഷയങ്ങളില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും തരൂര്‍ ചോദിക്കുന്നു.
'ഇപ്പോള്‍ വിവാദമായിരിക്കുന്ന, ചോര്‍ന്ന വാട്സാപ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്:
(1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) രാജ്യസ്നേഹിയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം നമ്മള് വിജയിച്ചു എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) ടി.ആര്.പി.യുടെ വഞ്ചനാപരമായ കൃത്രിമത്വം.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?'- തരൂര്‍ ചോദിക്കുന്നു.






