
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിയ്ക്ക് എതിരേയുള്ള പരാമര്‍ശത്തിന് മേല്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസ്സാക്കി. സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിയ്ക്ക് എതിരേയുള്ള ആരോപണം സര്‍ക്കാരിന്റെ ഭാഗം കേള്ക്കാതെയുള്ളതാണെന്നായിരുന്നു പ്രമേയത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം പ്രമേയം സഭ ശബ്ദവോട്ടോടെയാണ് പാസ്സാക്കിയത്. റിപ്പോര്‍ട്ടില്‍ കിഫ്ബിയ്ക്ക് എതിരായ മൂന്ന് പേജുകള്‍ സഭ തള്ളി. സിഎജിയുടെ ഈ ഭാഗം ഇല്ലാതെയാകും റിപ്പോര്‍ട്ട് പിഎസിയ്ക്ക് മുന്നില്‍ വരികയെന്ന് സ്പീക്കര്‍ പറഞ്ഞു. സിഎജിയ്ക്ക് എതിരേ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഭരണഘടനാ ലംഘനമാണെന്നും തള്ളിക്കളയണമെന്നും പ്രതിപക്ഷം പറഞ്ഞു.
സിഎജിയ്ക്കെതിരേയുള്ള പ്രമേയം സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുളള പേജുകള്‍ സര്‍ക്കാരിനെതിരേ ഉള്ളതാണെന്നും അത് ഒഴിവാക്കണമെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലെ ഈഭാഗം സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് നടത്തിയത് എന്നതിനാല്‍ തന്നെ സിഎജി റിപ്പോര്‍ട്ടിന്റെ അടിത്തറ തകര്‍ന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎജി അന്തിമ വിധിയല്ലെന്ന് ധനമന്ത്രിയുടെ മറുപടി. സിഎജി റിപ്പോര്‍ട്ടിലെ ഒരു ഭാഗം തള്ളുന്നത് പാപമല്ല. കേന്ദ്ര സര്‍ക്കാര്‍ വരെ ബജറ്റിന് പുറത്ത വായ്പയെടുക്കുന്നുണ്ട്. സിഎജി സാമാന്യ നീതി കാട്ടിയില്ലെന്നും സംസ്ഥാന വികസനം സംരക്ഷിക്കാനാണ് പ്രമേയമെന്നും പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം രൂക്ഷമായി എതിര്‍ത്തു.
പ്രമേയം ഭരണഘടനയ്ക്ക് മേലുള്ള കടന്നു കയറ്റമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. ഏകാധിപത്യ പരമായ പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും ഇപ്പോള്‍ നടക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഭരണപക്ഷം കരുതുന്നത് ഏതോ രാജാവാണ് ഭരിക്കുന്നതെന്നാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഏകാധിപത്യ പരമായ പ്രവര്‍ത്തനം കേരളത്തില്‍ നടക്കുകയില്ല. ആരും വിമര്‍ശിക്കരുതെന്ന നിലപാട് എകെജി സെന്റില്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ആദ്യം പ്രതിഷേധിച്ചത് വി.ഡി. സതീശനായിരുന്നു. പ്രമേയത്തില്‍ നിന്നും പിന്മാറാന് ആവശ്യപ്പെടാന്‍ സ്പീക്കറോട് വി.ഡി. സതീശന് ആവശ്യപ്പെട്ടു. സിഎജിയ്ക്കെതിരേ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഇത് തെറ്റായ കീഴ്വഴക്കവും ഭരണഘടനാ ലംഘനവുമാണെന്ന് വിഡി സതീശന് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണ്.
സിഎജിയുടെ ഭാഗം കേട്ടതിന് ശേഷമേ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂ. ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനുളള വലിയ ശ്രമമാണ്. സഭയിലെ ഭൂരിപക്ഷത്തെ ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് കൂട്ടു നിന്നെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുത്. തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചു.
തെറ്റായ കീഴ്വഴക്കമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നും തെറ്റായ കീഴ്വഴക്കമെന്നും മുനീര്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരേയുള്ള നടപടി എന്നായിരുന്നു ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രതികരണം. സംസ്ഥാനങ്ങള്‍ നടത്തുന്ന സാമ്പത്തീക അച്ചടക്കവും പരിശോധിക്കാന്‍ നിയമിക്കപ്പെട്ട സിഎജിയെ ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന നടപടി ശരിയല്ലെന്ന് രാജഗോപല്‍ പറഞ്ഞു. കിഫ്ബി സമാന്തര സാമ്പത്തീക സംവിധാനമാണെന്നും മുഖ്യമന്ത്രിയുടെ പ്രമേയം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ബിജെപി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു.
എജിയെ പേരെടുത്തായിരുന്നു ജയിംസ് മാത്യൂ വിമര്‍ശിച്ചത്. കിഫ്ബി വായ്പ ബജറ്റിന് പുറത്തുള്ളതല്ല. അസാധാരണ സാഹചര്യത്തില്‍ അസാധാരണ തീരുമാനം ഉണ്ടാകുമെന്നും ചീഫ് ജസ്റ്റീസിനെതിരേ ജഡ്ജിമാര്‍ രംഗത്ത് വന്നതിന് സമാനമായ കാര്യമാണ് ധനമന്ത്രി ചെയ്തതെന്നും ജയിംസ് മാത്യു പറഞ്ഞു. പ്രമേയം അനുചിതമാണെന്ന് കെ.സി. ജോസഫ് പറഞ്ഞു. സിഎജി റിപ്പോര്‍ട്ട നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സ്വരാജ് പറഞ്ഞു.
നേരത്തേ കണ്ണൂര്‍ മയ്യില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട അടിയന്തിര പ്രമേയം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയും സ്പീക്കറുടെ ഡയസിന് മുന്നില്‍ ബഹളം വെച്ചു. മയ്യില്‍ നടന്ന കൊലവിളി മുദ്രാവാക്യം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും പ്രാദേശിക പ്രശ്നം മാത്രമാണെന്ന സ്പീക്കറുടെ വാദത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തളത്തില്‍ ഇറങ്ങിയത്. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ പാവയാണ് സ്പീക്കറെന്നും സിപിഎമ്മിനെതിരേയുള്ള നോട്ടീസ് സ്പീക്കര്‍ അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയെ സഭ ആദരിക്കുകയും ചെയ്തു. ഉമ്മന്ചാണ്ടിയ്ക്കൊപ്പമാണ് ആദ്യമായി സഭയില്‍ എത്തിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ വിസ്മയമാണെന്നും ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവാണെന്നും അദ്ദേഹത്തിന് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.






