ന്യൂഡല്‍ഹി: ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്ത് തനിക്ക് ഫാസ്റ്റ് ബൗളര്‍ ആകാനായിരുന്നു താല്പര്യമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫെസ്ബുക്കില്‍ പങ്കു വച്ച വിഡിയോയിലാണ് ഇക്കാര്യം താരം സൂചിപ്പിച്ചത്. ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സമയത്ത് പന്ത് നല്ലതു പോലെ സ്വിങ് ചെയ്ത് എറിയാന്‍ കഴിഞ്ഞിരുന്നെന്നും അക്കാലത്ത് സ്പിന്‍ ബോളിങ്ങിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു എന്നും കുല്‍ദീപ് വ്യക്തമാക്കുന്നു.
'ആദ്യ കാലത്ത് ഫാസ്റ്റ് ബോളിങ്ങാണ് എനിക്ക് നല്ലതെന്നു തോന്നിയത്. എന്റെ കൈ നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ പരിശീലകനും അങ്ങനെ കരുതി. 10-11 വയസ്സിലൊക്കെ നന്നായി സ്വിങ് ചെയ്ത് എറിയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ എന്റെ വളര്‍ച്ചക്കുറവ് ആയിരുന്നു പ്രശ്നമായത്. ഇതോടെ പരിശീലകന് സ്പിന്‍ ബോളിങ്ങില്‍ ശ്രദ്ധ നല്കാന് ആവശ്യപ്പെട്ടു. ആദ്യമൊക്കെ വളരെയദികം ബുദ്ധിമുട്ടായിരുന്നു. കാരണം എനിക്ക് സ്പിന്‍ ബോളിങ് ഇഷ്ടമേ അല്ലായിരുന്നു' കുല്‍ദീപ് പറഞ്ഞു.
എല്ലായ്പ്പോഴും തനിക്ക് ഫാസ്റ്റ് ബോളര്‍ ആകാനായിരുന്നു ആഗ്രഹമെന്നും അതു സാധിക്കാതെ വന്നതോടെ ദേഷ്യമായെന്നും താരം പറയുന്നു. സ്പിന്‍ ചെയ്തു തുടങ്ങിയതു മുതല്‍ ചൈനാമാന്‍ ബോളിങ്ങാണ് ഉപയോഗിച്ചിരുന്നതെന്നും കുല്‍ദീപ് പറഞ്ഞു. സ്പിന്‍ ഇഷ്ടമല്ലാത്തതിനാല്‍ പത്തു ദിവസം പരിശീലനത്തിന് പോയില്ലെന്നും ക്രിക്കറ്റ് കളിക്കണമെന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ എത്താന്‍ പരിശീലകന് ആവശ്യപ്പെടുകയായിരുന്നു എന്നും കുല്‍ദീപ് വ്യക്തമാക്കി.






