
കൊച്ചി: നയതന്ത്രചാനല്‍വഴി വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കാന്‍ എഴുതിത്തയാറാക്കിയ ചോദ്യാവലി നല്കുന്നതു കസ്റ്റംസിന്റെ പരിഗണനയില്‍. വി.ഐ.പികളുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ് ഈ മാര്‍ഗം സ്വീകരിക്കാറുണ്ട്. സാക്ഷിയാക്കാന്‍ ഇതു മതിയാകും. പ്രതിയാക്കണമെങ്കിലേ നേരിട്ടുള്ള ചോദ്യം ചെയ്യല്‍ ആവശ്യമുള്ളൂ. സ്പീക്കറുടെ മറുപടി ലഭിച്ചശേഷം പ്രതികളേയും സംശയനിഴലിലുള്ളവരേയും വീണ്ടും ചോദ്യംചെയ്യും.
തെളിവുണ്ടെങ്കില്‍ മാത്രം സ്പീക്കറില്‍നിന്നു നേരിട്ടു മൊഴിയെടുക്കും. സ്പീക്കറുടെ ഭരണഘടനാപദവിയുംകൂടി കണക്കിലെടുത്തു ചോദ്യാവലി മാര്‍ഗം കസ്റ്റംസ് സ്വീകരിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള മറുപടി എഴുതി നല്‍കണമെന്ന് അറിയിക്കും. സ്റ്റേറ്റ്മെന്റ് ഒപ്പിട്ടു വാങ്ങുന്നതോടെ മൊഴിയെടുപ്പ് പൂര്‍ത്തിയാകും. ഈയാഴ്ചതന്നെ കസ്റ്റംസ് ഉദ്യോഗസ്ഥന് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി ചോദ്യാവലി െകെമാറുമെന്നാണു വിവരം. കഴിഞ്ഞാഴ്ച ചോദ്യം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ജനുവരി 22 നാണു നിയമസഭ പിരിഞ്ഞത്. ചട്ടപ്രകാരം നിയമസഭാ സമ്മേളനം അവസാനിച്ചശേഷം ഏതാനും ദിവസത്തേക്കു സ്പീക്കര്‍ക്കു നിയമനടപടികളില്‍ നിന്ന് ഇളവുണ്ട്. അതുംകൂടി കണക്കിലെടുത്താണു സ്പീക്കറെ ചോദ്യംചെയ്യുന്നതു നീണ്ടുപോയത്. ഗള്‍ഫിലെ വിദ്യാഭ്യാസ മേഖലകളില്‍ സ്പീക്കര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ ഏല്‍പ്പിച്ചെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കസ്റ്റംസിനു മൊഴി നല്‍കിയെന്നാണ് ആക്ഷേപം. കേസുമായി ബന്ധപ്പെട്ടു മസ്കറ്റില്‍ സ്വാശ്രയ കോളജ് നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായി.
ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയാണു ലഫീര്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ എത്തിയത്. നേരത്തെ െകെമാറിയ ചില രേഖകള്‍ സംബന്ധിച്ചു ലഫീറില്നിന്നു ഇ.ഡി. വിശദീകരണം തേടി. നേരത്തെ മൂന്നുതവണ ലഫീര്‍ ഇ.ഡി. മുമ്പാകെ ഹാജരായിരുന്നു. രാജ്യംവിട്ടുപോകരുതെന്ന് കസ്ംസ് ആവശ്യപ്പെടിരുന്നതിനാല് ലഫീര്‍ ഒരാഴ്ചയായി കൊച്ചിയില്‍തന്നെ തുടരുകയാണ്. സ്പീക്കറുടെ മൊഴിയെടുത്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ ലഫീറില് നിന്നു വിശദീകരണം തേടാനാണു കസ്റ്റംസും ഇ.ഡിയും ഉദ്ദേശിക്കുന്നത്.
ലഭ്യമായ തെളിവുകളുടെയും സ്വപ്ന അടക്കമുള്ളവരുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള യു.എ.ഇ. കോണ്‍സുലേറ്റിലെ സമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് അലി ഷൗക്രി കേരളത്തില്‍നിന്ന് മസ്ക്കറ്റ് വഴി ഈജിപ്റ്റിലേക്ക് 1.90 ലക്ഷം ഡോളര്‍ കടത്തിയെന്നാണു കേസ്.






