
കാസര്‍ഗോഡ്: സിറ്റിംഗ് എംഎല്‍എ എം.സി. കമറുദ്ദീനെതിമരായ തട്ടിപ്പ് ആരോപണവും തദ്ദേശ തെരഞ്ഞെടുപ്പിലെ മികവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുഷെയര്‍ കൂടിയതും മഞ്ചേശ്വരത്തും ബിജെപിയ്ക്ക് പ്രതീക്ഷയാകുന്നു. സാധ്യതകള്‍ കൂടിയതോടെ ഈ മണ്ഡലത്തില്‍ ജില്ലാ നേതാക്കളില്‍ പലരും സീറ്റ് കൊതിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ രണ്ടു തവണ ഇവിടെ മത്സരിച്ചി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് തന്നെ ഇവിടെ മത്സരിക്കുമോ എന്നാണ് ചോദ്യം.
ജില്ലാ പ്രസിഡന്റും വടക്കന്‍ മേഖലാ വൈസ്പ്രസിഡന്റും മുന്‍ ജില്ലാ പ്രസിഡന്റുമെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കഴിഞ്ഞ തവണ 89 വോട്ടിനായിരുന്നു കെ.സുരേന്ദ്രന് ഇവിടെ പരാജയപ്പെട്ടത്. എന്നാല്‍ 2011 നെ അപേക്ഷിച്ച് 2016 ല്‍ കൂടിയ വോട്ടു ഷെയറാണ് ബിജെപി കണക്കാക്കുന്നത്. മുസഌംലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിരുന്നില്ല. അതിന് പുറമേ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ എം.സി. കമറുദ്ദീന് വിവാദത്തില്‍ ഉള്‍പ്പെട്ടതും മേല്‍ക്കൈ നേടാന്‍ തുണയ്ക്കുമെന്ന പ്രതീക്ഷ ബിജെപിയ്ക്കുണ്ട്. ബിജെപി ഭരിക്കുന്ന കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖല എന്ന നിലയില്‍ ഭാഷാ ന്യൂനപക്ഷ വോട്ടുകളും ഇത്തവണ കൂടെ വരുമെന്ന് ബിജെപി കരുതുന്നു.
ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിനാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം. നാലു ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖലാ പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പി. സുരേഷ്കുമാര്‍ ഷെട്ടി എന്നീ മൂന്ന് പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. സി. സദാനന്ദന് മാസ്റ്ററുടെ പേരും കേള്‍ക്കുന്നുണ്ട്. 2011 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ എതിരാളിക്ക് 5000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയെങ്കില്‍ കഴിഞ്ഞ തവണ അത് 89 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.
ഏറെ പ്രതീക്ഷ വെയ്ക്കുന്നതിനാല്‍ ഇവിടെ ആലോചിച്ചാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത്. ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഇറങ്ങുമെന്നാണ് വിവരം. ജില്ലാ ആസ്ഥാന ഭരണം പിടിച്ചെടുത്ത പാലക്കാട്, ചെങ്ങന്നൂര്‍, മഞ്ചേശ്വരം മണ്ഡിലത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ് വ്യക്തമായ തീരുമാനമാകാതെ പോയിരിക്കുന്നത്. നേരത്തേ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കെ. സുരേന്ദ്രന്റെ പേര് പറഞ്ഞു കേട്ടിരുന്നു. ഒ രാജഗോപാല്‍ മത്സരിക്കാനില്ലെന്ന നിലപാട് എടുത്തതിന് പിന്നാലെ കുമ്മനത്തെയാണ് ഇവിടെ ഇപ്പോള്‍ പരിഗണിക്കുന്നത്.






