
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നറായിരുന്ന അനില്‍ കുംബ്ലെ 2008-ല്‍ പന്ത് താഴെവച്ച് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിടപറഞ്ഞപ്പോള്‍ പകരക്കാരനെ തേടി ഇന്ത്യ പല തലകളെയും പരീക്ഷിച്ചു. എന്നാല്‍ അനില്‍ കുംബ്ലൈയുടെ വിശ്വസ്തതയും സ്ഥിരതയും ഏറ്റെടുത്ത് അതേ രീതിയില്‍ നിലനിര്‍ത്താന്‍ പോന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ പിന്നീടു വന്നവര്‍ക്കായില്ല.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിദേശ ടീമുകള്‍ക്കെതിരേ ടെസ്റ്റില്‍ ഇന്ത്യക്ക് എന്നും മേല്‍ക്കൈ നേടിത്തന്നിരുന്നത് സ്പിന്നര്‍മാരായിരുന്നു. അങ്ങനെയിരിക്കെയാണ് 2011 നവംബര്‍ 11ന് ഡല്‍ഹിയില്‍ വെസ്റ്റിന്റീസിനെതിരേ നടന്ന ടെസ്റ്റ് മത്സരത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു ബി.ടെക്കുകാരന് പയ്യന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന് എന്നായിരുന്നു ആ പയ്യന്റെ പേര്. അരങ്ങേറ്റത്തില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ അശ്വിനില്‍ ഇന്ത്യന്‍ ആരാധകര്‍ കുംബ്ലെയുടെ പകരക്കാരനെ കണ്ടെത്തി.
അവശ്വസനീയമാം വിധം പന്ത് കുത്തിത്തിരിച്ചു ബാസ്റ്റ്മാന്‍മാരെ വിക്കറ്റിനു മുന്നില്‍ കുടുക്കാനുള്ള അശ്വിന്റെ കഴിവ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമായി അദ്ദേഹത്തെ മാറ്റി. ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും തിളങ്ങിയതോടെ ഓള്‍റൗണ്ടറുടെ കുപ്പായം അശ്വിനെ തേടിയെത്തി. ചില അവസരങ്ങളില്‍ നിര്‍ണായക സമയത്ത് മുന്‍നിര ചീട്ടുകൊട്ടാരം തകര്‍ന്നപ്പോള്‍ എട്ടാമനായി വന്ന് ബാറ്റുകൊണ്ട് പ്രതിരോധക്കേകാട്ടകെട്ടി എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ അശ്വിനായി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ ഇനി അശ്വിന്‍കൂടി പാഡ് കെട്ടാനുണ്ടല്ലോ എന്ന ആശ്വാസം ക്രിക്കറ്റ് പ്രേമികളുടെ മനസിലുറച്ചു.
കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പരാജയത്തിന്റെ പടുകുഴിയിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഹനുമ വിഹാരിക്കൊപ്പം ചേര്‍ന്ന് കരകയറ്റിയത് അശ്വിനായിരുന്നു. വിജയത്തിനു തുല്യമായ സമനിലയോടെ അശ്വിന്റെ പോരാട്ട വീര്യം ചരിത്രത്തിന്റെ താളുകളില്‍ കുറിക്കപ്പെട്ടു. 129 പന്തുകള്‍ നേരിട്ട് 39 റണ്‍സുമായി അശ്വിന് പുറത്താകാതെ നിന്നപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളിങ് നിര തലകുനിച്ചു. 10 വര്‍ഷത്തെ കരിയറില്‍ അശ്വിന്റെ അശ്വമേധത്തില്‍ തകര്‍ന്നത് ഒരുപാട് റെക്കോഡുകളാണ്.
ലോക ടെസ്റ്റ് മത്സരത്തില്‍ 50 വിക്കറ്റും 500 റണ്‍സും ഏറ്റവും വേഗത്തില്‍ നേടിയ മൂന്നു കളിക്കാരില്‍ ഒരാള്‍ (11 ടെസ്റ്റുകളില്‍), ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍, അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്ന നാലാമത്തെ ഇന്ത്യക്കാരന്, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ കളിക്കാരന് ( 9 ടെസ്റ്റുകള്‍), 100, 150, 200, 250, 300, 350 വിക്കറ്റുകള്‍ ഏറ്റവും വേഗത്തില്‍ നേടിയ ഇന്ത്യന്‍ സ്പിന്നര്‍, ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ചുവിക്കറ്റും സെഞ്ചുറിയും നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍. (നേട്ടം അദ്ദേഹം മൂന്നു തവണ സ്വന്തമാക്കി), ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റും 5 സെഞ്ചുറിയും നേടുന്ന അഞ്ചാമത്തെ താരം, എട്ടാം നമ്പരില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് (ടെസ്റ്റില്‍). എണ്ണമറ്റ റെക്കോഡുകള്‍ ഭേദിച്ച് മുപ്പത്തിനാലുകാരനായ ഈ ചെന്നൈക്കാരന്‍ അശ്വമേധം തുടരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റും ഏറെ പ്രതീക്ഷയിലാണ്.


