
ന്യൂഡല്‍ഹി: മീടൂ വെളിപ്പെടുത്തലിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരേ മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നല്കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി തള്ളി. പ്രിയ രമണിക്കെതിരായ ആരോപണം തെളിയിക്കാനായില്ലെന്നു പറഞ്ഞ കോടതി അവരെ കുറ്റവിമുക്തമയാക്കി.
പ്രശസ്തിക്കായുള്ള ഒരാളുടെ അവകാശത്തേക്കാള്‍ വലുതാണ് അന്തസിനായുള്ള സ്ത്രീകളുടെ അവകാശമെന്നും െലെംഗികമായ ഉപദ്രവങ്ങള്‍ നേരിട്ട സ്ത്രീകള്‍ക്ക് എത്രകാലം കഴിഞ്ഞാലും പരാതി ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അപമാനിതയാകുമെന്ന ഭയം മൂലമാണു പലരും പീഡനവിവരങ്ങള്‍ പുറത്തുപറയാത്തതെന്നും അഡീഷണല്‍ ചീഫ് മെട്രൊപൊളീറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്രകുമാര്‍ പാണ്ഡെ ചൂണ്ടിക്കാട്ടി.
20 വര്‍ഷം മുമ്പ്, ഒരു ദിനപ്പത്രത്തിന്റെ എഡിറ്ററായിരുന്ന എം.ജെ. അക്ബര്‍ ജോലിയുടെ അഭിമുഖത്തിനെന്നു പറഞ്ഞ് ഒരു ഹോട്ടല്‍ മുറിയിലേക്കു വിളിച്ചുവരുത്തിശേഷം അപമര്യാദയായി പെരുമാറിയെന്നായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്ന് 2018 ഒക്ടോബര്‍ 15 ന് എം.ജെ. അക്ബര്‍ കോടതിയില്‍ മാനനഷ്ടക്കേസ് നല്കി. അന്ന് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന എം.ജെ. അക്ബര്‍ രണ്ടു ദിവസത്തിനു ശേഷം രാജിവയ്ക്കുകയും ചെയ്തു.
തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരേ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്കു കരുത്തേകുന്നതാണ് വിധിയെന്നു പ്രിയ രമണി പ്രതികരിച്ചു. ഈ യുദ്ധം തന്നെക്കുറിച്ച് മാത്രമുള്ളതല്ലെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും പറഞ്ഞു. സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകളെയുമാണ് താന്‍ പ്രതിനിധീകരിച്ചത്. തനിക്ക് മുമ്പും പിമ്പും പ്രതികരിച്ചവരും ഇതില്‍ പെടും.
തന്റെ വിജയം എല്ലാ സ്ത്രീകളെയും ഉത്തേജിപ്പിക്കും. ഏത് വമ്പനായാലും ഇരയെ കോടതി കയറ്റുന്നതിന്് മുമ്പ് രണ്ടു തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. കേസില്‍ താനാണ് ഇരയെന്നതും ഇരയാക്കപ്പെട്ടതിനാലാണ് പ്രതികരിച്ചതെന്നും മറക്കരുതെന്നും പറഞ്ഞു.
ആരാണ് പ്രിയാ രമണി?
ഏഷ്യന്‍ ഏജിനൊപ്പം 1994 ല്‍ കരിയര്‍ ആരംഭിച്ച മാധ്യമപ്രവര്ത്തയാണ് പ്രിയാ രമണി. റോയിട്ടേഴ്സിനും എല്ലയ്ക്കും ഇന്ത്യാ ടുഡേയ്ക്കും കോസ്മോ പോളീറ്റന്‍ മാസികയക്കും മിന്റിനും വേണ്ടി ജോലി ചെയ്തു. ലൈവ് മിന്ിലും ഇന്ത്യന്‍ എക്സ്പ്രസിലും വോഗിലും ലേഖനമെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ച് എഴുതുന്ന ആര്‍ട്ടിക്കിള്‍ 14 എന്ന വെബ്സൈറ്റിന്റെ പത്രാധിപ സമിതിയില്‍ അംഗവുമായിരുന്നു. വോഗ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച 'ടു ദി ഹാര്‍വി വെയ്ന്സ്റ്റെന് ഓഫ് ദി വേള്‍ഡ്'' എന്ന ലേഖനമാണ് രമണിയെ ശ്രദ്ധിക്കപ്പെടുത്തിയത്. 'ഡീയര്‍ മേല്‍ ബോസ്' എന്ന വിശേഷണത്തോടെ ഒരു കത്തിന്റെ രീതിയില്‍ ആയിരുന്നു ലേഖനം.
എംജെ അക്ബറിനെതിരേ ഉയര്‍ത്തിയ ആരോപണം?
ഇന്ത്യയില്‍ മീ ടൂ വെളിപ്പെടുത്തല്‍ തുടങ്ങിയ 2018 ലായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന എംജെ അക്ബറിനെതിരേ പ്രിയാ രമണി ആരോപണവുമായി എത്തിയത്. 90 കളില്‍ ഏഷ്യന്‍ ഏജില് എഡിറ്ററാവാന്‍ എത്തി കാലത്ത് അക്ബര്‍ തനിക്കെതിരേ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നു എന്നാരോപിച്ചു. ഇതേ തുടര്‍ന്ന്് അക്ബറിന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. ആദ്യം അക്ബറിന്റെ പേര് പരാമര്‍ശിക്കാതെ താന്‍ നേരിട്ട സംഭവം വെളിപ്പെടുത്തിയ അവര്‍ പിന്നീട് പേര് പറഞ്ഞു.
2018 ഒക്ടോബര്‍ 8 ന് അക്ബറിന്റെ പേര് വെളിപ്പെടുത്തി അവര്‍ സംഭവം ട്വീറ്റ് ചെയ്തു. ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ എന്ന പേരില്‍ ഒരു എഡിറ്റര്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി കൂടെ കിടത്താന്‍ ശ്രമിച്ചു. അത് അക്ബറായിരുന്നെന്ന് അവര്‍ കുറിച്ചു. ഇതോടെ ഇയാളില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി മറ്റനേകം പേരും രംഗത്ത് വന്നതോടെ 2018 ഒക്ടോബര്‍ 15 ന് എം.ജെ. അക്ബര്‍ കോടതിയില്‍ മാനനഷ്ടക്കേസ് നല്കി.
അന്ന് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന എം.ജെ. അക്ബര്‍ രണ്ടു ദിവസത്തിനു ശേഷം രാജിവയ്ക്കുകയും ചെയ്തു. അക്ബറിന്റെ കേസില്‍ 2019 സെപ്തംബറില്‍ ആയിരുന്നു രമണിയുടെ മൊഴിയെടുത്തത്. ട്വീറ്റിലും വോഗിലും എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്ന കാര്യത്തില്‍ അവര്‍ ഉറച്ചു നിന്നു.
അക്ബറിന്റെ ന്യായീകരണം
പ്രശസ്തിക്ക് വേണ്ടി സാങ്കല്‍പ്പിക കഥ മെനഞ്ഞ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അക്ബര്‍ കോടതിയില്‍ പറഞ്ഞത്. മനപ്പൂര്‍വ്വം തന്നെ കരിവാരി തേയ്ക്കാനുള്ള ശ്രമം എന്നും പ്രതികരിച്ചു. '' അവര്‍ നടത്തിയ ആദ്യ ട്വീറ്റിലോ വോഗില്‍ എഴുതിയ ലേഖനത്തിലോ തന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതതേക്കുറിച്ച് ചോദിച്ചപ്പോഴും തന്റെ പേരില്‍ ഒന്നും പറഞ്ഞില്ല എന്നുമാണ് പറഞ്ഞത്. വോഗിന്റെ ഉപദേശപ്രകാരമാണ് അവര്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇതിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ശ്രമം.'' അക്ബറിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.
രമണി കോടതിക്ക് നല്കിയ മൊഴി
'' ആദ്യ ജോലി ഇന്റര്‍വ്യൂവിന് എത്തിയപ്പോള്‍ നേരിടേണ്ടി വന്ന അനുഭവമാണ് താന്‍ വെളിപ്പെടുത്തിയത്. വോഗില്‍ എഴുതിയ ലേഖനത്തിലും 2019 ഒക്ടോബറില്‍ ഇട്ട ട്വീറ്റിലും പറഞ്ഞിരുന്നത് സത്യമാണ്. തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ഒരു സ്ത്രീ തുറന്നു പറയുന്നതിന് പ്രാധാന്യം ഏറെയാണ്. പലരും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നത് സദാചാരം ഭയന്നാണ്.
അക്ബറിനെതിരേയുള്ള വെളിപ്പെടുത്തല്‍ പൊതു താല്പര്യം മാനിച്ചാണ്. മീ ടൂ പ്രചരണത്തിന്റെ ഭാഗമായി വന്ന എന്റെ വെളിപ്പെടുത്തലുകള്‍ സ്ത്രീകളെ ശാക്തീകരിക്കാനും തൊഴിലിടങ്ങളിലെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോദ്ധ്യപ്പെടുത്താനുമാണ്. കേസ് വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കില്ല. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയായ താന്‍ ബംഗലുരുവില്‍ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം നയിക്കുകയാണ്.
ഇത്തരം ഒരു തുറന്നു പറയല്‍ ഒരു സാധാരണ പെണ്‍കുട്ടിക്ക് അത്ര എളുപ്പമല്ല. മിണ്ടാതിരുന്നിരുന്നെങ്കില്‍ തന്നെ ലക്ഷ്യം വെച്ച് വരുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞേക്കുമായിരിക്കും. പക്ഷേ അതൊരു ശരിയായ കാര്യമാണെന്നു കരുതുന്നില്ല. പൊതുജനവും ശരിയായി ചിന്തിക്കുന്നവരും അക്ബറിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനാണ് ലേഖനവും ട്വീറ്റും നടത്തിയതെന്നും അതൊരു തെറ്റായിരുന്നെന്നും ഒരിക്കലും കരുതുകില്ലെന്നും പറഞ്ഞു.






