
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെക്കുറിച്ചു മുമ്പു ചില വിശകലനങ്ങള്‍ നടന്നതാണ്. അതുമായി ബന്ധപ്പെട്ട അനേ്വഷണം മുന്നോട്ടു പോകുന്നതുകൊണ്ടാണു വീണ്ടും പരാമര്‍ശിക്കേണ്ടിവരുന്നത്. ആ കലാപം കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് നടന്നതെങ്കിലും അതിനു പിന്നിലുണ്ടായിരുന്നത് ചില ആഗോള ഇന്ത്യാ വിരുദ്ധ ശക്തികളാണ്. അവര്‍ ആ പദ്ധതി ആസൂത്രണം ചെയ്തത്, അത് നടപ്പാക്കിയത് എങ്ങനെയെന്നു പുറത്തുവന്നു കഴിഞ്ഞു. ഇപ്പോള്‍ ഒരു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. അതൊരു തുടക്കം മാത്രമാണ്. പക്ഷേ, ആ പെണ്‍കുട്ടിയുടെ അറസ്റ്റിനോടു നമ്മുടെ മുഖ്യധാരാ രാഷ്്രടീയ കക്ഷി നേതാക്കളും മറ്റു ചിലരും പ്രതികരിച്ച രീതിയാണ് ആശങ്കാജനകം. രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തയാറായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു പകരം സംരക്ഷിക്കുന്ന സമ്പ്രദായം യഥാര്‍ഥത്തില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ആ കലാപത്തിലുള്ള റോള്‍ എന്തായിരുന്നു എന്നുപോലും ചിന്തിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണു റിപ്പബ്ലിക് ദിനം. നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങള്‍, പാരമ്പര്യം, രാജ്യത്തിന്റെ സൈനികശേഷിയുടെ യഥാര്‍ഥ ചിത്രം ഒക്കെ ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ മാത്രമല്ല ലോകത്തെ കാണിച്ചുകൊടുക്കുന്ന ഒന്നായി ആ ദിവസത്തിലെ പരേഡ് മാറാറുണ്ടല്ലോ. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലും, ഓരോ ഇന്ത്യക്കാരനേയും പുളകമണിയിക്കുന്നതായി ആ ചടങ്ങും പരേഡും. എന്നാല്‍ അതിനിടെയാണ് ചിലര്‍ കലാപത്തിന് ശ്രമിച്ചത്. ആ പരേഡ് അട്ടിമറിക്കലും അവരുടെ പദ്ധതിയായിരുന്നു എന്നുവേണം മനസിലാക്കാന്‍.
21 വയസും കലാപകാരികളും
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റില്‍ നിന്നാണ് ഈ ഗൂഢപദ്ധതി രാജ്യമറിയുന്നത്. ഒരു ടൂള്‍കിറ്റ് ആണ് അവര്‍ പുറത്തുവിട്ടത്. എന്ത് എപ്പോള്‍ എങ്ങിനെ ചെയ്യണം എന്നതാണ് അതിലുണ്ടായിരുന്നത്. അതോടെ ഇത് വിദേശ ബന്ധമുള്ള പദ്ധതിയാണെന്ന സംശയം സ്ഥിരീകരിച്ചു. ഇതൊക്കെ ഇന്ത്യയിലുള്ളവര്‍ അറിയാതെ ചെയ്യാനാകില്ലെന്നും തീര്‍ച്ചയാക്കി. അങ്ങിനെയാണ് ഡല്‍ഹി പോലീസ് അനേ്വഷണം തുടര്‍ന്നത്. സാങ്കേതിക സഹായത്തോടെ നടന്ന അനേ്വഷണത്തിലാണ് ഗ്രേറ്റ തുന്‍ബെര്‍ഗ് മാത്രമല്ല ഖലിസ്ഥാന്‍ വാദമുന്നയിക്കുന്ന പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് (പി.ജെ.എഫ്) കൂടി അതിനൊപ്പമുണ്ടായിരുന്നെന്നു തെളിഞ്ഞത്. ഖാലിസ്ഥാന്‍ വാദികള്‍ കര്‍ഷകസമരത്തിന്റെ സഹായികളും മറ്റുമായുണ്ട് എന്നത് ആദ്യമായി ഉയരുന്ന ആക്ഷേപമല്ല; സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നല്ലോ.
മറ്റൊന്ന് പ്രധാനമന്ത്രി ഒരിക്കല്‍ സൂചിപ്പിച്ച സമരജീവികളാണ്. എവിടെ സമരമുണ്ടോ അവിടെയൊക്കെ അത്തരക്കാരുണ്ട്. വിവിധ കോണുകളില്‍ നിന്നുള്ളവരാണെങ്കിലും സ്വഭാവവും ശൈലിയുമൊക്കെ ഒന്നാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലും കാമ്പസുകളിലുമൊക്കെ അവരെ കണ്ടു. നരേന്ദ്ര മോദിയുടെ നിരീക്ഷണം വളരെ കൃത്യമായിരുന്നു. ഇക്കൂട്ടര്‍ക്കൊക്കെ ഇന്നുള്ള അടുപ്പം രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷികളോടാണ്, അവയുടെ നേതാക്കളോടാണ്. ആ നേതാക്കളൊക്കെ ജനുവരി 26- നു നടന്ന ഈ കലാപത്തെ ന്യായീകരിച്ചു. സംശയാസ്പദമായ ആ നിലപാട് പ്രതിപക്ഷ നേതാക്കള്‍ കലാപവുമായി ബന്ധപ്പെട്ട അറസ്റ്റിനു ശേഷവും പ്രകടമാക്കി.
ബംഗളൂരുവില്‍നിന്നാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. 21 വയസുകാരി പെണ്‍കുട്ടി. മറ്റൊരു മലയാളി പെണ്‍കുട്ടിയുമുണ്ട് പ്രതിപ്പട്ടികയില്‍, മുംബൈ നിവാസി. ഈ അറസ്റ്റ് നടന്നപ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നല്ലേ പ്രതിപക്ഷ നേതാക്കള്‍ പറയേണ്ടിയിരുന്നത്? എന്നാല്‍, ആ കലാപകാരികളെ സംരക്ഷിക്കാന്‍ അവര്‍ രംഗത്തുവന്നു.
കലാപകാരികളുടെ വയസ് ഒരു പ്രശ്നമാണോ? ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ഏത് പ്രായത്തിലുള്ളയാള്‍ തെറ്റ് ചെയ്താലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമല്ലോ. ബാല്യത്തിലുള്ളയാളിന് അതിന്റേതായ രീതിയും. എന്നാല്‍, ഒരാളും മോചിതമാവുന്നില്ല. ഇവിടെ അറസ്റ്റിലായ പെണ്‍കുട്ടിക്ക് വയസ് 21 ആയതേയുള്ളു, കുടുംബ പശ്ചാത്തലം നല്ലതാണ് എന്നൊക്കെ പറയുന്നു. അവരെ അറസ്റ്റ് ചെയ്തത് മനഃപൂര്‍വമുള്ള നീക്കമാണെന്നും ആക്ഷേപം.
യുവ ആക്ടിവിസ്റ്റുകളെ കേസുകളില്‍ കുടുക്കുന്നത് നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്യാന്‍ സി.പി.എം. പോളിറ്റ് ബ്യുറോ തയാറായി. സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി മുതല്‍ കെജ്രിവാള് വരെ എല്ലാവരും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഒരാളുടെ കുടുംബം നന്നായാല്‍, പ്രായം കുറഞ്ഞാല്‍ മഹത്വമൊന്നും പറയാനില്ല, നിയമ സംരക്ഷണവുമില്ല. കശ്മീരിലെ പഴയ ഭീകരത്തലവന്‍ ബുര്‍ഹാന്‍ വാനി ഒരു ഹെഡ്മാസ്റ്ററുടെ മകനായിരുന്നല്ലോ; റിയാസ് നായ്ക്ക് അധ്യാപകനായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലും മറ്റും അധ്യാപകവൃത്തി നോക്കിയിരുന്നവര് മാവോയിസ്റ്റുകളായിട്ടുണ്ടല്ലോ; അവരൊക്കെ എന്തൊക്കെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പോലും ചിലര്‍ കുടുങ്ങിയത് കണ്ടതാണല്ലോ.
ഒരു സംശയം വേണ്ട, ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ചെയ്തുകൂടാ. അതാണ് രാജനീതി. മോദി സര്‍ക്കാര്‍ അനേ്വഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യവും അതാണ്. നിയമം നിയമത്തിന്റെ വഴിയിലൂടെ പോകണം; നിരപരാധികള്‍ ക്രൂശിക്കപ്പെടരുത്. വിദേശസഹായം പറ്റിക്കൊണ്ട് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ഒരു വിട്ടുവീഴ്ചയും വേണ്ട. ഇത്തരം വേളകളില്‍ പ്രമുഖ നേതാക്കള്‍ എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ വരുന്നില്ലെന്നും ആലോചിക്കണം. പൗരത്വ പ്രശ്നം അടക്കം അനവധി പ്രക്ഷോഭങ്ങള്‍ നാം കണ്ടതാണ്. അനവധി അക്രമങ്ങളും. അത് ഡല്‍ഹി കലാപം വരെ എത്തി. അനവധിപേര്‍ കേസുകളില്‍ കുടുങ്ങി; പലരും യു.എ.പി.എയിലകപ്പെട്ടു. സീതാറാം യെച്ചൂരിയെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത് മറക്കുകയല്ല. അത് കോടതിയുടെ മുന്നിലാണ്. എന്നാല്‍, അക്രമം നടത്തുന്നവര്‍ മാത്രം പോരാ, അതിന് പ്രകോപിപ്പിക്കുന്നവരും അനേ്വഷണ പരിധിയില്‍ വരേണ്ടതുണ്ട്. റിപ്പബ്ലിക് ദിന കലാപത്തില്‍ അതുകൂടി അനേ്വഷണ ഏജന്‍സികള്‍ ശ്രദ്ധിക്കുമെന്നു കരുതാം.





