കേരളം അഭിമാനത്തോടെ പറയുന്ന സാമൂഹിക പുരോഗതിയുടെ മുഖത്ത് കനത്ത പ്രഹരമാണ് തീക്കോയിയില്‍നിന്ന് പുറത്തുവന്ന നവജാതശിശു വില്‍പനക്കേസ്. ആദ്യം ഒറ്റപ്പെട്ട സംഭവമെന്നു കരുതിയ കുറ്റകൃത്യം ദിവസങ്ങള്‍ക്കകം സംഘടിതമായ മനുഷ്യക്കടത്തിന്റെയും ശിശുവില്‍പനയുടെയും ശൃംഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടു പ്രതികളുടെ അറസ്‌റ്റില്‍ ആരംഭിച്ച അന്വേഷണം, പിറ്റേന്ന് ഇടനിലക്കാരിയായ യുവതിയുടെ അറസ്‌റ്റിലേക്കും മറ്റൊരു കുഞ്ഞിനെ അനധികൃതമായി വിറ്റതായുള്ള കണ്ടെത്തലിലേക്കും വ്യാപിച്ചു. ആറ് മാസം മുമ്പും സമാനരീതിയില്‍ ഒരു നവജാതശിശുവിനെ വിറ്റതായി പോലീസിന് ലഭിച്ച സൂചന, ഈ കേസിന്റെ വ്യാപ്‌തി എത്ര ഭീതിജനകമാണെന്നു വ്യക്‌തമാക്കുന്നു. ഫോണ്‍ രേഖകളും സാമ്പത്തിക ഇടപാടുകളും ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങളും പരിശോധിക്കുമ്പോള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഈ സംഘത്തിന്റെ ഇരകളായിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഈ കേസിന്റെ ഏറ്റവും ഭീകരമായ വസ്‌തുത കുറ്റവാളികള്‍ തെരഞ്ഞെടുത്ത ഇരകളാണ്. വിവാഹേതര ബന്ധത്തില്‍ ഗര്‍ഭം ധരിച്ചവര്‍, കുടുംബം ഉപേക്ഷിച്ച ഗര്‍ഭിണികള്‍, ഇതര സംസ്‌ഥാനങ്ങളില്‍നിന്നു തൊഴില്‍ തേടിയെത്തിയ നിസ്സഹായ സ്‌ത്രീകള്‍, പരാതിപ്പെടാന്‍ സാമൂഹിക പിന്തുണയില്ലാത്തവര്‍-ഇവരെയാണ് ലക്ഷ്യമിട്ടത്. സ്‌ത്രീയുടെ നിസ്സഹായാവസ്‌ഥയും മാതൃത്വവും നവജാതശിശുവും വരെ വിലപേശാവുന്ന ചരക്കുകളായി മാറുന്ന സമൂഹത്തിന്റെ വികൃതമുഖമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
അസം സ്വദേശിനിയായ യുവതിയുടെ അനുഭവം നടുക്കുന്നതാണ്. സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാന്‍ ശ്രമിച്ച ഒരു അമ്മയെ സഹായിക്കാമെന്ന വ്യാജേന സാമൂഹികമാധ്യമങ്ങളിലൂടെ സമീപിക്കുന്നു. വിശ്വാസം നേടിയ ശേഷം കേരളത്തിലേക്കു കൊണ്ടുവരുന്നു. റബര്‍തോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടില്‍ പാര്‍പ്പിക്കുന്നു. പ്രസവശേഷം കുഞ്ഞിനെ കൈമാറാന്‍ സമ്മര്‍ദം ചെലുത്തുന്നു. വിസമ്മതിച്ചപ്പോള്‍ തടങ്കലിലും ഭീഷണിയിലും ആക്കുന്നു. സാങ്കേതികവിദ്യയെ ചൂഷണത്തിനായി ഉപയോഗിക്കുന്ന കുറ്റവാളികളുടെ മറ്റൊരു മുഖമാണിത്.
ഇവിടെ മറ്റൊരു അസ്വസ്‌ഥപ്പെടുത്തുന്ന ചോദ്യവുമുണ്ട്. നിയമപരമായ ദത്തെടുപ്പ് സംവിധാനങ്ങള്‍ നിലവിലിരിക്കെ അനധികൃത ശിശുവിപണിക്ക് ആവശ്യക്കാരുണ്ടാകുന്നത് എന്തുകൊണ്ടാണ്? കുഞ്ഞിനെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ചിലര്‍ നിയമത്തിന്റെ വഴി ഉപേക്ഷിച്ച് പണത്തിന്റെ വഴിയിലൂടെ ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നുണ്ടോ? അങ്ങനെ സംഭവിക്കുന്നിടത്തോളം ശിശുവില്‍പനയ്‌ക്കുള്ള വിപണി അവസാനിക്കില്ല. കുഞ്ഞിനെ വാങ്ങുന്നവരും കുഞ്ഞിനെ വില്‍ക്കുന്നവരെപ്പോലെ തന്നെ ഈ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന ബോധം സമൂഹത്തില്‍ ഉറപ്പിക്കപ്പെടണം. മാതാപിതാക്കളാകാനുള്ള ആഗ്രഹം പോലും നിയമത്തിന്റെയും ധാര്‍മികതയുടെയും അതിരുകള്‍ ലംഘിക്കാനുള്ള ന്യായീകരണമാകരുത്.
ഈ കേസില്‍ കേരളത്തിന് അഭിമാനിക്കാവുന്ന കാര്യം അംഗന്‍വാടി അധ്യാപിക പി. എസ്. രമയും ഭര്‍ത്താവ് അപ്പുവും കാട്ടിയ പൗരബോധമാണ്. കരഞ്ഞുകൊണ്ട് നടക്കുന്ന അപരിചിതയായ യുവതിയെ കണ്ടിട്ട് അവര്‍ക്ക് ഗൗനിക്കാതെ ഇരിക്കാമായിരുന്നു. അവര്‍ അങ്ങനെ ചെയ്‌തില്ല. ഭാഷ അറിയാതിരുന്നിട്ടും വിവരങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചു. പോലീസിനെ അറിയിച്ചു. വനിതാ പോലീസ് എത്തുന്നതുവരെ യുവതിക്ക് അഭയവും ഭക്ഷണവും നല്‍കി. അവരുടെ മാനുഷിക ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഈ കുറ്റകൃത്യം ഇന്നും പുറത്തുവരുമായിരുന്നില്ല. സമൂഹത്തെ രക്ഷിക്കുന്നത് എല്ലായ്‌പ്പോഴും നിയമസംവിധാനങ്ങള്‍ മാത്രമല്ല;ഇത്തരത്തിലുള്ള ജാഗ്രതയുള്ള സാധാരണ മനുഷ്യരാണ്.
ഈ കേസ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഗൗരവമായ മുന്നറിയിപ്പാണ്. അനധികൃത അഭയകേന്ദ്രങ്ങളും പ്രസവശുശ്രൂഷയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളും കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ സംയുക്‌ത പരിശോധന അനിവാര്യമാണ്. നിയമപരമായ ദത്തെടുപ്പ് നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വിശ്വാസ്യതയുള്ളതുമാക്കേണ്ടതുമുണ്ട്. എന്നാല്‍, നിയമത്തിനും ഭരണത്തിനും അപ്പുറത്ത് സമൂഹവും ആത്മപരിശോധന നടത്തണം. വിവാഹേതര ഗര്‍ഭധാരണം ഇന്നും അപമാനത്തിന്റെ കണ്ണിലൂടെ കാണുന്ന സാമൂഹിക മനോഭാവമാണ് ഇത്തരക്കാരെ കുറ്റവാളികളുടെ കൈകളിലേക്ക് തള്ളിവിടുന്നത്. കുടുംബവും സമൂഹവും കൈവിടുമ്പോള്‍ കുറ്റവാളികളാണ് കൈപിടിക്കുന്നത്. ആ കൈ രക്ഷയുടേതല്ല, ചൂഷണത്തിന്റേതാണെന്ന് ഈ കേസ് ഓര്‍മിപ്പിക്കുന്നു.

Comments