
കോഴിക്കോട് : നിയമസഭ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് മുന്‍പായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതില്‍ ബി.ഡി.ജെ.എസിനെതിരെ ബി.ജെ.പി. ഘടകകക്ഷിയെന്ന നിലയില്‍ അവശ്യമായ പരിഗണന നല്‍കുമെന്നും, മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത് ശരിയല്ലന്നും ജില്ലാ നേതൃത്വം പറഞ്ഞു. .
നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കോഴിക്കോട് സൗത്ത് സീറ്റില്‍ കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസ് , പാര്‍ട്ടി ജില്ലാ ട്രഷറര്‍ സതീഷ് കുറ്റിയലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സൗത്തില്‍ ഉള്‍പ്പെടെ രണ്ട് വാര്‍ഡില്‍ ബിജെപി ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ സൗത്ത് സീറ്റ് ഏറ്റെടുത്ത് മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനത്തെ ഞെട്ടിച്ചുകൊണ്ടാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
സൗത്ത് സീറ്റ് കൂടാതെ പേരാമ്പ്ര, തിരുവമ്പാടി സീറ്റുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ബി.ഡി.ജെ.എസ് ചര്‍ച്ച തുടങ്ങി. പേരാമ്പ്ര മണ്ഡലത്തില്‍ സുകുമാരന്‍ നായരായിരുന്നു കഴിഞ്ഞതവണ മത്സരിച്ചത്.എന്നാല്‍ അദ്ദേഹത്തിന്റെ സിപിഎം ലേക്കുള്ള കൂറുമാറ്റം പാര്‍ട്ടിക്ക് തിരിച്ചടിയായി. അതുകൊണ്ട് തന്നെ പുതിയ ആളുകളെ രംഗത്തിറക്കാനാണ് സാധ്യത.
കഴിഞ്ഞതവണ മത്സരിച്ച 39 സീറ്റിലും മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ഇത്തവണയും വേണമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളുമായും സംസ്ഥാന പ്രസിഡന്റുമാരുമായും ആശയ വിനിമയം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തോട് ബിജെപി നേതൃത്വം മുഖം തിരിക്കുകയാണ്.






