
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്. ലൈഫ് മിഷന് നിര്‍മ്മാണ കരാറുകാരനായ യുണിടാക് എം.ഡി സന്തോഷ് ഈപ്പന് വാങ്ങിയ ഐ-ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്. അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏറ്റവും വില കൂടിയ ഫോണ്‍ ആണിത്. 1.13 ലക്ഷം രൂപയാണ് ഈ ഫോണിന്റെ വില.
സന്തോഷ് ഈപ്പന് യു.എ.ഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഫോണ്‍ എങ്ങനെ വിനോദിനിക്ക് ലഭിച്ചത് എങ്ങനെയാണെന്ന് കസ്റ്റംസ് അന്വേഷിക്കുകയാണ്
ഐഎംഇഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിംകാര്‍ഡ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് വിവാദമാകും വരെ വിനോദിനി ഈ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ ഫോണില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിരിക്കുന്നത് യു.എന്‍.എഫ്.എഫ് സൊല്യൂഷന് എന്ന വിസ സ്റ്റാമ്പിംഗ് ഏജന്‍സിയിലാണ്. ലൈഫ് മിഷനു മാത്രമല്ല, സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായും ബന്ധപ്പെട്ടതാണ് ഈ ഇടപാടുകളെന്ന് കസ്റ്റംസിന് സൂചന ലഭിച്ചു. നിലവില്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നയാളെയും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ നറുക്കെടുപ്പില്‍ സമ്മാനിക്കുന്നതിനായി ആറ് ഐഫോണുകളാണ് സന്തോഷ് ഈപ്പന് വാങ്ങി നല്‍കിയത്. ഇതില്‍ ഏറ്റവും വില കൂടിയ ഫോണ്‍ ആണ് കോണ്‍സുല്‍ ജനറലിന് നല്‍കിയത്. തനിക്ക് ഈ ഫോണ്‍ വേണ്ടെന്നും മറ്റൊന്നു മതിയെന്നും അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് സന്തോഷ് ഈപ്പന് മറ്റൊരു ഐ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. കോണ്‍സുല്‍ ജനറലിന് ആദ്യം നല്കിയ ഫോണ്‍ ആണ് വിനോദിനിയുടെ പക്കലെത്തിയിരിക്കുന്നത്.
മറ്റ് അഞ്ച് ഫോണുകള്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്, ഒരു പരസ്യ ഏജന്‍സി ഉടമ പ്രവീണ്‍, എയര്‍ അറേബ്യയിലെ മാനേജരായ പത്മനാഭ ശര്‍മ്മ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ്.






