
തൊടുപുഴ: എല്ലാ ജന്മദിനത്തിലും എന്നപോലെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല. 85-ാം പിറന്നാള്‍ ദിനമായ ഇന്നും തൊടുപുഴക്കാരുടെ സ്വന്തം ഔസേപ്പച്ചനായ മുന്‍മന്ത്രി പി.ജെ. ജോസഫ് പതിവുപരിപാടികളുമായി തൊടുപുഴയില്‍ സജീവമാകും. പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍നിന്നു പടിയിറങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മൂത്തമകന്‍ അപു തൊടുപുഴയുടെ സാരഥ്യമേറ്റെടുത്തതും ജന്മനാളില്‍ മധുരം പകരുന്നു.
കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളിലൊരാളാണ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. രാഷ്‌ട്രീയത്തേക്കാളേറെ സംഗീതത്തെയും കൃഷിയെയും സ്‌നേഹിച്ച മനുഷ്യന്‍, എഴുത്തുകാരന്‍, 36-ാം വയസില്‍ ആഭ്യന്തരമന്ത്രി, നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വം ചില നേതാക്കളിലൊരാള്‍... ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട്. കഴിഞ്ഞ വര്‍ഷമാണു ശതാഭിഷേകം ആഘോഷിച്ചത്. ഈ പ്രായത്തിലും കൃഷിയും സംഗീതവുമാണ് ജോസഫിന്റെ ജീവാത്മാവ്.
പതിവായി പുലര്‍ച്ചെ നാലുമണിക്ക് ജോസഫ് എഴുന്നേല്‍ക്കും. പ്രഭാതകര്‍മങ്ങള്‍ക്കുശേഷം ബി.ബി.സി പോലെയുള്ള രാജ്യാന്തര ചാനലുകള്‍ കാണും. പിന്നെ നേരെ മുറ്റത്തോടുചേര്‍ന്നുള്ള തൊഴുത്തിലേക്ക്. അവിടെ പാട്ടുപെട്ടിയില്‍നിന്ന് പഴയ പാട്ടുകള്‍ ഒഴുകിയെത്തുന്നുണ്ടാകും. ചൂട് കുറയ്‌ക്കാന്‍ തൊഴുത്തില്‍ ഫാനുമുണ്ട്. പശുക്കളെയെല്ലാം പേരെടുത്തു വിളിച്ച് വിശേഷം ചോദിക്കും. പണിക്കാര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. ഇടുക്കി ജില്ലയില്‍ത്തന്നെ ഏറ്റവുമധികം പാല്‍വില്‍ക്കുന്ന ക്ഷീരകര്‍ഷകനാണു ജോസഫ്. തൊഴുത്തില്‍നിന്ന് പിന്നീട് പുരയിടത്തിലേക്കാണ്. വിവിധ കൃഷികളുടെ സംഗമഭൂമിയാണിവിടം. ഒരു ചെടി വാടിയാല്‍ ജോസഫിന്റെ മുഖവും വാടും. എവിടെപ്പോയാലും പുതിയ ഒരു ചെടിയുമായിട്ടാകും ജോസഫ് പാലത്തിനാല്‍ വീട്ടിലേക്കു വരിക. അതാണ് കൃഷിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം.
ഭക്ഷണകാര്യത്തില്‍ മീനും പച്ചക്കറികളുമാണു പ്രിയം. വാഴച്ചുണ്ട്, ചീര തുടങ്ങിയ ഇനങ്ങളോടാണു വലിയ താല്‍പര്യം. ഒരുവിധപ്പെട്ട പച്ചക്കറികളെല്ലാം ജൈവരീതിയില്‍ സ്വന്തമായി ഉത്‌പാദിപ്പിക്കുന്നുണ്ട്. അതാണ് ജോസഫിന്റെ ആരോഗ്യരഹസ്യവും.
തൊടുപുഴയില്‍നിന്ന് പി.ജെ. ജോസഫിനെയും ജോസഫില്‍നിന്ന് തൊടുപുഴയെയും വേര്‍പെടുത്താനാകില്ല. 1970-ല്‍ എം.എല്‍.എയായപ്പോള്‍ തുടങ്ങിയ ആത്മബന്ധം അടരാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു. തൊടുപുഴയെ ഇന്നു കാണുന്ന നഗരമാക്കിയതു ജോസഫാണെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഏഴോളം ബൈപ്പാസുകള്‍ തൊടുപുഴയിലുണ്ടായതും ജോസഫിന്റെ മാത്രം ഭരണ മികവാണ്.






