
മൂവാറ്റുപുഴ/പിറവം: മൂവാറ്റുപുഴയാറില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പാലക്കാട് ഇലവഞ്ചേരി കുമ്പളക്കോട് കെ. നാരായണന്‍ (51), ഭാര്യ പി.വി. വിജിമോള്‍ (40), ഇവരുടെ ഒന്നര വയസുള്ള ആണ്‍കുട്ടി എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നു കരുതുന്ന ഏഴു വയസുകാരിയായ മകള്‍ ഹെന്നയ്‌ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
26 നു വൈകിട്ട് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തിരുന്നു. ഇന്നലെ ഉച്ചയ്‌ക്കാണ് നാരായണന്റെ മൃതദേഹം കണ്ടെടുത്തത്. മൂവാറ്റുപുഴയാറ്റിലെ മുളക്കുളം കളമ്പൂര്‍ പാലത്തിനു സമീപത്തും ആറാട്ടുകടവ് ഭാഗത്തുമാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാരായണന്റെ മൃതദേഹം പിറവം ആറ്റുതീരം പാര്‍ക്കിനു സമീപത്തുനിന്നാണു കണ്ടെടുത്തത്. ആദ്യദിനം മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് റൂറല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരിച്ചവരെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചത്. കോതമംഗലത്തിനടുത്തുള്ള ചെറുവട്ടൂരില്‍ സുബൈര്‍ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. മരിച്ച വിജിമോള്‍ക്ക് കാഴ്‌ച പരിമിതിയുണ്ടായിരുന്നു. ഒരാഴ്‌ച മുമ്പാണ് കുടുംബം വീടുവിട്ടത്. ഇടയ്‌ക്കിടെ ഇവര്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു യാത്ര പോകാറുള്ളതിനാല്‍ വീട്ടുടമയോ അയല്‍ക്കാരോ അന്വേഷിച്ചില്ല. മറ്റുള്ളവരുമായി അധികം സമ്പര്‍ക്കമില്ലാതെയാണ് ഇവര്‍ ജീവിച്ചിരുന്നതെന്നും പറയുന്നു. ബിജിയും നാരായണനും സ്വന്തം മാതാപിതാക്കളോടോ അടുത്ത ബന്ധുക്കളോടോ നല്ല ബന്ധത്തിലായിരുന്നില്ല. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പിറവം ആറ്റുതീരം പാര്‍ക്കിനു സമീപത്തെ കടയിലെത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായകമായെങ്കിലും ഒപ്പമുണ്ടായിരുന്ന നാരയണനെയും മകളെയും കുറിച്ച് സൂചനയില്ലാതെ വന്നത് ദുരൂഹത ഉയര്‍ത്തിയിരുന്നു. എന്നാല്‍ നാരായണന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ സംഭവം കൂട്ട ആത്മഹത്യയാണെന്ന നിഗമനത്തിലാണു പോലീസ്.
മരണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം തൃപ്പൂണിത്തുറ പൊതു ശ്‌മശാനത്തില്‍ ഇന്നു സംസ്‌കരിക്കും. 2017 മാര്‍ച്ച് 26 നായിരുന്നു നാരായണന്റെയും വിജിമോളുടെയും വിവാഹം. മൂവാറ്റുപുഴ മാനാറി പാലക്കപറമ്പില്‍ വിജയന്‍-ജഗദമ്മ ദമ്പതികളുടെ മകളാണു വിജിമോള്‍. വിജേഷ്, വിഷ്‌ണു എന്നിവര്‍ സഹോദരങ്ങളാണ്. കാണാതായ ഹെന്ന നാരായണന്‍ (7) ചെറുവട്ടൂര്‍ ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഒന്നരവയസുകാരനു പേരിട്ടിട്ടില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാകാം കുടുംബത്തെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണു പോലീസ്. ആരാധനാലയങ്ങളില്‍ എത്തുന്നവരോടു സഹായമഭ്യര്‍ഥിച്ചും പ്രാര്‍ഥനാകേന്ദ്രങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ചും മറ്റുമാണ് ഇവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്.വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ ഇവര്‍ കോതമംഗലം പോലീസ് സ്‌റ്റേഷനെ സമീപിക്കുകയും പോലീസുദ്യോഗസ്‌ഥര്‍ ഇവര്‍ക്ക് താമസസ്‌ഥലം ശരിയാക്കി നല്‍കുകയും ചെയ്‌തിരുന്നു. ഈയാഴ്‌ച അവിടേക്കു മാറാനിരിക്കെയാണ് ദാരുണസംഭവം.






