
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്കെതിരേ യു.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് എല്‍.ഡി.എഫ്. പിന്തുണ നല്‍കുമോയെന്നതില്‍ രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവം.
പ്രമേയത്തെ എതിര്‍ക്കില്ലെന്ന സൂചനയുമായി ജില്ലയിലെ മുതിര്‍ന്ന എല്‍.ഡി.എഫ്. നേതാക്കള്‍. ബി.ജെ.പി. കൗണ്‍സിലര്‍ ആര്‍. സുഗതന്‍ ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഭിമുഖീകരിക്കുന്നത് കടുത്ത സമ്മര്‍ദം. ദേശീയതലത്തില്‍ എന്‍.ഡി.എയെ എതിര്‍ക്കുന്ന 'ഇന്ത്യാ സഖ്യം' തലസ്‌ഥാനത്ത് യാഥാര്‍ഥ്യമാകുമോയെന്നു രാഷ്‌ട്രീയകേന്ദ്രങ്ങളില്‍ കൗതുകം. അവിശ്വാസ പ്രമേയം വിജയിക്കുമോ എന്നത് എല്‍.ഡി.എഫിന്റെ അന്തിമ തീരുമാനത്തെയും എന്‍.ഡി.എയെ പിന്തുണയ്‌ക്കുന്ന സ്വതന്ത്ര അംഗത്തിന്റെ നിലപാടിനെയും ആശ്രയിച്ചിരിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ എല്‍.ഡി.എഫിന്റെ നിലപാട് നിര്‍ണായകമാണ്. നാളെ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ശബരീനാഥന്‍ അറിയിച്ചു. വിഷയത്തില്‍ കൈക്കൊള്ളേണ്ട നിലപാട് ജില്ലാതലത്തില്‍ രാഷ്‌ട്രീയമായി തീരുമാനിക്കേണ്ടതാണെന്ന് മന്ത്രി കെ. മുരളീധരന്‍ പ്രതികരിച്ചു.
അതിനിടെ, അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ്. എതിര്‍ക്കില്ലെന്നു മുന്‍മന്ത്രി വി. ശിവന്‍കുട്ടി സൂചിപ്പിച്ചു. ബി.ജെ.പിയെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ ലഭിക്കുന്ന ആദ്യ രാഷ്‌ട്രീയ അവസരമാണിത്. യു.ഡി.എഫുമായി രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബി.ജെ.പി. ഭരണം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് വ്യക്‌തമായ നിലപാടാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്‌ഞ സംബന്ധിച്ച ഹൈക്കോടതി വിധി ഭരണസമിതിക്കേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, എന്‍.ഡി.എയ്‌ക്കൊപ്പമുള്ള നിലപാടില്‍ മാറ്റമില്ലെന്നു സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്‌ണന്‍ വ്യക്‌തമാക്കി. കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധിയോ ഭരണസ്‌തംഭനമോ ഇല്ലെന്നും അവിശ്വാസ പ്രമേയത്തിന് സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍. സുഗതന്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
സുനില്‍ ജെ. സണ്ണി






