
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എം.വി. ഗോവിന്ദനു കുരുക്ക്. പുതിയ യു.ഡി.എഫ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിയമസഭയില്‍ അവതരിപ്പിച്ച അഴിമതി ആരോപണങ്ങള്‍ ഇപ്പോള്‍ മുന്‍ സര്‍ക്കാരിനെത്തന്നെ തിരിഞ്ഞുകൊത്തുകയാണ്. മദ്യനയവുമായി ബന്ധപ്പെട്ട് ഇടതുമന്ത്രിസഭയുടെ കാലത്തു നടന്ന സംഭവങ്ങളുടെ തെളിവുകള്‍ പുറത്തുവന്നതോടെ എല്‍.ഡി.എഫ്. പ്രതിരോധത്തില്‍.
പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിച്ച് കര്‍ഷകരെ സഹായിക്കുക എന്നായിരുന്നു മുന്‍ പിണറായി സര്‍ക്കാരുകളുടെ കാലത്ത് ഇടതുപക്ഷത്തിന്റെ പ്രചാരണം. അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദനും ഇക്കാര്യം ആവര്‍ത്തിച്ചു. പക്ഷേ ഔദ്യോഗിക മദ്യനയ ഉത്തരവിലെ വിവരങ്ങള്‍ ഗോവിന്ദന്റെ വാദങ്ങളുടെ വിശ്വസനീയത ചോദ്യം ചെയ്യുന്നു.
പോയിന്റ് 23 ആയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് വൈന്‍ നിര്‍മിക്കാനുള്ള അനുമതി മാത്രമാണ് കര്‍ഷകരുമായി ബന്ധപ്പെട്ട് ഗോവിന്ദന്‍ ഉയര്‍ത്തുന്ന വാദങ്ങളിലുള്ളത്. പോയിന്റ് 25 ല്‍ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാനുള്ള അനുമതി. ഈ രണ്ട് പോയിന്റുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത് രണ്ടും ഒന്നാണെന്ന് വരുത്തിത്തീര്‍ത്ത് കബളിപ്പിക്കുകയായിരുന്നോ എന്നാണ് സംശയം.
മദ്യക്കമ്പനികളില്‍ വമ്പന്മാരായ ബക്കാര്‍ഡിയുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കാന്‍ വേണ്ടിയാണ് ഈ തന്ത്രം മെനഞ്ഞതെന്ന സംശയത്തിലേക്കാണു പുറത്തുവന്ന രേഖകള്‍ വിരല്‍ചൂണ്ടുന്നത്. ഗോവിന്ദന്‍ എകൈ്‌സസ് മന്ത്രിയായിരിക്കെ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് നല്‍കിയ കുറിപ്പില്‍ കര്‍ഷകനെന്ന വാക്കുപോലുമില്ല. 42% വീര്യമുള്ള മദ്യത്തിന് പകരം ബക്കാര്‍ഡിയുടെ 20% വീര്യമുള്ള ഉല്‍പന്നം നല്‍കിയാല്‍ മദ്യപാനം കുറയുമെന്ന വിചിത്രന്യായമാണ് അന്ന് കമ്മിറ്റിക്ക് ഗോവിന്ദന്‍ നല്‍കിയത്.
2017 മുതല്‍ ചട്ടങ്ങള്‍ മാറ്റാന്‍ സര്‍ക്കാരിന് മേല്‍ ബക്കാര്‍ഡി കമ്പനി കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. മുന്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്‌ണനും എം.വി. ഗോവിന്ദനും കമ്പനി നേരിട്ട് കത്തുകള്‍ നല്‍കിയിരുന്നു.
പിന്നാലെ ബക്കാര്‍ഡി ഉത്‌പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും അനുകൂലറിപ്പോര്‍ട്ട് തയാറാക്കാനും എകൈ്‌സസ് വകുപ്പിന് ഗോവിന്ദന്‍ അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. കര്‍ഷകര്‍ക്ക് ഒരു രൂപ പോലും ലാഭമുണ്ടാക്കാത്ത ഈ 'മദ്യനയ'ത്തിലൂടെ, ബക്കാര്‍ഡിക്ക് കേരളത്തില്‍ കോടികളുടെ വിപണി തുറന്നുകൊടുക്കാനാണു ശ്രമിച്ചത് എന്നാണ് ആരോപണം.






