
സുനില്‍ മനോഹര്‍ ഗാവസ്കര്‍, ഈ പേര് ലോക ക്രിക്കറ്റിന്റേയും അതേപോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റേയും ചരിത്രത്തിലെ രജതരേഖയാണ്.
1971 മുതല്‍ 1987 വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാലം ഗാവസ്കര്‍ യുഗമായി അറിയപ്പെടുന്നു.ഇന്ത്യയുടെ ഓപ്പണിങ്ങ് ബാറ്റ്സ്മാനും ക്യാപ്റ്റനുമായിരുന്ന ഗാവസ്കര്‍ റിക്കോര്‍ഡുകളുടെ കളിത്തോഴനായിരുന്നു. സച്ചിന് ടെന്‍ഡുല്‍ക്കറുടെ ആഗമനത്തിന് മുമ്പ് ഏതാണ്ട് എല്ലാ ബാറ്റിംങ്ങ് റിക്കോര്‍ഡുകളും ഗാവസ്കറുടെ പേരിലായിരുന്നു. 2021 മാര്‍ച്ച് 6 ന് സുനില്‍ ഗാവസ്കറുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് 50 വര്‍ഷങ്ങള്‍ തികയുകയാണ്.
കൊടുങ്കാറ്റുപോലെയായിരുന്നു സുനില്‍ ഗാവസ്കറുടെ ടെസ്റ്റ് അരങ്ങേറ്റം.1971 ല്‍ വെസ്റ്റിന്‍ഡീസിനെ വെസ്റ്റിന്‍ഡീസില്‍ വെച്ച് ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ ആ വിജയത്തിന്റെ മുഖ്യ ശില്‍പ്പികളില്‍ ഒരാള്‍ സുനില്‍ ഗാവസ്കര്‍ ആയിരുന്നു. 65, 67, 64,116,1,117,124,220 എന്നിങ്ങനെയായിരുന്നു കന്നി പരമ്പരയിലെ ഗാവസ്കറുടെ സ്കോറുകള്‍. പരമ്പരയില്‍ ആകെ 774 റണ്‍സ്.
ബാറ്റിങ്ങ് ശരാശരി 154.80. ഒരു പരമ്പരയില്‍ നാല് സെഞ്ച്വറികള്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന് ആയിരുന്നു സുനില്‍ ഗാവസ്കര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്റ്സ്മാന് ആയിരുന്നു സണ്ണി എന്ന ഓമനപേരില്‍ അറിയപ്പെട്ട സുനില്‍ ഗാവസ്കര്‍. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരെ നേരിട്ടുകൊണ്ടാണ് സുനില്‍ ഗാവസ്കര്‍ ടെസ്റ്റില്‍ പതിനായിരം റണ്‍സും മുപ്പത്തിനാല് സെഞ്ച്വറികളും നേടിയത്. ആന്‍ഡി റോബര്‍ട്സ്, മൈക്കിള്‍ ഹോള്‍ഡിങ്ങ്, ജുവല്‍ ഗാര്ണ്ണര്, മാല്‍ക്കം മാര്‍ഷല്‍, ഇമ്രാന് ഖാന്, സര്‍ഫറാസ് നവാസ്, ഇക്ബാല്‍ ക്വാസിം, ജോണ്‍ സ്നോ ഡെറിക്ക് അണ്ടര്‍വുഡ്, ബോബ് വില്ലിസ്, ഇയാന്‍ ബോത്തം, റിച്ചാര്‍ഡ് ഹാര്ഡ്ലി, ജെഫ് തോംസണ്‍, പാസ്ക്കോ റോഡ്ണി ഹോഗ് എന്നീ പ്രഗല്ഭ ബൗളര്‍മാരെ നേരിട്ടാണ് ഗാവസ്കര്‍ തന്റെ റിക്കോര്‍ഡ് വാരിക്കൂട്ടിയത്. ഫാസ്റ്റ് ബൗളിങ്ങിനെതിരെ കളിക്കാന്‍ അതിവിദഗ്ധനായിരുന്ന ഗാവസ്കറുടെ മുപ്പത്തിനാല് സെഞ്ച്വറികളില്‍ പതിനേഴ് എണ്ണം വെസ്റ്റിന്‍ഡീസ് ഫാസ്റ്റ് ബൗളിങ്ങ് പടക്കെതിരെയായിരുന്നു.
വെസ്റ്റിന്‍ഡീസിനെതിരെ ഗാവസ്കറുടെ ബാറ്റിങ്ങ് ശരാശരി 65.45 ആണ്. ഗാവസ്കര്‍ക്ക് ആദരമായി കരീബിയന്‍ ദ്വീപുകളില്‍ ഏറെ ആരാധകരുണ്ട്. അവിടെ ഗാവസ്കറെ പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുകള്‍ പോലും രചിക്കപ്പെടുകയുണ്ടായി.
സണ്ണി എന്ന പേരില്‍ അറിയപ്പെട്ട ഗാവസ്കര്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്നു. 1970 കളുടെ അവസാനത്തിലും 80 കളിലും ഗാവാസ്കര്‍ ഇന്ത്യയെ നയിച്ചു- 47 ടെസ്റ്റുകളില്‍, അതില്‍ 9 ജയം, 8 തോല്‍വി.എന്നാല്‍ സമനിലകളുടെ എണ്ണം വളരെ കൂടുതല്‍ ആയിരുന്നു- 30.
ക്രിക്കറ്റിലെ യാഥാസ്ഥിതിക നിയമങ്ങള്‍ പിന്തുടര്‍ന്ന ഗാവസ്കര്‍ പലപ്പോഴും അപകടരഹിതമായി ഇന്ത്യയെ നയിച്ചിരുന്നു. പല മത്സരങ്ങളും അതിനാല്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
നൂറ്റി ഇരുപത്തഞ്ച് ടെസ്റ്റുകള്‍ കളിച്ച ഗാവസ്കര്‍, ടെസ്റ്റില്‍ പതിനായിരത്തി ഒരുനൂറ്റി ഇരുപത്തിരണ്ട് റണ്‍സ് നേടിയിട്ടുണ്ട്. മുപ്പത്തിനാല് സെഞ്ച്വറികള്‍, നാല്‍പ്പത്തി അഞ്ച് അര്‍ദ്ധ സെഞ്ച്വറികള്‍. ബാറ്റിംങ്ങ് ശരാശരി 51.12. നൂറ്റി എട്ട് ഏകദിന മല്‍സരങ്ങള്‍ കളിച്ച ഗാവസ്കര്‍ 3902 റണ്‍സുകള്‍ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഇരുപത്തിയേഴ് അര്‍ദ്ധ സെഞ്ച്വറികളും. ബാറ്റിങ്ങ് ശരാശരി 35.13. മികച്ച സ്ലിപ് ഫീല്‍ഡര്‍ കൂടിയായിരുന്ന ഗാവസ്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ അല്ലാതെ നൂറ് ക്യാച്ചുകള്‍ എടുത്ത ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു വിക്കറ്റും ഗാവസ്കറുടെ പേരില്‍ ഉണ്ട്. ആ വിക്കറ്റ് പാക്കിസ്ഥാന്റെ ഏറ്റവും പ്രശസ്തനായ ബാറ്റ്സ്മാന് സബീര്‍ അബാസിന്റെതായിരുന്നു. ടെസ്റ്റിലെ മുപ്പത്തിനാല് സെഞ്ച്വറികള്‍ക്ക് പുറമെ ഗാവസ്കര്‍ രഞ്ജി ട്രോഫിയില്‍ ഇരുപത് സെഞ്ച്വറികളും, ഇറാനി ട്രോഫിയില്‍ മൂന്ന് സെഞ്ച്വറികളും ദുലീപ് ട്രോഫിയില്‍ ആറ് സെഞ്ച്വറികളും നേടിയിട്ടുണ്ട്.
ഗാവസ്കറുടെ പല ഇന്നിങ്ങ്സുകളും ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ സ്മൃതിപഥത്തില്‍ ആവേശകരമായ ഓര്‍മ്മയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1979ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 221 റണ്‍സ് ആയിരുന്നു. 1978ല്‍ കറാച്ചിയില്‍ വെച്ച്, പാകിസ്താനെതിരെ രണ്ട് ഇന്നിങ്ങ്സില്‍ നേടിയ സെഞ്ച്വറികളും അവിസ്മരണീയമാണ്.
തന്റെ അവസാനത്തെ ടെസ്റ്റില്‍ ബാംഗ്ലൂരിലെ തൊണ്ണൂറ് ഡിഗ്രി തിരിയുന്ന പിച്ചില്‍ പാകിസ്താന്റെ സ്പിന്‍ ബൗളര്‍മാരായ ഇക്ബാല്‍ ക്വാസിമിനേയും തൗസീഫ് അഹമ്മദിനേയും നേരിട്ടു ഗാവസ്കര്‍ നേടിയ തൊണ്ണൂറ്റിയാറ് റണ്‍സിന് ഡബിള്‍ സെഞ്ച്വറിയേക്കാള്‍ പ്രധാന്യമുണ്ട്.
തന്റെ മികച്ച ഓപ്പണിങ് ബാറ്റിങ്ങില്‍ പങ്കാളിയായ ചേതന്‍ ചൗഹാന്റെ കൂടെ ഗാവസ്കറുടെ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്ക്കുന്നു.
ചില വിവാദങ്ങളും ഗവാസ്ക്കറെ വിടാതെ പിന്തുടര്ന്നിരുന്നു. ആദ്യത്തെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായുള്ള മല്‍സരത്തില്‍ നൂറ്റി എഴുപത്തിനാല് ബോളുകള്‍ നേരിട്ടുകൊണ്ട് സുനില്‍ ഗാവസ്കര്‍ നേടിയത് കേവലം മുപ്പത്തിയാറ് റണ്‍സാണ്. ഈ ഇന്നിങ്ങ്സിന്റെ പേരില്‍ ഗാവസ്കര്‍ ഏറെക്കാലം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതേ ഗാവസ്കര്‍ ആയിരുന്നു നാഗ്പൂരില്‍ വെച്ച് നടന്ന ലോകകപ്പില്‍ ന്യൂസിലാന്റിനെതിരെ എണ്‍പത്തഞ്ച് പന്തില്‍ സെഞ്ച്വറി നേടിയത്.
സമനിലകളെ പിന്തുടര്ന്നിരുന്ന ഗാവസ്കറുടെ തന്ത്രങ്ങളും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്
1991 ന് മുമ്പ് ആഗോളവല്‍ക്കരണത്തിന് മുമ്പുള്ള ഇന്ത്യന്‍ സമ്പദ്ഘടനയുടെ പ്രതീകമായിരുന്നു ഗാവസ്കറുടെ ബാറ്റിങ്ങും, ഗാവസ്കറും. നെഹ്റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കാലത്ത് ഇന്ത്യന്‍ സമ്പദ്ഘടന സ്വകാര്യവല്‍ക്കരണത്തിന് മുന്‍തൂക്കം നല്കി പൊതുമേഖലയെ പിണക്കാതെ വലിയ അപകടങ്ങളെ അഭിമുഖീകരിക്കാതെ മുന്നോട്ട് നീങ്ങി. അതേപോലെ മികച്ച അപകടകാരികളായ ബൗളര്‍മാര്‍ ഇന്ത്യക്കില്ലാതിരുന്ന കാലത്ത് അപകടകരമായ തീരുമാനങ്ങള്‍ എടുക്കാതെ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങാതെ ഇന്ത്യന്‍ ക്രിക്കറ്റ് ഗാവസ്കറുടെ കീഴില്‍ മുന്നോട്ട് പോയി.
ഗാവസ്കര്ക്കെതിരെയെത്രയെത്ര വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും ലോക ക്രിക്കറ്റ് ചരിത്രത്തിലും ഒപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലും ഗാവസ്കറുടെ പ്രധാന്യവും പങ്കും അനിഷേധ്യമാണ്. സുനില്‍ മനോഹര്‍ ഗാവസ്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും അവിസ്മരണീയമായ ഒരു മഹാ ഇതിഹാസമാണ്. ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ അദ്ദേഹം എന്നെന്നും ശുക്രനക്ഷത്രം പോലെ പ്രശോഭിക്കും.
വസിഷ്ഠ് എം.സി.



