
അനന്തമായി നീണ്ടുകിടക്കുന്ന ബഹിരാകാശത്തിന്റെ ഇരുണ്ട വിസ്തൃതിയില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നത്? മനുഷ്യന്റെ ജിജ്ഞാസയെ നൂറ്റാണ്ടുകളായി ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന ചോദ്യമാണത്. ആ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ തേടിയുള്ള അന്വേഷണയാത്രയില്‍ ചരിത്രം വഴിത്തിരിച്ചുവിട്ട രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ ജൂലൈ മാസത്തിലാണ് പിറന്നത്.
1976 ജൂലൈ 20. സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വയുടെ ഉപരിതലത്തില്‍ ഒരു ചെറിയ ബഹിരാകാശപേടകം സുരക്ഷിതമായി ഇറങ്ങി. അതിന് പേരായിരുന്നു വൈക്കിങ്-1. ഭൂമിയില്‍നിന്ന് ഏകദേശം 32 കോടി കിലോമീറ്റര്‍ അകലെ മറ്റൊരു ഗ്രഹത്തിന്റെ മണ്ണില്‍ മനുഷ്യന് നിര്‍മിച്ച ഒരു പേടകം വിജയകരമായി പ്രവര്‍ത്തനം ആരംഭിക്കുന്നത് അന്നത്തെ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച നേട്ടമായിരുന്നു. ആറു വര്‍ഷത്തിനുശേഷം, 1982 ജൂലൈ 22ന്, മറ്റൊരു ചരിത്രനിമിഷം പിറന്നു. അമേരിക്കയുടെ കൊളംബിയ സ്പേസ് ഷട്ടില്‍ നാലാമത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലിറങ്ങി. ബഹിരാകാശയാത്രയെ ഒരു തവണ മാത്രം ഉപയോഗിക്കുന്ന റോക്കറ്റുകളുടെ യുഗത്തില്‍നിന്ന് പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹനങ്ങളുടെ യുഗത്തിലേക്ക് നയിച്ച നിര്‍ണായക ചുവടുവയ്പ്പായിരുന്നു അത്.
ഈ രണ്ട് സംഭവങ്ങളും വെവ്വേറെ നാഴികക്കല്ലുകളാണെങ്കിലും, മനുഷ്യന്റെ ബഹിരാകാശ സ്വപ്നത്തിന്റെ ഒരേ കഥയിലെ രണ്ട് അധ്യായങ്ങളാണ്.
വൈക്കിങ് ഒന്നിന്റെ ലക്ഷ്യം ചൊവ്വയുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തുക മാത്രമായിരുന്നില്ല. അവിടത്തെ മണ്ണും അന്തരീക്ഷവും വിശകലനം ചെയ്യുകയും ജീവന്റെ സാധ്യതകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുകയും ചെയ്യുകയായിരുന്നു പ്രധാന ദൗത്യം. ചൊവ്വയുടെ ഉപരിതലത്തിന്റെ ആദ്യ വ്യക്തമായ ചിത്രങ്ങള്‍ ഭൂമിയിലെത്തിച്ചത് ഈ പേടകമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ, പൊടിപടലങ്ങള്‍ വീശുന്ന ചുവന്ന ഭൂപ്രകൃതി ലോകം ആദ്യമായി നേരില്‍ കണ്ടത് വൈക്കിങ് ഒന്നിന്റെ കണ്ണുകളിലൂടെയായിരുന്നു. ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്കിയില്ലെങ്കിലും, ചൊവ്വയെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണയെ അത് പൂര്‍ണമായും മാറ്റിമറിച്ചു. പിന്നീട് അയച്ച എല്ലാ ചൊവ്വാ ദൗത്യങ്ങള്‍ക്കും അടിത്തറ പാകിയത് വൈക്കിങ്-1 തന്നെയായിരുന്നു.
അതേസമയം, മറ്റൊരു വെല്ലുവിളിയിലായിരുന്നു നാസയുടെ ശ്രദ്ധ. ഓരോ ബഹിരാകാശ ദൗത്യത്തിനും ശേഷം കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന റോക്കറ്റുകള്‍ ഉപേക്ഷിക്കുന്ന രീതി ദീര്‍ഘകാലം തുടരാനാകില്ലെന്ന് വ്യക്തമായിരുന്നു. അതിന്റെ പരിഹാരമായാണ് സ്പേസ് ഷട്ടില്‍ പദ്ധതി രൂപംകൊണ്ടത്. വിമാനം പോലെ വീണ്ടും വീണ്ടും ഉപയോഗിക്കാനാകുന്ന ബഹിരാകാശവാഹനം എന്ന ആശയം അന്നത്തെ കാലത്ത് വിപ്ലവകരമായിരുന്നു. എസ്.ടി.എസ്.4 എന്നു പേരിട്ട ദൗത്യം ഈ ആശയത്തിന്റെ വിജയസാക്ഷ്യമായി മാറി. തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടോളം സ്പേസ് ഷട്ടിലുകള്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും, ബഹിരാകാശ ഗവേഷണശാലകള്‍ സ്ഥാപിക്കുകയും, ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയെ ഭ്രമണപഥത്തിലെത്തിക്കുകയും, രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
എന്നാല്‍, ബഹിരാകാശ പര്യവേക്ഷണത്തിന്റെ ചരിത്രം വിജയങ്ങളുടെ മാത്രം കഥയല്ല. 1986ലെ ചലഞ്ചര്‍ ദുരന്തവും 2003ലെ കൊളംബിയ ദുരന്തവും മനുഷ്യന് വലിയ വിലകൊടുത്ത പാഠങ്ങളായിരുന്നു. സുരക്ഷ, സാങ്കേതികവിദ്യ, അപകടസാധ്യത എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഈ ദുരന്തങ്ങള്‍ മാറ്റി. ഒടുവില്‍ 2011ല്‍ സ്പേസ് ഷട്ടില്‍ പദ്ധതി അവസാനിച്ചെങ്കിലും, അതിലൂടെ നേടിയ അനുഭവസമ്പത്ത് പാഴായില്ല.
ഇന്ന് ആ പൈതൃകം മുന്നോട്ടുകൊണ്ടുപോകുന്നത് സ്വകാര്യ ബഹിരാകാശ കമ്പനികളാണ്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍9 റോക്കറ്റുകള്‍ ആദ്യഘട്ടം സുരക്ഷിതമായി തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കുന്നത് ഇന്ന് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഒരുകാലത്ത് സ്പേസ് ഷട്ടില്‍ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ആശയം പുതിയ സാങ്കേതികവിദ്യയിലൂടെ കൂടുതല്‍ കാര്യക്ഷമമായി യാഥാര്‍ഥ്യമായിരിക്കുകയാണ്. ബ്ലൂ ഒറിജിന്‍ ഉള്‍പ്പെടെയുള്ള കമ്പനികളും ബഹിരാകാശയാത്രയുടെ ചെലവ് കുറയ്ക്കാനും പുതിയ സാധ്യതകള്‍ തുറക്കാനുമുള്ള ശ്രമത്തിലാണ്.
അതേസമയം, മനുഷ്യന്റെ ലക്ഷ്യം വീണ്ടും ചന്ദ്രനായി മാറിയിരിക്കുകയാണ്. നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനും അവിടെ ദീര്‍ഘകാല സാന്നിധ്യം ഉറപ്പാക്കാനുമാണ് ശ്രമം. പക്ഷേ അതിന്റെ അന്തിമലക്ഷ്യം ചന്ദ്രനല്ല; ചൊവ്വയാണ്. ചന്ദ്രനില്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളും അനുഭവങ്ങളും ഒരുദിവസം മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
ഈ പുതിയ മത്സരത്തില്‍ ഇന്ത്യയും ശ്രദ്ധേയ സാന്നിധ്യമാണ്. ചന്ദ്രയാന്‍ ദൗത്യങ്ങളിലൂടെ ചന്ദ്രപര്യവേക്ഷണത്തില് പുതിയ ചരിത്രം സൃഷ്ടിച്ച ഇന്ത്യ, മംഗള്യാന് വഴി ആദ്യശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ രാജ്യമായി. ഗഗന്യാന് പദ്ധതിയിലൂടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഒരുകാലത്ത് ബഹിരാകാശ മത്സരത്തിന്റെ കാഴ്ചക്കാരായിരുന്ന രാജ്യങ്ങള്‍ ഇന്ന് അതിന്റെ സജീവ പങ്കാളികളാണ്.
അമ്പത് വര്‍ഷം മുമ്പ് വൈക്കിങ് 1 ചൊവ്വയുടെ മണ്ണില്‍ ഇറങ്ങിയപ്പോള്‍ മനുഷ്യന് മറ്റൊരു ഗ്രഹത്തെ സ്പര്‍ശിക്കുകയായിരുന്നു. നാല്പത് വര്‍ഷം മുമ്പ് സ്പേസ് ഷട്ടില്‍ വിജയകരമായി തിരിച്ചിറങ്ങിയപ്പോള്‍ ബഹിരാകാശയാത്ര കൂടുതല്‍ പ്രായോഗികമാകുമെന്ന പ്രതീക്ഷ ജനിച്ചു. ഇന്ന് ഈ രണ്ട് നേട്ടങ്ങളുടെയും തുടര്‍ച്ചയായാണ് മനുഷ്യന് ചൊവ്വയില്‍ കാലുകുത്താനുള്ള ഏറ്റവും വലിയ ദൗത്യത്തിന് തയ്യാറെടുക്കുന്നത്.
ചരിത്രത്തിലെ ചില സംഭവങ്ങള്‍ അവ നടന്ന കാലഘട്ടത്തെ മാത്രമല്ല, ഭാവിയെയും നിര്‍വചിക്കുന്നു. വൈക്കിംഗ്1ന്റെ ചൊവ്വയിലിറക്കവും സ്പേസ് ഷട്ടിലിന്റെ വിജയകരമായ മടക്കയാത്രയും അത്തരത്തിലുള്ള രണ്ട് നാഴികക്കല്ലുകളാണ്. മനുഷ്യന്റെ ജിജ്ഞാസയ്ക്കും സാങ്കേതിക മികവിനും അതിരുകളില്ലെന്ന സത്യമാണ് അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ചൊവ്വയുടെ ചുവന്ന മണ്ണില്‍ മനുഷ്യന്റെ ആദ്യ കാല്‍പ്പാട് പതിയുന്ന ദിവസം വരുമ്പോള്‍, ആ ചരിത്രത്തിന്റെ ആദ്യ അധ്യായങ്ങളില്‍ വൈക്കിങ്-1ന്റെയും സ്പേസ് ഷട്ടിലിന്റെയും പേരുകള്‍ എന്നും തിളങ്ങിനില്ക്കും.
വൈക്കിങ്-1
1975ല്‍ വിക്ഷേപിക്കപ്പെട്ട വൈക്കിങ്-1 ഒരു ഓര്‍ബിറ്ററും ഒരു ലാന്‍ഡറും ഉള്‍പ്പെട്ട ദൗത്യമായിരുന്നു. ആദ്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ഓര്‍ബിറ്റര്‍, സുരക്ഷിതമായ ഇറക്കത്തിനുള്ള സ്ഥലം കണ്ടെത്തി. തുടര്‍ന്ന് ലാന്‍ഡര്‍ മൈല്ല ചൊവ്വയുടെ ഉപരിതലത്തില്‍ സ്പര്‍ശിച്ചു. അവിടെ നിന്ന് ഭൂമിയിലേക്ക് അയച്ച ചിത്രങ്ങള്‍ മനുഷ്യനെ ആദ്യമായി ചൊവ്വയുടെ യഥാര്‍ഥ മുഖം കാണിച്ചു. പാറക്കെട്ടുകള്‍ നിറഞ്ഞതും പൊടിപടലങ്ങള്‍ വീശുന്നതുമായ ചുവന്ന ഭൂപ്രകൃതി ലോകമെമ്പാടുമുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തി.
വൈക്കിങ്-1ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ചൊവ്വയില്‍ ജീവന്റെ സാധ്യത അന്വേഷിക്കുകയായിരുന്നു. മണ്ണിന്റെ രാസഘടനയും അന്തരീക്ഷവും പരിശോധിക്കാന്‍ അത്യാധുനിക ഉപകരണങ്ങള്‍ ലാന്‍ഡറില്‍ സജ്ജീകരിച്ചിരുന്നു. പരീക്ഷണഫലങ്ങള്‍ വ്യക്തമായ ജീവന്റെ തെളിവുകള്‍ കണ്ടെത്തിയില്ലെങ്കിലും, ചൊവ്വയിലെ പരിസ്ഥിതിയെക്കുറിച്ചുള്ള അമൂല്യമായ ശാസ്ത്രീയ വിവരങ്ങള്‍ അവ നല്കി. ഇന്നും ശാസ്ത്രലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന നിരവധി ചോദ്യങ്ങളുടെ തുടക്കം വൈക്കിങ്-1ന്റെ കണ്ടെത്തലുകളിലാണ്.
ആറ് വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച വൈക്കിങ്-1 പ്രതീക്ഷിച്ചതിലും ഏറെക്കാലം ശാസ്ത്രീയ വിവരങ്ങള്‍ കൈമാറി. പിന്നീട് എത്തിയ സോജേര്‍ണര്‍, സ്പിരിറ്റ്, ഓപ്പര്‍ച്യൂണിറ്റി, ക്യൂരിയോസിറ്റി, പെര്‍സിവിയറന്‍സ് തുടങ്ങിയ എല്ലാ ചൊവ്വാ ദൗത്യങ്ങള്‍ക്കും വഴികാട്ടിയായത് വൈക്കിങ്-1 തന്നെയാണ്.
ഇന്ന് മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതികള്‍ ലോകമെമ്പാടും പുരോഗമിക്കുമ്പോള്‍, ആ സ്വപ്നത്തിന്റെ ആദ്യ യഥാര്‍ഥ ചുവടുവയ്പ്പ് ഓര്‍മിപ്പിക്കുന്ന പേരാണ് വൈക്കിങ്-1.
കൊളംബിയ സ്പേസ് ഷട്ടില്‍
1981ല്‍ ആദ്യമായി പറന്നുയര്‍ന്ന കൊളംബിയ സ്പേസ് ഷട്ടിലിന്റെ നാലാമത്തെ പരീക്ഷണദൗത്യമായിരുന്നു എസ്.ടി.എസ്.4. രണ്ട് ബഹിരാകാശ സഞ്ചാരികളുമായി ജൂലൈ 27ന് വിക്ഷേപിച്ച ഷട്ടില്‍ ഏഴുദിവസത്തിലധികം ഭ്രമണപഥത്തില്‍ ചെലവഴിച്ചശേഷമാണ് ജൂലൈ നാലിന് സുരക്ഷിതമായി ഭൂമിയിലിറങ്ങിയത്. ഈ ദൗത്യത്തിന്റെ വിജയത്തോടെ സ്പേസ് ഷട്ടില്‍ പദ്ധതി പരീക്ഷണഘട്ടം പൂര്‍ത്തിയാക്കി പതിവ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ നാസയ്ക്ക് ആത്മവിശ്വാസം ലഭിച്ചു.
വിമാനം പോലെ പറന്നുയര്‍ന്ന്, ബഹിരാകാശത്ത് ദൗത്യം പൂര്‍ത്തിയാക്കി വീണ്ടും റണ്‍വേയില്‍ ഇറങ്ങുന്ന ആശയം അന്നത്തെ കാലത്ത് അത്ഭുതകരമായിരുന്നു. ഇതിലൂടെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കാമെന്നും കൂടുതല്‍ ഇടവേളകളില്ലാതെ വിക്ഷേപണങ്ങള്‍ നടത്താമെന്നുമായിരുന്നു പ്രതീക്ഷ. പിന്നീട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനും, ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയെ ഭ്രമണപഥത്തിലെത്തിക്കുന്നതിനും, രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിനും സ്പേസ് ഷട്ടിലുകള്‍ നിര്‍ണായക പങ്കുവഹിച്ചു.2003 ഫ്രെബ്രുവരി ഒന്നിന് കല്പനാ ചൗള അടക്കമുള്ള സഞ്ചാരികളുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച പേടകവും കൊളംബിയയാണ്.
എം.എസ്. ജീജോ





Comments