'കാണാന്‍ കഴിയാത്തവര്‍ക്ക് വായിക്കാന്‍ കഴിയുമോ?' നൂറ്റാണ്ടുകളോളം ഉത്തരം കിട്ടാതിരുന്ന ഈ ചോദ്യത്തിന് ഒരു കൗമാരക്കാരന് നല്കിയ മറുപടിയാണ് ഇന്ന് കോടിക്കണക്കിന് കാഴ്ചപരിമിതിയുള്ളവരുടെ ജീവിതത്തിന് വെളിച്ചമായിരിക്കുന്നത്. 1829 ജൂലൈ 25ന് ഫ്രഞ്ചുകാരനായ ലൂയി ബ്രെയില്‍ തന്റെ ആറു കുത്തുകളെ അടിസ്ഥാനമാക്കിയുള്ള വായനഎഴുത്ത് സമ്പ്രദായം ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ ആശയവിനിമയ കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു അത്.
1809ല്‍ ഫ്രാന്‍സിലെ കൂപ്വ്രേ എന്ന ഗ്രാമത്തിലാണ് ലൂയി ബ്രെയില്‍ ജനിച്ചത്. മൂന്നു വയസ്സുള്ളപ്പോള്‍ പിതാവിന്റെ വര്‍ക്ക്ഷോപ്പില്‍ കളിക്കുന്നതിനിടെ ഒരു കൂര്‍ത്ത ഉപകരണം കണ്ണില്‍ തറച്ചുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടമായി. അണുബാധ മൂലം പിന്നീട് മറ്റേ കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടതോടെ അഞ്ചാം വയസ്സില്‍ തന്നെ പൂര്‍ണമായും അന്ധനായി. എന്നാല്‍, ഈ ദുരന്തം അദ്ദേഹത്തിന്റെ ജീവിതത്തെ തോല്‍പ്പിച്ചില്ല; മറിച്ച് ലോകത്തെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചു.
പാരീസിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്ലന്ൈഡ് യൂത്ത് എന്ന വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍, കാഴ്ചപരിമിതിയുള്ളവര്‍ക്ക് ലഭ്യമായിരുന്ന വലിയ ഉയര്‍ന്ന അക്ഷരങ്ങളുള്ള പുസ്തകങ്ങളുടെ പരിമിതികള്‍ ലൂയി ബ്രെയില്‍ നേരിട്ട് മനസിലാക്കി. വായിക്കാന്‍ ബുദ്ധിമുട്ട്, എഴുതാന്‍ അസാധ്യത, വളരെ കുറച്ച് പുസ്തകങ്ങള്‍-ഇതെല്ലാം അദ്ദേഹത്തെ പുതിയൊരു വഴിയിലേക്ക് നയിച്ചു.
ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനായ ചാള്‍സ് ബാര്‍ബിയറുടെ രാത്രിയില്‍ സന്ദേശം കൈമാറാനുള്ള 'നൈറ്റ് റൈറ്റിങ്' സംവിധാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രെയില്‍ ആറു കുത്തുകളുള്ള ലളിതമായ ഒരു ലിപി വികസിപ്പിച്ചത്. രണ്ട് നിരകളിലായി മൂന്ന് വീതം കുത്തുകള്‍. ഈ ആറു കുത്തുകളുടെ വ്യത്യസ്ത ക്രമീകരണങ്ങളിലൂടെ അക്ഷരങ്ങളും അക്കങ്ങളും സംഗീതചിഹ്നങ്ങളും ശാസ്ത്രസൂത്രങ്ങളും വരെ രേഖപ്പെടുത്താന്‍ കഴിയുന്ന അത്ഭുതകരമായ സംവിധാനം അദ്ദേഹം സൃഷ്ടിച്ചു.
1829ല്‍ പ്രസിദ്ധീകരിച്ച 'മെതേഡ് ഓഫ് റൈറ്റിങ് വേഡ്സ്, മ്യൂസിക് ആന്‍ഡ് പ്ലെയിന്‍ സോങ്സ് ബൈ മീന്‍സ് ഓഫ് ഡോട്സ്' എന്ന ഗ്രന്ഥത്തിലൂടെയാണ് ബ്രെയില്‍ സമ്പ്രദായം ആദ്യമായി ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. തുടക്കത്തില്‍ അതിന് വലിയ അംഗീകാരം ലഭിച്ചില്ല. അധ്യാപകരും അധികാരികളും അതിനെ സ്വീകരിക്കാന്‍ മടിച്ചു. എന്നാല്‍, കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികള്‍ അത് ആവേശത്തോടെ ഏറ്റെടുത്തു. ലൂയി ബ്രെയില്‍ മരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞ്, 1854ലാണ് ഫ്രാന്‍സ് ഔദ്യോഗികമായി ബ്രെയില്‍ സമ്പ്രദായം അംഗീകരിച്ചത്. പിന്നീട് അത് ലോകമെമ്പാടും വ്യാപിച്ചു.
ഇന്ന് ബ്രെയില്‍ സ്വാതന്ത്ര്യത്തിന്റെ ഭാഷയാണ്. പുസ്തകങ്ങള്‍, പാഠപുസ്തകങ്ങള്‍, ബാങ്ക് എ.ടി.എം. കീബോര്‍ഡുകള്‍, മരുന്നുകളുടെ പൊതികള്‍, ലിഫ്റ്റ് ബട്ടണുകള്‍, പൊതുസ്ഥലങ്ങളിലെ മാര്‍ഗനിര്‍ദേശ ബോര്‍ഡുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബ്രെയില്‍ സാന്നിധ്യമറിയിക്കുന്നു. കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാവുന്ന റിഫ്രഷബിള്‍ ബ്രെയില്‍ ഡിസ്പ്ലേകള്‍, സ്മാര്‍ട്ട്ഫോണുകളുമായി സംയോജിപ്പിച്ച ബ്രെയില്‍ സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ ഡിജിറ്റല്‍ യുഗത്തിലും ബ്രെയില്‍ പുതുജീവന്‍ നേടി.
നിര്‍മിതബുദ്ധിയും ശബ്ദസാങ്കേതികവിദ്യകളും അതിവേഗം വളരുന്ന ഇന്നത്തെ ലോകത്തും ബ്രെയിലിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല. കേള്‍ക്കുന്നതും വായിക്കുന്നതും രണ്ടാണ്. ഭാഷയുടെ അക്ഷരവിന്യാസം, വ്യാകരണം, ചിഹ്നങ്ങള്‍, സ്വതന്ത്ര എഴുത്ത് എന്നിവ പഠിക്കാന്‍ ബ്രെയില്‍ ഇന്നും അനിവാര്യമാണ്. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടനയും യുനെസ്കോയും ബ്രെയില്‍ സാക്ഷരതയ്ക്ക് വലിയ പ്രാധാന്യം നല്കുന്നു.
ലോകത്തെ മാറ്റിമറിച്ച പല കണ്ടുപിടിത്തങ്ങളും വലിയ പരീക്ഷണശാലകളില്‍ ജനിച്ചവയാണ്. എന്നാല്‍ ബ്രെയില്‍ ലിപി ജനിച്ചത് ഒരു കൗമാരക്കാരന്റെ വ്യക്തിപരമായ വേദനയില്നിന്നായിരുന്നു. സ്വന്തം ഇരുട്ടിനെ ലക്ഷക്കണക്കിന് മനുഷ്യരുടെ വെളിച്ചമാക്കി മാറ്റിയ ലൂയി ബ്രെയിലിന്റെ ആറ് കുത്തുകള്‍ ഇന്നും ലോകത്തോട് പറയുന്നത് ഒരേയൊരു സന്ദേശമാണ്-അറിവിന് കാഴ്ചയുടെ അതിരുകളില്ല.
ശ്യാംകുമാര്‍





Comments