അക്ഷരവിരോധം കേരളത്തില്‍ നട്ടുവളര്‍ത്തിയത് ഡി.പി.ഇ.പി. കാലത്താണ്. എല്ലാ പരിഷ്കാരങ്ങളിലും മുദ്രാവാക്യം ഒന്നുമാത്രം 'എനിക്കും കിട്ടണം പണം.'' ലോകബാങ്കിന്റെ പണപ്പെട്ടിയില്‍ കണ്ണുവച്ചുകൊണ്ടാണ് ഡി.പി.ഇ.പി എന്ന എലിപ്പെട്ടിയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആര്.ടി യും തലവച്ചുകൊടുക്കുന്നത്. അങ്ങിനെ ഇരുചെവിയറിയാതെ അക്ഷരമാലയെ പാഠപുസ്തകങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്തു. കുട്ടിയെ കുളിപ്പിച്ച് ഇല്ലാതാക്കാന്‍ ശാസ്ത്ര സാഹിത്യപരിഷത്തും വേണ്ട ഒത്താശ ചെയ്തു. പുസ്തകങ്ങളില്‍ നിന്നും ഗ്രന്ഥശാലകളില്‍ നിന്നും വായനാ സമൂഹത്തെ അകറ്റാന്‍ ലൈബ്രറി കൗണ്‍സിലും ഉത്സാഹിച്ചു. പി.എന്‍. പണിക്കര്‍ നട്ടുനനച്ച ഗ്രാമീണ ഗ്രന്ഥശാലകളില്‍ ഫണ്ടുണ്ടായിരുന്നില്ലെങ്കിലും വായനക്കാരുണ്ടായിരുന്നു. പുസ്തകമേളകളും എസ്.പി.ഇ.എസും കൂടി ചവറുപുസ്തകങ്ങളുടെ ഗോഡൗണായി ഗ്രന്ഥശാലകളെ മാറ്റി. വായനയൊഴിച്ച് മറ്റെല്ലാം അരങ്ങേറുന്ന വായനശാലകളില്‍ ആള്‍പ്പെരുമാറ്റം ഇല്ലാതായി. പാര്‍ട്ടിക്കാരുടെ തിരുവാതിരമാത്രം! ചെറുകിട പ്രസാധകരുടെ വയറ്റത്തടിച്ചുകൊണ്ട് ജില്ലാ പുസ്തകമേളകള്‍ സംഘാടകരുടെ കീശ വീര്‍പ്പിച്ചു. പാര്‍ട്ടി പ്രസാധകര് വാതില്ക്കല് നിന്ന് എല്ലാം അടിച്ചുമാറ്റുന്ന അവസ്ഥയായി. നിയമസഭാ പുസ്തകോത്സവം പോലും പൊതുജനങ്ങളെ അകറ്റുന്ന പാര്‍ട്ടി സംസ്ഥാന ഉത്സവമാക്കി മാറ്റി. എന്നിട്ട് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രത്തിന്റെ പൂമുഖത്തിരുന്ന് പത്രാധിപര്‍ തന്നെ നെഞ്ചത്തടിച്ച് വിളിച്ചുപറയുന്നു: പുസ്തകം അലമാരകളില്‍ ശ്വാസം മുട്ടുന്നു. ഫോണ്‍ താഴെ വച്ച് പുസ്തകം കൈയിലെടുക്കണം.
നെഹ്റുവില്‍ ഒരു വികാരാധീനന്‍
ജാമിയ മിലിയ യൂണിവേഴ്സിറ്റി കത്തിക്കാന്‍ തീപ്പന്തവും കയ്യിലേന്തി അക്രമാസക്തമായി വന്ന ജനക്കൂട്ടത്തിന് മുന്നിലേക്ക് പോലീസും പട്ടാളവും അകമ്പടിക്കാരുമില്ലാതെ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ആക്രോശിച്ചു കൊണ്ട് ചെന്നു. ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ പട്ടാളത്തിന്റേയും പോലീസിന്റെയും അകമ്പടിയില്ലാതെ ഒരു രാത്രി മുഴുവന്‍ സര്‍വകലാശാലയ്ക്ക് കാവല്‍ നിന്ന പ്രധാനമന്ത്രിയെക്കുറിച്ച് പറയുമ്പോള്‍ താന്‍ വികാരാധീനനാകുന്നുവെന്ന് അരുണ്‍ പി. ഗോപിയോട് മുഖ്യമന്ത്രി വി.ഡി. സതീശന്. നൈനിത്താളിലെ ജയിലിന്റെ കിളിവാതിലിലൂടെ ഹിമവാന്റെ ഋതുഭേദങ്ങളെക്കുറിച്ച് മകള്‍ ഇന്ദിരക്ക് എഴുതുന്ന നെഹ്റു എന്ന അച്ഛന്. പ്രോട്ടോക്കോള്‍ ലംഘിച്ച് ആര്‍നോള്‍ഡ് ടോയിന്ബിയെ ചെന്നുകാണുന്ന നെഹ്റു. എന്നിട്ട് നെഹ്റു ടോയിന്ബിയെക്കുറിച്ചും ടോയിന്‍ബി നെഹ്റുവിനെക്കുറിച്ചും ചെയ്ത പ്രസംഗങ്ങള്‍ താന്‍ ഇടക്കിടെ വായിക്കാറുണ്ടെന്നും വി.ഡി. സതീശന്. (മാതൃ. ജൂലൈ 5).
പബ്ലിക് സംശയ കമ്മീഷന്
ഇടതുപക്ഷ ഭരണം ആവിഷ്ക്കരിച്ച നവകേരള ആര്‍ഭാട ബസും കിഫ്ബിയും പോലൊരു തരികിട പ്രസ്ഥാനമായി പി.എസ്.സിയേയും മാറ്റിയെന്നുവേണം കരുതാന്‍. രാഷ്ട്രീയ നിയമനങ്ങള്‍ എല്ലാക്കാലത്തും പതിവുണ്ട്. എന്നാല്‍ അതിരുവിട്ട അക്രമങ്ങള്‍ക്കും അഴിമതിക്കും കമ്മീഷന് മുതിര്‍ന്നതായി വെളിപ്പെട്ടിട്ടില്ല. ഇന്ത്യന്‍ പ്രസിഡന്റിനേക്കാള്‍ ശമ്പളം ചെയര്മാന് അനുവദിച്ചത് വേറുതേയല്ല. ലക്ഷക്കണക്കിന് തൊഴിലന്വേഷകരെ അവിശ്വാസത്തിലാഴ്ത്തിക്കൊണ്ടാണ് കഴിഞ്ഞ കുറച്ചുവര്‍ഷമായി ഈ ഭരണഘടനാ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന ് ആരോപണം ഉയരുന്നു. എഴുത്തുപരീക്ഷയില്‍ പിന്നിലായവര്‍ അഭിമുഖത്തില്‍ മുന്നിലാകുന്നു. ഇത് നിരന്തരം ആവര്‍ത്തിക്കുകയും രാഷ്ട്രീയ പിന്‍ബലമുള്ളവര്‍ മാത്രം കയറിക്കൂടുകയും ചെയ്യുന്ന അവസ്ഥ പി.എസ്.സിയെ പബ്ലിക് സംശയ കമ്മീഷനായി മാറ്റിയെന്ന് ആര്. ജയപ്രസാദ്. (മാതൃ. ജൂലൈ 5).
നാട്ടുമാഞ്ചോട്ടില്
വളരെ പ്രത്യേകതയുള്ള ഒരിനം മാവ് വെട്ടിമാറ്റേണ്ടിവരുന്നുവെന്ന് കരുതുക. കണ്ണൂരെ 'നാട്ടുമാഞ്ചോട്ടില്' എന്ന മാവുസംരക്ഷകപ്രവര്ത്തകരെ അറിയിക്കുക. അപൂര്‍വ ഇനമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആ മാവിന്റെ വംശം നിലനിര്‍ത്താനുള്ള ശാസ്ത്രീയ നടപടികള്‍ അവര്‍ സ്വീകരിക്കും. പിന്നീട് ആ മാവിന്റെ ഒരു തൈ നിങ്ങള്‍ക്ക് തരികയും ചെയ്യും. തലപ്പാടി-കോഴിക്കോട് റോഡ് വികസനത്തിന്റെ ഭാഗമായി 240 കിലോമീറ്ററില്‍ 488 മാവുകള്‍ വെട്ടി. അതിലെ അപൂര്‍വ 20 ഇനം ഇത്തരത്തില്‍ സംരക്ഷിക്കപ്പെട്ടു. പറശിനിക്കടവിലെ ചിന്തിത്തറ തറവാട്ടുമുറ്റത്തെ മാവിന്റെ ഇനം കാഞ്ഞങ്ങാട് പടന്നക്കാട് കോളജ് മുറ്റത്ത് ചിന്തിത്തറ മാണിക്യം എന്ന പേരില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ആതിര.എച്ച്. (ഹിന്ദു. ജൂലൈ 3).
കെ. കള്‍ച്ചര്‍
കെ. ഫോണും കെ. സ്മാര്‍ട്ടും കെ. റെയിലും പോലെ കെ. കള്‍ച്ചറില്‍ കേരളം തീരെയില്ല. മലയാളിക്ക് പ്രിയമുള്ള ഈ സംഭവം കൊറിയന്‍ കള്‍ച്ചര്‍ ആണ്. കെ. ഡ്രാമ, കെ. പോപ്, കെ. ബ്യൂട്ടി, കെ. ഫുഡ് എന്നിവയിലൊക്കെ പുതു തലമുറയ്ക്ക് കമ്പമുണ്ട്. വലിച്ചുനീട്ടലില്ലാത്ത കൊറിയന്‍ സീരിയലാണ് കെ. ഡ്രാമ. ബ്ലാങ്ക് പിങ്കും കെ. പോപ്പും കേരളത്തിലും തരംഗമായ കെറിയന്‍ സംഗീതമാണ്. ഗ്ലാസ് സ്കിന്‍ എന്ന വെട്ടിത്തിളങ്ങുന്ന മുഖചര്‍മ്മ കാന്തിയാണ് കെ. ബ്യൂട്ടി. റാമെന്, കിംചി, ടോക്ബാക്കി തുടങ്ങിയ കൊറിയന്‍ ഫുഡുകള്‍ നമ്മുടെ തീന്മേശകളെ കീഴടക്കി വരുന്നു. (പാഠഭേദം, ജൂണ്‍).
അപഹരിക്കപ്പെട്ട
ആനത്താരകള്‍
'അപഹരിക്കപ്പെട്ട ആനത്താരകള്‍' എന്ന പ്രസൂണ്‍ കിരണിന്റെ ലേഖനത്തില്‍ ആനത്താരയുടെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെയുണ്ട്. പ്രാഥമികമായി പറയേണ്ട ഒന്നു മാത്രമില്ല. ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ ദുഷ്കരമായ മലഞ്ചെരുവുകളിലൂടെ മലമ്പാതകള്‍ തെളിച്ചെടുക്കാന്‍ സര്‍വേക്ക് പുറപ്പെട്ടപ്പോള്‍ അവര്‍ മുന്നേ നടന്നത് കാട്ടാനകളായിരുന്നു. ആനത്താരകള്‍ വെട്ടിവെളുപ്പിച്ചാണ് മലമുകളിലേക്ക് റോഡുണ്ടാക്കിയത്. ഇക്കാര്യം മാത്രം ഈ ലേഖനത്തിലില്ല! (മാതൃ. ആഴ്ച. ജുലൈ 3).
തന്ത്രശാസ്ത്ര സാധകന്
ഭാരതീയ പൈതൃകഗരിമയായ തന്ത്രശാസ്ത്രത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജസ്റ്റീസ് സര് ജോണ്‍ വുഡ് റൂഫിന്റെ നിസ്തുല സംഭാവനകളെക്കുറിച്ച് മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിളള പാശ്ചാത്യലോകം ഭാരതീയ ശാസ്ത്രത്തെ അവഗണിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്ന ഒരവസരത്തിലാണ് ജോണ്‍ റൂഫ്, സംസ്കൃതം പഠിച്ച്, തന്ത്ര-മന്ത്ര-ആഗമാദികളില് വിജ്ഞാനം നേടുകയും ജീവിതക്രമം തന്നെ തന്ത്രപഠനത്തിനായി സമര്‍പ്പിക്കുകയും ചെയ്തത്. ഈ മേഖലയില്‍ അദ്ദേഹം രചിച്ച ദ സെര്‍വന്റ് പവര്‍, ശക്തി ആന്‍ഡ് ശക്ത മഹാനിര്വാണതന്ത്ര, പ്രിന്‍സിപ്പിള്‍സ് ഓഫ് തന്ത്ര തുടങ്ങിയ അടിസ്ഥാന തന്ത്രശാസ്ത്രഗ്രന്ഥങ്ങള്‍ പ്രാമാണിക രചനകളായി ലോകം അംഗീകരിച്ചു. അക്കാദമിക പഠനങ്ങള്‍ക്കപ്പുറത്ത് സാധനാ മാര്‍ഗത്തിലൂടെ തന്ത്രവിദ്യയെ അനുഭവേദ്യമാക്കാനാണ് ഈ ഉന്നത ന്യായാധിപന് ഉദ്യമിച്ചത്. (മാതൃ. ജൂണ്‍ 27).
ആത്മഹത്യാ മുനമ്പ്
മികച്ച കഥകളിലൂടെ മനസില്‍ തെളിയുന്ന കഥാകൃത്താണ് ജോര്‍ജ് ജോസഫ് കെ. യശ: പ്രാര്ത്ഥികളായ എഴുത്തുകാരുടെ ജാഡകളോ കാപട്യമോ ഇല്ലാത്ത ഒരാള്‍. ആത്മഹത്യാ മുനമ്പെന്ന ജോര്‍ജ് ജോസഫിന്റെ ആത്മകഥ സംഭവബഹുലവും ഉദ്വേഗജനകവുമാണ്. ദാരിദ്ര്യത്തിന്റെ ജീവിതപ്പാതയില്‍ ചെയ്യാത്ത തൊഴിലുകളില്ല. ആ നാളുകള്‍ പച്ചയായി പുനരാവിഷ്ക്കരിക്കാന്‍ അദ്ദേഹത്തിനൊരു മടിയുമില്ല. അലക്ഷ്യമായ യാത്രകളുടെ ഒരു ദിവസം. തലേന്നു വലിച്ച നീലച്ചടയന്റെ ചൊരുക്ക് മാറിയിട്ടില്ല. അന്നത്തെ യാത്രയും അലക്ഷ്യമായിരുന്നു. അങ്കമാലി വഴി കാലടി. ആശ്രമക്കടവ് മുന്നില്‍ മുതലക്കടവ് കുതിച്ചു പാഞ്ഞെത്തുന്ന വന്യമൃഗത്തെപ്പോലെ പെരിയാര്‍. വലിയചുഴികള്. കടവില്‍ ഒരാള്‍ സാവകാശം തുണി അലക്കുകയാണ്. ജീവിതവും മരണവും പോരാട്ടത്തിലാകുന്ന നിമിഷങ്ങള്‍. (മനോ. ആഴ്ച. ജൂലൈ-4).
ചങ്ങമ്പുഴക്ക് ഒരു പാര്‍ക്ക്
ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചുകൂട്ടുകയും പ്രഥമ ജ്ഞാനപീഠം നഗരത്തിലെത്തിക്കുകയും ചെയ്ത മഹാകവി ജിക്കുപോലും ഉചിതമായ ഒരിടം എറണാകുളം നല്‍കിയില്ല. മംഗളവനത്തിനടുത്തെ വിജനസ്ഥലവും സാഹിത്യ പരിഷത്തിലെ അനാകര്‍ഷകമായ ഒരു ഹാളും മാത്രം! ആ നിലയ്ക്ക് ചങ്ങമ്പുഴ ഭാഗ്യവാന്. തെരുവോരത്ത് കയറിനില്ക്കാനൊരു പാര്‍ക്ക് എങ്കിലും കിട്ടിയല്ലോ? സാംബശിവന് പാടിയപോലെ, വന്നോരേം കാണാം; പോന്നോരേം കാണാം...'' ചങ്ങമ്പുഴ പാര്ക്കനുഭവങ്ങളെക്കുറിച്ചും വിശ്വകലാസംഗമത്തെക്കുറിച്ചും രേണു രാമനാഥ്. മേയറായിരുന്ന പി. ബാലചന്ദ്രന് അത് നവീകരിച്ചു. ഒപ്പം രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തു. കാറ്റുകൊള്ളാനും വേറെ ഗതിയില്ലാതെ വിശ്രമിക്കാനെത്തുന്നവരെ പ്രസംഗ പീഡിതരാക്കി മടക്കി അയക്കുന്നതാണ് ഇവിടെ നിത്യം അരങ്ങേറുന്ന ഒരു കലാപരിപാടി. പെരിന്തല്‍മണ്ണയില്‍ പൂന്താനത്തിന് ഒരു ബസ് കാത്തിരിപ്പുകേന്ദ്രമാണ് കിട്ടിയത്. ആ നിലക്ക് കക്ഷിരാഷ്ട്രീയം വേലി കെട്ടിത്തിരിച്ച ഈ ഇടം ചങ്ങമ്പുഴയുടെ ഭാഗ്യം! (മലയാളം ജൂണ്‍ 29).
ഒരു പേരില്‍
എന്തിരിക്കുന്നു?
ഒരു പേരില്‍ പലതും ഒളിഞ്ഞിരിപ്പുണ്ടെന്ന് സരസവും വിജ്ഞാനപ്രദവുമായി വെളിവാക്കുന്ന കൃതിയാണ് 'ഒരു പേരില്‍ എന്തിരിക്കുന്നു' എന്ന ഡോ. റ്റി.ആര്. ജയകുമാരിയുടെ പുതിയ പുസ്തകം. കൃഷ്ണന്റെ വെണ്ണക്കിണ്ണവും ക്രിസ്തുവിന്റെ മുള്‍ക്കിരീടവും കമ്യൂണിസ്റ്റ് പച്ചയും കോണ്‍ഗ്രസ് പച്ചയും ഇതിലുണ്ട്. ആനമയക്കിയും ആരോഗ്യപച്ചയും യക്ഷിപ്പാലയും കോഴിപ്പൂവും കേട്ടിട്ടുണ്ടാകും. അഞ്ചുമുലച്ചിയും ഉറിതൂക്കിയും ഛര്ദ്ദിപ്പഴവും മെഴുകുതിരി മരവും കണ്ടിട്ടുണ്ടാവില്ല. ചിത്രങ്ങളോടും ശാസ്ത്രീയ നാമങ്ങളോടും വിശദാംശങ്ങളോടുമൊപ്പം സസ്യങ്ങളെ അറിയാന്‍ പറ്റിയ ഒരു കൃതി. ഹൃദ്യമായ പാരായണസുഖമാണിതിന്റെ സവിശേഷത. (ആസ്പയര്)
വാക്കിന്റെ വാണിഭം
പ്രതിഭാശാലികളുടെ ഫോട്ടോയ്ക്ക് അടിക്കുറിപ്പും പിന്മൊഴിയുമെഴുതിയാണ് മാങ്ങാട്ട് രത്നാകരന്റെ ഉപജീവനം. അതിനപ്പുറത്തേക്കൊരു എഴുത്തുവഴിയിലും അദ്ദേഹത്തെ കണ്ടിട്ടില്ല. ഇക്കുറി പതിവു തെറ്റിച്ച് വി.ഡി. സതീശനെതിരെ വാളോങ്ങിയാണ് പ്രത്യക്ഷപ്പെടുന്നത്. വി.എസ്. അച്യുതാനന്ദന്റെ തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത ആര്.എസ്.എസ്. പുസ്തകങ്ങള്‍ പറവൂരില്‍ നടന്ന ചടങ്ങില്‍ സതീശന് പങ്കെടുത്തതാണ് പ്രശ്നം. (പച്ചമലയാളം-ജൂലൈ).





Comments