മലപ്പുറം: മുസ്ലീം ലീഗ് യോഗത്തില്‍ കളമശ്ശേരി സിറ്റിങ് എംഎല്‍എ ഇബ്രാഹിം കുഞ്ഞിനെതിരെ എറണാകുളം ജില്ലാ കമ്മിറ്റിയും കളമശ്ശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇബ്രാഹിം കുഞ്ഞിനെയും മകന് അബ്ദുള്‍ ഗഫൂറിനെയും കളമശ്ശേരി സീറ്റില്‍ മത്സരിപ്പിക്കരുതെന്ന് ഇവര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇവര്‍ മത്സരിച്ചാല്‍ മണ്ഡലത്തില്‍ ജയസാധ്യത കുറവാണെന്നും ഇവരുടെ സ്ഥാനാര്‍ഥിത്വം മറ്റു മണ്ഡലങ്ങളെ ബാധിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്ലീം ലീഗ് കമ്മിറ്റികളുടെയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടെയും യോഗം ഇന്ന് മലപ്പുറത്ത് ചേര്‍ന്നിരുന്നു. യോഗത്തില്‍ കെഎം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസര്‍കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. കാസര്‍കോട് ജില്ലാ നേതാക്കള്‍ കെഎം ഷാജിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞ ദിവസം പാണക്കാട് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃയോഗത്തിലും എതിര്‍പ്പ് അറിയിച്ചത്.
അതേസമയം മഞ്ഞളാകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം ക്രോഡീകരിച്ച ശേഷമാകും ലീഗിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരികയെന്ന് നേതാക്കള്‍ അറിയിച്ചു. പത്താം തീയതിക്കുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.






