
കൊല്‍ക്കൊത്ത: മണ്ണിന്റെ മകള്‍ വാദമുയര്‍ത്തി പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ മുന്‍ വിശ്വസ്തനും നന്ദിഗ്രാമിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയുടെ "പുറംനാട്ടുകാരി" പ്രയോഗത്തിനു മറുപടിയുമായാണു മമത കളത്തിലിറങ്ങിയത്. "നിങ്ങള്‍ക്കു വേണ്ടെങ്കില്‍ ഞാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ല. നിങ്ങളുടെ മകളായി എന്നെ കണക്കാക്കുകയാണെങ്കില്‍ ഞാന്‍ മുന്നോട്ടു പോകും"-നന്ദിഗ്രാമിലെ തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. മമതാ ബാനര്‍ജി നന്ദിഗ്രാം മണ്ഡലത്തില്‍ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. "എന്നെ പുറംനാട്ടുകാരിയെന്നു വിളിക്കുന്നവര്‍ക്ക് ഗുജറാത്തില്‍നിന്നു വരുന്നവരാണ് നാട്ടുകാര്‍"; സുവേന്ദു അധികാരിയെ പേരെടുത്തു പരാമര്‍ശിക്കാതെ മമത വിമര്‍ശിച്ചു. ഇത്തവണ നന്ദിഗ്രാമില്‍നിന്നു താന്‍ ജനവിധി തേടുമെന്നു കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചതിനു പിന്നാലെയാണു വിമര്‍ശനവുമായി സുവേന്ദു രംഗത്തെത്തിയത്. സ്വയം മണ്ണിന്റെ മകനെന്നു വിശേഷിപ്പിച്ച അദ്ദേഹം, മമത പുറംനാട്ടുകാരിയെന്നു വിളിച്ചു. ഇടതു ഭരണകാലത്ത് സിങ്കൂരിലും നന്ദിഗ്രാമിലും നടന്ന ഭൂമിയേറ്റെടുക്കല്‍ ശ്രമമാണ് തൃമൂല്‍ കോണ്‍ഗ്രസിന്റെയും മമതയുടെയും രാഷ്ട്രീയ ജാതകം തിരുത്തിക്കുറിച്ചത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് 2011 ല്‍ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരത്തില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ മന്ത്രിസഭ അധികാരത്തിലെത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നു മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി 67.20 ശതമാനം വോട്ട് നേടിയാണ് നന്ദിഗ്രാമില്‍നിന്നു ജയിച്ചു കയറിയത്.






