
പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നു പാര്‍ട്ടി യോഗത്തില്‍ ഡി.എം.കെ. പതാക വീശി കോണ്‍ഗ്രസ് നേതാവ്.
കോണ്‍ഗ്രസ് പുതുച്ചേരി തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലായിരുന്നു മുതിര്‍ന്ന നേതാവ് എം.പി. വെങ്കിടേശന് സഖ്യകക്ഷിയുടെ പതാക വീശി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതേത്തുടര്‍ന്നു നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസ് ആസ്ഥാനത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. കോണ്‍ഗ്രസ് ഡി.എം.കെയ്ക്ക് അനാവശ്യമായി വഴങ്ങിയെന്നും അര്‍ഹിക്കുന്നതിലധികം സീറ്റ് വിട്ടുകൊടുത്തുമെന്നുമായിരുന്നു വെങ്കിടേശന്റെ ആരോപണം. "ഡി.എം.കെയുമായുള്ള സീറ്റു വിഭജനത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ഞാന്‍ പലവട്ടം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇത് അവഗണിക്കപ്പെടുകയും ഡി.എം.കെയ്ക്ക് അര്‍ഹിക്കുന്നതിലധികം പ്രാധാന്യം ലഭിക്കുകയും ചെയ്തു. എന്തു കൊണ്ടാണ് നാം അവര്‍ക്ക് വഴങ്ങിയത്? ഇത്രയും വര്‍ഷം പുതുച്ചേരിയില്‍ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സഖ്യത്തിനു നേതൃത്വം കൊടുക്കുന്നതില്‍നിന്നു പിന്നാക്കം പോകുന്നത്? ഈ സാഹചര്യത്തിലാണ് എന്റെ പ്രതിഷേധം."-വെങ്കിടേശന് പറഞ്ഞു. ഡി.എം.കെ, വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ.), സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.






