
കണ്ണൂര്‍: തലകുത്തി ശ്രമിച്ചിട്ടും ഇരിക്കൂറിലെ സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ പരിഹാരം കാണാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ കെ.സി. ജോസഫ് എം.എല്‍.എയും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസനും പങ്കെടുത്തു നടത്തിയ ചര്‍ച്ച കൃത്യമായ ഫോര്‍മുല മുന്നോട്ടുവയ്ക്കാനാകാതെ പരാജയപ്പെട്ടു. കെ.സി. വേണുഗോപാലിന്റെ അനുയായിയായ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ എ ഗ്രൂപ്പ് നേതാക്കളും.
ഹൈക്കമാന്‍ഡ് തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നേതൃത്വം പ്രതിഷേധക്കാരെ കണ്ടത്. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെയും ഇരിക്കൂര്‍ മണ്ഡലത്തിലെയും വികാരം ഹൈക്കമാന്‍ഡിനെ അറിയിക്കാനായിരുന്നു നേതാക്കളുടെ മറുപടി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ച സോണി സെബാസ്റ്റ്യന്‍, യു.ഡി.എഫ്. ചെയര്മാന് സ്ഥാനം രാജിവച്ച പി.ടി. മാത്യു, എം.പി. മുരളി, ഡോ.കെ.വി. ഫിലോമിന, എന്‍.പി. ശ്രീധരന്, മുഹമ്മദ് ബ്ലാത്തൂര്‍, സി. രഘുനാഥ്, പി. മാധവന്, ജോഷി കണ്ടത്തില്‍ തുടങ്ങിയ നേതാക്കളാണു ചര്‍ച്ചയ്ക്കെത്തിയത്. കെ.സുധാകരന് എം.പി, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, സണ്ണി ജോസഫ് എം.എല്‍.എ എന്നിവരെക്കൂടി കണ്ടശേഷം ചര്‍ച്ച തുടരാമെന്നു ഹസനും കെ.സി. ജോസഫും എ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചു. പ്രതിഷേധം തണുപ്പിക്കാന്‍ എ ഗ്രൂപ്പിനു ഡി.സി.സി പ്രസിഡന്റ് സ്ഥാനം എന്ന വാഗ്ദാനവും ചര്‍ച്ചയിലുയര്‍ന്നു. എന്നാല്‍, കൈയിലുള്ള ഡി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാന്‍ കെ. സുധാകരന് പക്ഷം തയാറാകില്ല. ഡി.സി.സി പ്രസിഡന്റാകാനില്ലെന്നു സോണി സെബാസ്റ്റ്യനും വ്യക്തമാക്കി.
വിജയസാധ്യതയുള്ള ആളെ ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സമയവായ ചര്‍ച്ചയ്ക്കെത്തിയ നേതാക്കളോട് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. സോണി സെബാസ്റ്റ്യന്റെ പേരും അവര്‍ നിര്‍ദേശിച്ചു. സജീവ് ജോസഫിന്റെ അപ്രതീക്ഷിത സ്ഥാനാര്ഥിത്വത്തിനു പിന്നില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്.
ഇരിക്കൂര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കെ സുധാകരന് എംപിയും ആവശ്യപ്പെട്ടു. അതേസമയം ഇനി ഇരിക്കൂറിലേക്കില്ലെന്നും, സമവായ സ്ഥാനാര്‍ഥിയായി താന്‍ വരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കെ.സി ജോസഫ് പറഞ്ഞു.
എ ഗ്രൂപ്പിന്റെ പ്രതിഷേധങ്ങള്‍ക്ക് കെ. സുധാകരന്റെ പിന്തുണ കൂടി ലഭിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ര്ടീയം കലങ്ങിമറിയുകയാണ്. സുധാകരനുമായി എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ്, പ്രാദേശിക വികാരം കണക്കിലെടുക്കണമെന്നും കെ.പി.സി.സിയുടെ തെറ്റ് കെ.പി.സി.സി തിരുത്തണമെന്നും സുധാകരന് നിലപാടെടുത്തത്.
പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു എന്ന പേരില്‍ സോണി സെബാസ്റ്റ്യനും സജീവ് ജോസഫും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം മാസങ്ങള്‍ക്കു മുമ്പുള്ള പരിപാടിയിലേതാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നഹ്നത്തില്‍ മത്സരിക്കുന്നത് ആരായാലും പിന്തുണയ്ക്കാനും പ്രചാരണം നടത്താനുമാണു മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ തീരുമാനം.
സജീവ് ജോസഫിന്റെ സ്വീകരണ പരിപാടികളില്‍ ലീഗ് സജീവമായി പങ്കെടുക്കുന്നുമുണ്ട്. അപ്പോഴും പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനില്‍ക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. ഇരിക്കൂര്‍ മണ്ഡലത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറി, കണ്ണൂര്‍, പേരാവൂര്‍ സീറ്റുകളിലും പ്രതിഫലിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്.






