
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കലങ്ങിമറിഞ്ഞ കോണ്‍ഗ്രസിനു പിടിവള്ളിയായി ആര്.എസ്.എസ്. സൈദ്ധാന്തികന്‍ ആര്. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍.
ബാലശങ്കര്‍ വെളിപ്പെടുത്തിയ സി.പി.എം-ബി.ജെ.പി. ബാന്ധവം പ്രചാരണത്തില്‍ പ്രധാനായുധമാക്കും. ഏറ്റുമാനൂരില്‍ ലതികാ സുഭാഷിന്റെ പ്രതിഷേധം പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതിഛായാനഷ്ടത്തെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിനെ പിന്തുണച്ച് നികത്താനും നീക്കം.
അതേസമയം, പിടിവള്ളികള്‍ വീണുകിട്ടുമ്പോഴും കോണ്‍ഗ്രസിലെ പ്രതിഷേധങ്ങളും തുടരുന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉള്‍പ്പെടെ പ്രശ്നപരിഹാരമായില്ല. നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയാകാന്‍ മൂന്നുദിവസം മാത്രം ശേഷിക്കുമ്പോഴാണ് ഈയവസ്ഥ. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രധാനമായും ഉന്നയിച്ച ആരോപണങ്ങളിലൊന്ന് യു.ഡി.എഫ്-ബി.ജെ.പി. കൂട്ടുകെട്ടായിരുന്നു. അതിനുപകരം കഴിഞ്ഞ കുറേനാളായി 10 മണ്ഡലങ്ങളില്‍ ഇടതുമുന്നണി-ബി.ജെ.പി. നീക്കുപോക്കെന്ന ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്നു. അതിന് ഇതുവരെ വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ലെങ്കിലും ബാലശങ്കറിന്റെ വെളിപ്പെടുത്തലോടെ കളം മാറി. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇപ്പോള്‍ അതു പ്രചാരണായുധമാണ്. കഴിഞ്ഞ കുറേക്കാലമായി മുസ്ലിം വിഭാഗങ്ങള്‍ സി.പി.എമ്മിനോട് അടുക്കുന്നതു തടയാന്‍ ബാലശങ്കറിന്റെ ആരോപണം ഗുണകരമാകുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
സാധ്യതകള്‍ തുറന്നുകിട്ടുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. പാലക്കാട് എ.വി. ഗോപിനാഥ് ഉയര്‍ത്തിയ പ്രതിഷേധം കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടി ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍, അവിടെ മറ്റ് ചില നേതാക്കളുടെ പ്രതിഷേധമുണ്ട്. ഇരിക്കൂറിലെ പ്രശ്നം പരിഹരിക്കാനും ഉമ്മന്‍ ചാണ്ടി ഇടപെട്ടുവരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലും പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. അതേസമയം, നേതൃതലത്തില്‍ ഉയര്‍ന്ന പോര്‍വിളികള്‍ക്കു ഹൈക്കമാന്‍ഡ് കര്‍ശനമായി തടയിട്ടെന്നാണു സൂചന.
ആര്. സുരേഷ്






