
കോയമ്പത്തുര്: കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കുന്ന മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികൂടിയായ ചലച്ചിത്രതാരം കമല്‍ ഹാസന്റെ കാലിനു പരുക്ക്. സെല്‍ഫിയെടുക്കാനുള്ള അണികളുടെ തിരക്കാണു താരത്തിനു തിരിച്ചടിയായത്. ആര്.എസ്. പുരം മാര്‍ക്കറ്റില്‍ പ്രചാരണം നടത്തവേയാണ് അണികളുടെ ആവേശം അതിരുവിട്ടത്. ഏതാനും നാള് മുമ്പ് അദ്ദേഹത്തിന്റെ കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
തിരക്കിനിടെ കാലില്‍ ചവിട്ടേറ്റതാണു പരുക്കിനു കാരണമായത്. അദ്ദേഹത്തിനു ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഏതാനും ദിവസത്തെ വിശ്രമം ആവശ്യമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അണികളുടെ ആരാധനയ്ക്കു നടുവിലാണു കമലിന്റെ പ്രചാരണം. ഓട്ടോറിക്ഷയില്‍ പ്രചാരണം നടത്തിയ അദ്ദേഹത്തിനു പിന്നാലെ യുവാക്കള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞത് സുരക്ഷാഭീഷണിയായിരുന്നു. ആരാധകരുടെ ആവേശം അതിരുവിടാതിരിക്കാന്‍ താരത്തിന്റെ പ്രചാരണ ശൈലിയില്‍ മാറ്റം വരുത്താനാണു മക്കള്‍ നീതി മയ്യത്തിന്റെ തീരുമാനം. യാത്രയ്ക്കായി കൂടുതലായി ഹെലികോപ്റ്ററിനെ ആശ്രയിക്കും. കഴിഞ്ഞ ദിവസം തിരുപ്പുരില്‍ ആരാധകര്‍ക്കു മുന്നില്‍ അദ്ദേഹം നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിജയമായെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോവിഡ് ഭീഷണികൂടി കണക്കിലെടുത്താകും പുതിയ ശൈലി. അണികളില്‍നിന്നു സുരക്ഷാ അകലം പാലിച്ചു കമലിനെ പ്രസംഗവേദികളിലുമെത്തിക്കും.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് 3.77 ശതമാനം വോട്ടാണു ലഭിച്ചത്. ഇക്കുറി നടന് ശരത് കുമാറിന്റെ ഓള് ഇന്ത്യ സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവ കമലിന്റെ പാര്‍ട്ടിക്കൊപ്പമുണ്ട്. അതേസമയം, പരുക്കേറ്റ താരത്തിനു മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി വനതി ശ്രീനിവാസന് ആശംസ നേര്‍ന്നു. പഴങ്ങള്‍ നിറച്ച കുട്ടയാണ് അദ്ദേഹത്തിനു സമ്മാനിച്ചത്.






